പ്രോടെം സ്പീക്കർ വിവാദം; കീഴ് വഴക്കം അട്ടിമറിച്ച നടപടി: കെ സുധാകരൻ
വിഷയത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കൊടിക്കുന്നിലിന് പിന്തുണയുമായി രംഗത്തുവന്നിരുന്നു
തിരുവനന്തപുരം: കൊടിക്കുന്നിൽ സുരേഷ് എംപിയെ പ്രോടെം സ്പീക്കറാക്കാത്തത് കീഴ് വഴക്കം അട്ടിമറിച്ച നടപടിയാണന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അദ്ദേഹത്തോടുള്ള അവഗണനയെന്തിനെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ജനാധിപത്യ സംവിധാനത്തെ അവഹേളിക്കുകയാണെന്നും സുധാകരൻ പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കൊടിക്കുന്നിലിന് പിന്തുണയുമായി രംഗത്തുവന്നിരുന്നു.
പാർലമെന്ററി കീഴ്വഴക്കങ്ങൾ ലംഘിച്ചുകൊണ്ട് ലോകസഭാ പ്രോടേം സ്പീക്കറെ നിയമിച്ച നടപടി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിട്ടും മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞത് എന്തിനാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കേണ്ടതുണ്ട്. സംഘപരിവാർ പിന്തുടരുന്ന സവർണ്ണ രാഷ്ട്രീയമാണ് ഈ തീരുമാനത്തിനു പിന്നിലെന്ന് സംശയിക്കുന്നവർക്ക് എന്താണ് ബി.ജെ.പിയുടെ മറുപടിയെന്നും പിണറായി ചോദിച്ചു.
കൊടിക്കുന്നിൽ സുരേഷിന് പ്രോടെം സ്പീക്കർ പദവി നിഷേധിച്ചത് ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കുറ്റപ്പെടുത്തി. മോദിക്കും ബി.ജെ.പിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലും പാർലമെന്ററി കീഴ്വഴക്കങ്ങൾ ലംഘിക്കുന്നത് ജനവിധിയോടും രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയാണ്. ബി.ജെ.പിയുടെ ദളിത് വിരുദ്ധ മുഖമാണ് ഒരിക്കൽ കൂടി അനാവരണം ചെയ്യപ്പെട്ടിരിക്കുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.
Adjust Story Font
16