പിഎഫ്ഐ നിരോധനം: മുസ്‌ലിം ലീഗിൽ അഭിപ്രായ വ്യത്യാസമില്ലെന്ന് പി.എം.എ സലാം
മുസ്‌ലിം ലീഗിൽ ഭിന്നതയില്ലെന്നും ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കിയത് മാധ്യമങ്ങളാണെന്നും എംകെ മുനീറും പ്രതികരിച്ചു
കോഴിക്കോട്: പിഎഫ്ഐ നിരോധനത്തിൽ മുസ്‌ലിം ലീഗിൽ അഭിപ്രായ വ്യത്യാസമില്ലെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം. മുസ്ലിം ലീഗ് നിരോധനത്തിൽ സംശയമുണ്ടെന്ന് നേരത്തെ തന്നെ പി.എം.എ സലാം വ്യക്തമാക്കിയിരുന്നു. പി.എഫ്.ഐയെ മാത്രം ഏകപക്ഷീയമായി നിരോധിച്ചത് ശരിയല്ല. നിരോധനമല്ല പരിഹാരമാര്‍ഗം. ആശയപരമായി ഒരു സംഘടനയെ തകര്‍ക്കാന്‍ നിരോധനം കൊണ്ട് പറ്റില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പോപ്പുലര്‍ ഫ്രണ്ടിന്റെ ആരംഭകാലം മുതല്‍ അവരെ നിശിതമായി എതിര്‍ത്തുകൊണ്ടിരിക്കുന്ന ഏക രാഷ്ട്രീയ പാര്‍ട്ടി മുസ്ലീം ലീഗാണ്. വര്‍ഗീയപ്രവര്‍ത്തനങ്ങള്‍, വിഭാഗീയ പ്രവര്‍ത്തനങ്ങള്‍, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ എന്നിവ പറഞ്ഞാണ് നിരോധിച്ചത്. ഇതെല്ലാം ഇതിലും രൂക്ഷമായി ചെയ്യുന്ന സംഘടനകള്‍ ഇന്ത്യാ രാജ്യത്തുണ്ട്.
അവരെയൊന്നും തൊടാതെ ആർഎസ്എസ് പോലെയുള്ള സംഘടനകളെ പ്രോത്സാഹിപ്പിച്ച് അവരുടെ കുറ്റകൃത്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ഗവണ്‍മെന്‌റ് പി.എഫ്.ഐയെ മാത്രം തൊടുമ്പോള്‍ അത് ഏകപക്ഷീയമായമാണെന്ന് പറയാതിരിക്കാൻ കഴിയില്ലെന്നും സലാം പറഞ്ഞു.
പി.എഫ്.ഐ നിരോധനത്തെ സ്വാഗതം ചെയ്‌ത നിലപാടിൽ മാറ്റമില്ലെന്ന എംകെ മുനീറിന്റെ പ്രതികരണത്തിന് പിന്നാലെയായിരുന്നു പിഎംഎ സലാമിന്റെ പ്രതികരണം. അതേസമയം, വിഷയത്തിൽ മുസ്‌ലിം ലീഗിൽ ഭിന്നതയില്ലെന്നും ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കിയത് മാധ്യമങ്ങളാണെന്നും എംകെ മുനീറും പ്രതികരിച്ചു.
Adjust Story Font
16