മദ്രസകൾ അടച്ചുപൂട്ടാനുള്ള നിർദേശം മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണം: കെ.സുധാകരൻ എംപി
ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദേശം ഭരണഘടനാവിരുദ്ധവും പൗരൻമാരുടെ മൗലികാവകാശ ലംഘനവുമാണെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു.
തിരുവനന്തപുരം: രാജ്യത്തെ മദ്രസകൾ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദേശം ഭരണഘടന ഉറപ്പ് നൽകുന്ന തൃല്യത്ക്കും മതസ്വാതന്ത്ര്യത്തിനും എതിരായ നഗ്‌നമായ കടന്നാക്രമണമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.
ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദേശം ഭരണഘടനാവിരുദ്ധവും പൗരൻമാരുടെ മൗലികാവകാശ ലംഘനവുമാണ്. ഈ നിർദേശം സംഘ്പരിവാർ അജണ്ടയുടെ ഭാഗമാണ്. ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങളുടെ ഭാഗമാണ് മദ്രസകളുടെ ധനസഹായം നിർത്തലാക്കാനുള്ള തീരുമാനം. കേരളത്തിലുൾപ്പെടെ ഭൂരിഭാഗം മദ്രസകളും പ്രവർത്തിക്കുന്നത് സർക്കാരിന്റെ സാമ്പത്തിക സഹായം ഇല്ലാതെയാണ്. മത പഠനത്തോടൊപ്പം സ്‌കൂൾ വിദ്യാഭ്യാസവും കുട്ടികൾക്ക് ലഭിക്കുന്നുണ്ട്. ന്യൂനപക്ഷ വിദ്യാർഥികളുടെ സ്‌കോളർഷിപ്പിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കേന്ദ്ര സർക്കാരിന്റെ മറ്റൊരു മുസ്‌ലിം വിരുദ്ധ നടപടിയാണിത്. നാടിന്റെ ബഹുസ്വരതയെയും സൗഹൃദാന്തരീക്ഷവും തകർത്ത് ഏകശിലാ ക്രമത്തിലുള്ള രാജ്യം സൃഷ്ടിക്കാനുള്ള സംഘ്പരിവാർ നീക്കം ഒരു കാരണവശാലും അനുവദിക്കില്ലെന്നും കെ.സുധാകരൻ പറഞ്ഞു.
Adjust Story Font
16