നോളജ് സിറ്റി അധികൃതരുടേത് തെറ്റായ പ്രചാരണമെന്ന് ഭൂവുടമകൾ
നോളജ് സിറ്റിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഉടനുണ്ടാകുമെന്നും ഭൂവുടമകൾ
തോട്ടഭൂമിയിലെ നിർമാണപ്രവർത്തനങ്ങളെക്കുറിച്ച് മർക്കസ് നോളജ് സിറ്റി അധികൃതർ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് ഭൂവുടമകൾ. നോളജ് സിറ്റിയുടെ കൈവശമുള്ളതടക്കം കോടഞ്ചേരി വില്ലേജിലെ 1040 ഏക്കർ ഭൂമി പാട്ടക്കാലാവധി കഴിഞ്ഞ ശേഷം തിരിച്ചേൽപിച്ചിരുന്നില്ലെന്നും തുടർന്നാണ് നിയമപോരാട്ടം നടത്തേണ്ടി വന്നതെന്നും ഭൂമിയുടെ അവകാശമുള്ളവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നോളജ് സിറ്റിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഉടനുണ്ടാകുമെന്നും ഭൂവുടമകളായ കെ. രാധാകൃഷ്ണൻ, കെ. ബാബു, വിശ്വനാഥൻ എന്നിവർ പറഞ്ഞു.
2013ൽ കോഴിക്കോട് സബ് കോടതിയിൽ കേസ് ഫയൽ ചെയ്യുന്ന സമയത്ത് നോളജ് സിറ്റിക്ക് 20 ഏക്കറിൽ കുറഞ്ഞ ഭൂമി മാത്രമാണുണ്ടായിരുന്നത്. പിന്നീട് നൂറുക്കണക്കിന് ഏക്കർ ഭൂമി അവർ വാങ്ങിക്കൂട്ടി. പരാതി നൽകിയവർ മാഫിയസംഘത്തിന്റെ വലയിലാണെന്നും പണം കിട്ടാൻ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നുവെന്നുമുള്ള അബ്ദുൽ ഹക്കീം അസ്ഹരിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും ദുരുദ്ദേശ്യപരവുമാണ്.
അബ്ദുൽ ഹക്കീം പ്രതിനിധീകരിക്കുന്ന രണ്ട് കമ്പനികൾ പട്ടയത്തിനായി അപേക്ഷിച്ചപ്പോൾ കാർഷികാവശ്യത്തിന് മാത്രമെ ഭൂമി ഉപയോഗിക്കൂവെന്ന് സത്യവാങ്മൂലം നൽകിയിരുന്നു. 1040 ഏക്കർ ഭൂമിക്ക് ഒരു അടിയാധാരം മാത്രമാണുള്ളത്. തോട്ടഭൂമിയായ നോളജ്സിറ്റിയിൽ ഒരുതരത്തിലുള്ള നിർമാണപ്രവർത്തനങ്ങളും പാടില്ല. നോളജ്സിറ്റി പോലെയുള്ളവ നാടിനാവശ്യമാണെങ്കിലും തങ്ങൾക്ക് അവകാശപ്പെട്ട ഭൂമി തട്ടിയെടുത്താകരുതെന്നും ഭൂവുടമകൾ പറഞ്ഞു.
Adjust Story Font
16