കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി
ആദ്യ അഞ്ച് പ്രതികള്‍ തട്ടിപ്പിലൂടെ സമ്പാദിച്ച 30 കോടി വിലമതിക്കുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി. ത്യശ്ശുർ വിജിലൻസ് കോടതിയാണ് സ്വത്ത് കണ്ടുകെട്ടാൻ ഉത്തരവിട്ടത്. ആദ്യ അഞ്ച് പ്രതികള്‍ തട്ടിപ്പിലൂടെ സമ്പാദിച്ച 30 കോടി വിലമതിക്കുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കേസിലെ ഒന്നാം പ്രതി ഒഴികെയുളള അഞ്ച് പേരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഒന്നാം പ്രതി തട്ടിപ്പിലൂടെ സ്വത്ത് സമ്പാദനം നടത്തിയിട്ടില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇയാളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാത്തത്.
കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പിനിരയായ നിക്ഷേപകർക്ക് ഒക്ടോബർ 15 മുതൽ തുക തിരിച്ചു നൽകുമെന്ന് സർക്കാർ അറിയിച്ചിരുന്നു. ഹൈക്കോടതിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. സർക്കാർ തയ്യാറാക്കിയ സ്കീം പ്രകാരമാണ് പണം തിരികെ നൽകുക. കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് തൃശൂർ മാപ്രാണം സ്വദേശി ജോഷി ആന്റണിയടക്കമുള്ളവർ നൽകിയ ഹരജികളിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.
സ്ഥിരം നിക്ഷേപത്തുകയുടെ പത്തു ശതമാനവും പലിശയുടെ 50 ശതമാനവും തുകയാണ് തൽക്കാലം തിരിച്ചു നൽകുക. ബാങ്കിൽനിന്ന് വായ്പ കുടിശികയായതിനെ തുടർന്നുള്ള നടപടികൾ തടയണമെന്നാവശ്യപ്പെട്ട് വായ്പയെടുത്തവർ നൽകിയ ഹരജികളും സിംഗിൾ ബെഞ്ച് ഇതോടൊപ്പം പരിഗണിച്ചിരുന്നു.
ബാങ്കിന്റെ പ്രതിസന്ധി പരിഹരിക്കാൻ ആഗസ്റ്റ് 24ന് സർക്കാർ 10 കോടി രൂപ അനുവദിച്ചിരുന്നു. റിസ്ക് ഫണ്ടിൽ നിന്നാണ് പണം അനുവദിച്ചത്. ഇത് താൽക്കാലിക ആശ്വാസം മാത്രമാണെന്നും ശാശ്വതമായ പരിഹാരം ഉണ്ടാക്കുമെന്നും മന്ത്രി വി എൻ വാസവൻ അറിയിച്ചിരുന്നു. കേരളാ ബാങ്കിൽ നിന്നടക്കം വായ്പ സ്വീകരിച്ച് നിക്ഷേപകർക്ക് പണം തിരിച്ചുനൽകുമെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
2021 ജൂലൈ 14 ലാണ് കരുവന്നൂർ സഹകരണ ബാങ്കിലെ വൻ തട്ടിപ്പ് പുറത്തുവന്നത്. പല ആവശ്യങ്ങൾക്കായി ബാങ്കിൽ നിരവധി പേർ നിക്ഷേപിച്ച 312 കോടിയിലധികം രൂപയാണ് തട്ടിയെടുത്തത്.
Adjust Story Font
16