കെമിക്കൽ എക്സാമിനർ കൂറുമാറി; വിദേശവനിതയുടെ കൊലപാതകക്കേസിൽ പ്രോസിക്യൂഷന് കനത്ത തിരിച്ചടി
വിദേശവനിതയുടെ ആന്തരികാവവയത്തിൽ പുരുഷബീജം കണ്ടെത്തിയില്ലെന്ന് കെമിക്കൽ എക്സാമിനർ പി.ജി. അശോക് കുമാർ മൊഴി നൽകിയതാണ് തിരിച്ചടിയായത്
തിരുവനന്തപുരം: കോവളത്ത് വിദേശവനിതയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിന്റെ വിചാരണയിൽ പ്രോസിക്യൂഷന് കനത്ത തിരിച്ചടി. വിദേശവനിതയുടെ ആന്തരികാവവയത്തിൽ പുരുഷബീജം കണ്ടെത്തിയില്ലെന്ന് കെമിക്കൽ എക്സാമിനർ പി.ജി. അശോക് കുമാർ മൊഴി നൽകിയതാണ് തിരിച്ചടിയായത്. ഇതോടെ കേസിലെ നിർണായക ശാസ്ത്രീയ തെളിവുകളിൽ പ്രോസിക്യൂഷൻ പരാജയപ്പെടുകയായിരുന്നു. തുടർന്ന് മൊഴി നൽകിയ ചീഫ് കെമിക്കൽ എക്സാമിനർ കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു.
കെമിക്കൽ എക്‌സാമിനർ മൊഴി മാറ്റിയതോടെ വിദേശ വനിത പീഡനത്തിന് ഇരയായി എന്ന വാദത്തിനാണ് തിരിച്ചടിയേറ്റത്. ബലാത്സംഗം ചെയ്ത ശേഷം ക്രൂരമായി കൊലപ്പെടുത്തി എന്നാണ് അന്വേഷണം സംഘം കണ്ടെത്തിയത്. കൊല്ലപ്പെട്ട വനിതയുടെ നെഞ്ചിലെ അസ്ഥിക്കുള്ളിൽ കണ്ടെത്തിയ ഡയാറ്റം എന്ന സൂക്ഷ്മ ജീവിയുടെ അംശം മുങ്ങിമരണം കൊണ്ട് സംഭവിക്കുന്നതല്ലേയെന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിനും കെമിക്കൽ എക്സാമിനർക്ക് അനുകൂല മറുപടിയായിരുന്നു. ഇതോടെ പ്രോസിക്യൂഷൻ അഭ്യർത്ഥന പ്രകാരം കെമിക്കൽ എക്സാമിനർ കൂറുമാറിയതായി പ്രഖ്യാപിച്ചു.
വാഴമുട്ടം സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയൻ, കെയർ ടേക്കർ സ്ഥാപനത്തിലെ ജീവനക്കാരനായ ഉമേഷ് എന്നിവരാണ് കേസിലെ പ്രതികൾ. ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. കെ. ബാലകൃഷ്ണനാണ് കേസ് പരിഗണിച്ചത്.
Adjust Story Font
16