Quantcast

ആക്രമണം നടത്തിയത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന; നിരോധനാജ്ഞ പ്രഖ്യാപിച്ചു

അപകടകാരിയായ കാട്ടാനയെ പിടികൂടാന്‍ കൂടുതൽ ദൗത്യസംഘത്തെ അയച്ചതായി വനം മന്ത്രി എ.കെ ശശീന്ദ്രന്‍

MediaOne Logo

Web Desk

  • Published:

    10 Feb 2024 3:49 AM GMT

ആക്രമണം നടത്തിയത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന; നിരോധനാജ്ഞ പ്രഖ്യാപിച്ചു
X

കല്‍പറ്റ/കോഴിക്കോട്: കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്കന്‍റെ മരണത്തിനു പിന്നാലെ വയനാട് പയ്യമ്പള്ളിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. റേഡിയോ കോളർ ഘടിപ്പിച്ച അപകടകാരിയായ കാട്ടാനയുടെ സാന്നിധ്യം തുടരുന്നതിനാലാണു നടപടി. പ്രദേശത്തേക്ക് കൂടുതൽ ദൗത്യസംഘത്തെ അയച്ചതായി വനം മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു.

മാനന്തവാടി മുനിസിപ്പാലിറ്റിയിലെ കുറുക്കൻമൂല, കുറുവ, കാടൻകൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിലാണു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അടിയന്തര പ്രാധാന്യമുള്ളതിനാൽ വാക്കാലുള്ള നിർദേശമാണ് നിലവിൽ പ്രഖ്യാപിച്ചത്. പൊതുജനം ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വയനാട്ടിലെ ആശങ്കയ്ക്കു പരിഹാരം കാണുമെന്ന് വനം മന്ത്രി അറിയിച്ചു. ഏറെ ഉൽക്കണ്ഠ ഉണ്ടാക്കുന്ന വാർത്തകളാണ് വയനാട്ടിൽനിന്നു വരുന്നത്. വനം വകുപ്പ് ചെയ്യാനുള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും അതിന്‍റെ പ്രയോജനം പലതും ജനങ്ങൾക്ക് കിട്ടുന്നില്ല. കൂടുതൽ ദൗത്യസംഘത്തെ അയച്ച് ഇപ്പോഴത്തെ അവസ്ഥ പരിഹരിക്കും. ആനയെ കാട്ടിലേക്ക് തിരിച്ചയയ്ക്കാനുള്ള ശ്രമമാണു നോക്കുന്നതെന്നും മന്ത്രി ശശീന്ദ്രന്‍ അറിയിച്ചു.

ഇപ്പോൾ പരിഗണന ആനയെ കാട്ടിലേക്കു തിരിച്ചയയ്ക്കാനാണെന്നും മന്ത്രി വ്യക്തമാക്കി. കൂടുതൽ ആളപായം ഇല്ലെന്ന് ഉറപ്പാക്കണം. ഉന്നതതല യോഗം ഉടൻ ചേരും. മയക്കുവെടി വയ്‍ക്കുന്നത് അവസാന ശ്രമമായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

ഇന്നു രാവിലെ 7:30ഓടെയാണ് പയ്യമ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടത്. കുറുവ ദ്വീപിനു സമീപം ചാലിഗദ്ദ ഊരിലെ പനച്ചിയിൽ അജിക്കാണു ദാരുണാന്ത്യം.

കർണാടക വനാതിര്‍ത്തിയിൽനിന്ന് എത്തിയ റേഡിയോ ഘടിപ്പിച്ച കാട്ടാനയാണ് ആക്രമിച്ചത്. വീട്ടുമുറ്റത്താണ് ആക്രമണം നടന്നത്. ഗുരുതരമായി പരിക്കേറ്റ അജിയെ മാനന്തവാടി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ജനങ്ങള്‍ കടുത്ത പ്രതിഷേധത്തിലാണ്. കാട്ടാനയെ ഉടന്‍ പിടികൂടണമെന്നാണു നാട്ടുകാരുടെ ആവശ്യം.

Summary: After the death of a middle-aged man in a wild elephant attack, a prohibitory order was announced in Payyampally, Wayanad

TAGS :

Next Story