"എന്റെ മനസിലെ ഒന്നാംപ്രതി സവാദല്ല": യഥാർഥ പ്രതികൾ കാണാമറയത്തെന്ന് പ്രൊഫ. ടി ജെ ജോസഫ്
തന്നെ ആക്രമിക്കാൻ നിർദ്ദേശിച്ചവരിലേക്ക് എത്താൻ നിയമസംവിധാനത്തിന് ആകില്ലെന്നും ടി.ജെ ജോസഫ് പറഞ്ഞു
13 വർഷത്തിന് ശേഷം പ്രതിയെ പിടികൂടിയതിൽ പൗരൻ എന്ന നിലയിൽ അഭിമാനമെന്ന് പ്രഫസർ ടി.ജെ.ജോസഫ്. പ്രതിയെ പിടിച്ചതിൽ, ഇര എന്ന നിലയിൽ കൗതുകമില്ല. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ മാത്രമാണ് പിടിയിലായത്. തന്നെ ആക്രമിക്കാൻ നിർദ്ദേശിച്ചവരിലേക്ക് എത്താൻ നിയമസംവിധാനത്തിന് ആകില്ലെന്നും ടി.ജെ ജോസഫ്.
"13 വർഷക്കാലം പിടികിട്ടാതിരുന്ന ഒരാൾ ഇപ്പോൾ കസ്റ്റഡിയിലാവുക എന്നുള്ളത് അഭിമാനാർഹമായ സംഗതിയാണ്. ഏതൊരു പൗരനെയും പോലെയുള്ള വാർത്താ കൗതുകം മാത്രമേ ഇക്കാര്യത്തിൽ എനിക്കുള്ളൂ. മാത്രമല്ല, മുഖ്യപ്രതി ഒന്നാം പ്രതി എന്നൊക്കെ ഈ പ്രതിയെ വിശേഷിപ്പിക്കുമ്പോൾ എന്റെ മനസിലുള്ള മുഖ്യപ്രതികളും ഒന്നാം പ്രതികളുമൊന്നും ഇദ്ദേഹമല്ല.
ഇദ്ദേഹത്തെ പോലെ എന്നെ ആക്രമിക്കാൻ വന്നവരോ അല്ല. എന്നെ ആക്രമിക്കാൻ തീരുമാനം എടുത്തവരും അതിന് വേണ്ടിയിട്ട് ഇവരെ അയച്ചവരുമാണ് ഈ കേസിലെ മുഖ്യപ്രതികളെന്നാണ് ഞാൻ ധരിച്ചിരിക്കുന്നത്. അവരെയൊന്നും ഈ കേസിൽ ഉൾപ്പെടുത്തുകയോ കേസിന്റെ വഴികളിൽ നമുക്കവരെ കണ്ടുമുട്ടാനോ സാധിക്കുന്നില്ല. അവരിപ്പോഴും കാണാമറയത്ത് തന്നെയാണ്. അത് കണ്ടെത്തി നിരോധിക്കാത്തിടത്തോളം കാലം ഇത്തരം ക്രിമിനൽ കേസുകളും തീവ്രവാദ കേസുകളും തുടർന്നുകൊണ്ടേയിരിക്കും എന്നുതന്നെയാണ് എന്റെ പക്ഷം"
കൈവെട്ടിയ കേസിലെ ഒന്നാംപ്രതി അശമന്നൂർ സവാദ് കണ്ണൂരിൽ നിന്നാണ് എൻഐഎയുടെ പിടിയിലായത്. 2010 ജൂലൈ നാലിനാണ് കേസിനാസ്പദമായ സംഭവം. ചോദ്യപേപ്പറില്‍ മതനിന്ദയുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രൊഫ.ടി.ജെ ജോസഫിന് നേരെയുണ്ടായ ആക്രമണം. കേരള പൊലീസ് അന്വേഷിച്ച കേസ് 2011 മാര്‍ച്ച് 9ന് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു.
കേസിലെ ഒന്നാം പ്രതിയും പോപുലർ ഫ്രണ്ട് മുൻ പ്രവർത്തകനുമായ സവാദ് സംഭവദിവസം തന്നെ ഒളിവിൽ പോയിരുന്നു. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് പത്ത് ലക്ഷം രൂപയാണ് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. കണ്ണൂർ മട്ടന്നൂരിലെ വാടകവീട്ടിൽ മരപ്പണിക്കാരനായി ഒളിവിൽ കഴിയുകയായിരുന്നു സവാദ്. രണ്ടുദിവസം നിരീക്ഷിച്ച ശേഷമാണ് ഇന്ന് ഇയാളെ എൻഐഎ സംഘം പിടികൂടിയത്. ഇന്ന് വൈകുന്നേരത്തോടെ കൊച്ചിയിലെ കോടതിയിൽ സവാദിനെ ഹാജരാക്കും.
Adjust Story Font
16