ദേവസ്വം ബോർഡ് ക്ഷേത്ര നിയമനങ്ങളിലെ ജാതി വിവേചനത്തില്‍ പ്രതിഷേധം; ചെയർമാനെ ഉപരോധിച്ചു
പ്രതിഷേധക്കാരുടെ ആവശ്യം ന്യായമാണെന്നും റിക്രൂട്ട്മെന്‍റ് ബോർഡ് ഇതിൽ നിസ്സഹായരാണെന്നുമായിരുന്നു ചെയർമാൻ കെ.ബി മോഹൻദാസിന്‍റെ പ്രതികരണം
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനം
തിരുവനന്തപുരം: ദേവസ്വം ബോർഡ് ക്ഷേത്ര നിയമനങ്ങളിലെ ജാതി വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം. ശ്രീനാരായണ ദർശന വേദി പ്രവർത്തകർ ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് ചെയർമാനെ ഉപരോധിച്ചു.
പ്രതിഷേധക്കാരുടെ ആവശ്യം ന്യായമാണെന്നും റിക്രൂട്ട്മെന്‍റ് ബോർഡ് ഇതിൽ നിസ്സഹായരാണെന്നുമായിരുന്നു ചെയർമാൻ കെ.ബി മോഹൻദാസിന്‍റെ പ്രതികരണം . കേരള ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് കഴിഞ്ഞ മാസം പുറത്തിറക്കിയ വിജ്ഞാപനമാണ് പ്രതിഷേധത്തിന് കാരണം. ഗുരുവായൂർ ക്ഷേത്രത്തിലെ പാചകക്കാരൻ, കൂടൽ മാണിക്യം ക്ഷേത്രത്തിലെ കീഴ്ശാന്തി എന്നീ തസ്തികകളിൽ ബ്രാഹ്മണ സമുദായത്തിൽ പെട്ടവർക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ എന്ന് വിജ്ഞാപനത്തിൽ പറയുന്നു. നിയമനങ്ങളിൽ ജാതി വിവേചനം നിലനിൽക്കുന്നു എന്നതിന് ഉദാഹരണമാണ് ഈ മാനദണ്ഡം എന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. നോട്ടിഫിക്കേഷൻ പിൻവലിച്ച് എല്ലാ സമുദായത്തിൽ പെട്ടവർക്കും അപേക്ഷിക്കാൻ അവസരം ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം.
നിയമനത്തിലെ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത് ബന്ധപ്പെട്ട വകുപ്പാണെന്നും അതിൽ റിക്രൂട്ട്മെൻ്റ് ബോർഡിന് ഒന്നും ചെയ്യാനില്ലെന്നും ചെയർമാൻ മോഹൻദാസ് പറയുന്നു. പ്ലക്കാർഡുകളും കൊടികളുമായി ചെയർമാൻ്റെ ഓഫീസിൽ കുത്തിയിരുന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
Adjust Story Font
16