പ്രതികൾ സാധാരണക്കാരല്ല; സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് ക്രിമിനൽ കേസുണ്ട്: ദിലീപിന്റെ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ
ദിലീപിന്റേത് ഗൂഢാലോചനയല്ല ശാപവാക്കുകൾ മാത്രമാണെന്നാണ് ദിലീപിന്റെ അഭിഭാഷകൻ വാദിച്ചത്. ഇവനൊക്കെ അനുഭവിക്കുമെന്ന് ശപിക്കുന്നത് എങ്ങനെ ഗൂഢാലോചനയാവുമെന്നും ദിലീപിന്റെ അഭിഭാഷകൻ ചോദിച്ചു.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന് ജാമ്യം അനുവദിച്ചാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ. പ്രതികൾ സാധാരണക്കാരല്ല. കേസിൽ വലിയ ഉപജാപം നടക്കുന്നുണ്ട്. വിചാരണക്കോടതിയുടെ പല നടപടികളും കേട്ടുകേൾവിയില്ലാത്തതാണെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു.
സ്വാധീനവും പണവും ഉപയോഗിച്ച് കേസ് അട്ടിമറിക്കരുതെന്ന് മാത്രമാണ് കരുതുന്നത്. നടിയെ ആക്രമിച്ച കേസിൽ 20 സാക്ഷികൾ കൂറുമാറി. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് ക്രിമിനൽ കേസുണ്ട്. ഡിജിറ്റൽ തെളിവുകളുമുണ്ട്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. ഇതുവരെയുള്ള അന്വേഷണത്തിൽ ഗൂഢാലോചന വ്യക്തമാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
എന്നാൽ ദിലീപിന്റേത് ഗൂഢാലോചനയല്ല ശാപവാക്കുകൾ മാത്രമാണെന്നാണ് ദിലീപിന്റെ അഭിഭാഷകൻ വാദിച്ചത്. ഇവനൊക്കെ അനുഭവിക്കുമെന്ന് ശപിക്കുന്നത് എങ്ങനെ ഗൂഢാലോചനയാവുമെന്നും ദിലീപിന്റെ അഭിഭാഷകൻ ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ വിചാരണ കോടതിയിൽ ഹാജരാകാതിരിക്കാൻ ഉണ്ടാകുന്ന നാടകങ്ങളാണ് പുതിയ കേസ്. പൊതുബോധം അനുകൂലമാക്കാൻ ഗൂഢാലോചന നടത്തിയാണ് ബാലചന്ദ്രകുമാറിന്റെ അഭിമുഖം മാധ്യമങ്ങൾക്ക് നൽകിയതെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
Adjust Story Font
16