'സഭ്യത ഒരു സംസ്‌കാരമാണ്, ഞാൻ അതിനൊപ്പം'; പൃഥ്വിരാജിനു പിന്തുണയുമായി പ്രിയദർശൻ
സഭ്യമല്ലാത്ത രീതിയിലുള്ള വിമർശനങ്ങൾ ആരു ചെയ്താലും അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രിയദർശൻ പറഞ്ഞു
ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്റെ പേരിൽ നടൻ പൃഥ്വിരാജിനെതിരെ നടക്കുന്ന സംഘ്പരിവാർ സൈബർ ആക്രമണത്തെ വിമർശിച്ച് സംവിധായകൻ പ്രിയദർശൻ. സഭ്യമല്ലാത്ത രീതിയിലുള്ള വിമർശനങ്ങൾ ആരു ചെയ്താലും അംഗീകരിക്കാൻ കഴിയില്ലെന്ന് ജനം ടിവി മുൻ ചെയർമാൻ കൂടിയായ പ്രിയദർശൻ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രിയദർശൻ പൃഥ്വിരാജിന് പിന്തുണ അറിയിച്ചത്. സമൂഹത്തിൽ ജീവിക്കുന്ന ഓരോ മനുഷ്യനും ചുറ്റുപാടും നടക്കുന്ന എല്ലാ പ്രശ്നങ്ങളെക്കുറിച്ചും സ്വന്തമായ അഭിപ്രായങ്ങളും നിലപാടുകളും ഉണ്ടാവും. ഒരു ജനാധിപത്യ സമൂഹത്തിന്റെ ആരോഗ്യം അത്തരം അഭിപ്രായങ്ങൾ തുറന്നുപറയാനുള്ള സ്വാതന്ത്ര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലക്ഷദ്വീപിൽ ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് നടൻ പൃഥ്വിരാജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായവും നിലപാടുമാണ്. അത് പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. തീർച്ചയായും ആ അഭിപ്രായത്തോട് വിയോജിക്കുന്നവർ ഉണ്ടാകാം. വിയോജിക്കുന്നതിനും നമുക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ സഭ്യമല്ലാത്ത രീതിയിൽ അതിനോട് പ്രതികരിക്കുന്നത് ആരു ചെയ്താലും അംഗീകരിക്കാൻ വയ്യ-ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
സഭ്യത എന്നത് ഒരു സംസ്‌കാരമാണ്. ഞാൻ ആ സംസ്‌കാരത്തോടൊപ്പമാണ്. പൃഥ്വിരാജിന് നേരെയുണ്ടായ സഭ്യമല്ലാത്ത പ്രതികരണത്തെ സംസ്‌കാരവും ജനാധിപത്യബോധവുമുള്ള എല്ലാവരെയും പോലെ ഞാനും തള്ളിക്കളയുന്നു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16