Quantcast

പ്രശ്‌നങ്ങൾ പരിഹരിച്ചു, ഐ.എൻ.ടി.യു.സി പാർട്ടിയുടെ അവിഭാജ്യ ഘടകം: കെ. സുധാകരൻ

ഐ.എൻ.ടി.യു.സി കോൺഗ്രസിന്റെ സ്വന്തമാണെന്ന് സതീശൻ പറഞ്ഞിരുന്നതായി സുധാകരൻ

MediaOne Logo

Web Desk

  • Updated:

    2022-04-04 14:04:17.0

Published:

4 April 2022 11:53 AM GMT

പ്രശ്‌നങ്ങൾ പരിഹരിച്ചു, ഐ.എൻ.ടി.യു.സി പാർട്ടിയുടെ അവിഭാജ്യ ഘടകം: കെ. സുധാകരൻ
X

ഐ.എൻ.ടി.യു.സിയുമായുള്ള തർക്കം പരിഹരിച്ചിട്ടുണ്ടെന്നും ഐ.എൻ.ടി.യു.സി കോൺഗ്രസ് പാർട്ടിയുടെ അവിഭാജ്യ ഘടകമാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി കൂടിക്കാഴ്ച്ച നടത്തിയതിനു പിന്നാലെയാണ് കെ.പി.സി.സി പ്രസിഡന്റിന്റെ പ്രതികരണം. വിഷയത്തിൽ കോട്ടയം ഡി.സി.സി അധ്യക്ഷൻ നാട്ടകം സുരേഷിനോട് വിശദീകരണം തേടുമെന്നും സുധാകരൻ അറിയിച്ചു.

ഐ.എൻ.ടി.യു.സി കോൺഗ്രസിന്റെ സ്വന്തമാണെന്ന് സതീശൻ പറഞ്ഞിരുന്നതായി സുധാകരൻ വ്യക്തമാക്കി. തർക്കമുണ്ടാക്കിയത് മാധ്യമങ്ങളാണ്, കേരളത്തിൽ ഐ. എൻ.ടി.യു.സി പ്രവർത്തനം മാതൃകാപരമാണെന്നും പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തവർക്കെതിരെ നടപടിയുണ്ടാകുമെന്നും കെ.പി.സി.സി പ്രസിഡന്റ് കൂട്ടിച്ചേർത്തു. കെ വി തോമസുമായി വ്യക്തിപരമായി നല്ല ബന്ധമാണുള്ളതെന്നും സുധാകരൻ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ ഐ.എൻ.ടി.യു.സി നടത്തിയ പ്രകടനങ്ങൾ കെപിസിസി പരിശോധിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. നിലവിലെ തർക്കം അനാവശ്യമാണെന്നും പ്രശ്നം ആവശ്യമില്ലാതെ നീട്ടി കൊണ്ടു പോകുകയാണെന്നുമായിരുന്നു ശശി തരൂർ എംപിയുടെ പ്രതികരണം. അതേസമയം സമരങ്ങൾ വേണ്ടെന്ന് പറയുന്നത് മുതലാളിത്ത ചിന്താഗതിയാണെന്ന വിമർശനത്തിലൂടെ ഒളിയമ്പുമായി കെ.വി തോമസും രംഗത്തെത്തിയത് പ്രതിപക്ഷ നേതാവിനെയും കെ.പി.സ.സിയെയും വെട്ടിലാക്കി. ചങ്ങനാശേരിക്ക് പിന്നാലെ കഴക്കൂട്ടത്തും പ്രതിപക്ഷ നേതാവിനെതിരെ ഐ.എൻ.ടി.യു.സി പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെയാണ് തർക്കം കെ.പി.സി.സി ഗൗരവത്തിലെടുത്തത്.

പ്രകടനത്തിൽ പങ്കെടുത്ത കോൺഗ്രസ് അംഗങ്ങൾക്കെതിരെ അച്ചടക്ക നടപടി വേണമെന്നാണ് സതീശനെ പിന്തുണയ്ക്കുന്നവരുടെ നിലപാട്. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനകളിൽ വ്യക്തത വേണമെന്ന് ഐ.എൻ.ടി.യു.സിയും കെ.പി.സി.സി നേത്യത്വത്തോട് ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധങ്ങൾക്കിടെ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസിന്റെ വാക്കുകൾ വിഡി സതീശനുള്ള വിമർശനമായി മാറി.

TAGS :

Next Story