ആവിക്കല്‍ സമരത്തിന് പിന്തുണയുമായി തീര ഭൂസംരക്ഷണ വേദിയും കെ റെയില്‍ വിരുദ്ധ സമര സമിതിയും
മാഗ്ലിന്‍ ഫിലോമിനയും സഹപ്രവര്‍ത്തകരും ആവിക്കലിലെ സമരക്കാരെ കണ്ട് പിന്തുണ അറിയിച്ചു
കോഴിക്കോട്: ആവിക്കല്‍തോട് മലിന ജല പ്ലാന്‍റിനെതിരായ ജനകീയ സമരത്തിന് പിന്തുണയേറുന്നു. തീര, ഭൂസംരക്ഷണ വേദിയും കെ റെയില്‍ വിരുദ്ധ ജനകീയ സമര സമിതി നേതാക്കളും ആവിക്കലെത്തി സമര സമിതിക്ക് ഐക്യദാര്‍ഢ്യം അറിയിച്ചു.
തിരുവനന്തപുരത്തെ വലിയ തുറ മാലിന്യ സംസ്കരണ പ്ലാന്‍റിനടുത്ത് കഴിയുന്നവരുടെ ദുരിതങ്ങള്‍ നേരില്‍ കണ്ട തീര ഭൂസംരക്ഷണ വേദി നേതാവ് മാഗ്ലിന്‍ ഫിലോമിനയും സഹപ്രവര്‍ത്തകരുമാണ് ആവിക്കലിലെ സമരക്കാരെ കണ്ട് പിന്തുണ അര്‍പ്പിക്കാനെത്തിയത്.
മത്സ്യത്തൊഴിലാളികളും തീരദേശ ജനതയും തുടങ്ങി വെച്ച സമരത്തിന് ഐക്യദാര്‍ഢ്യമറിയിച്ച സംഘം ആവശ്യമെങ്കില്‍ തലസ്ഥാനത്തും സമര ഐക്യദാര്‍ഢ്യ സമിതി രൂപീകരിക്കുമെന്ന് അറിയിച്ചു.
ആവിക്കലിലെ സമരക്കാര്‍ ഉയര്‍ത്തുന്ന ആവശ്യത്തോട് കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ സമര സമിതികള്‍ക്ക് വിയോജിക്കാനാവില്ലെന്ന് കെ റെയില്‍ വിരുദ്ധ ജനകീയ സമര സമിതി നേതാവ് ടി ടി ഇസ്മാഈല്‍ പറഞ്ഞു. ആവിക്കല്‍ സമരത്തിന് പിന്തുണ അറിയിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. യുഡിഎഫും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും നേരത്തെ തന്നെ ആവിക്കല്‍ സമരത്തിന് പിന്തുണ അറിയിച്ചിരുന്നു.
Adjust Story Font
16