സി.പി.എം നേതാവിന്റെ ഭീഷണിയിൽ പ്രതിഷേധം; പത്തനംതിട്ടയിലെ ടൂറിസം കേന്ദ്രങ്ങൾ അടച്ചു
ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കോന്നി ഞള്ളൂർ ഫോറസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം
പത്തനംതിട്ട: വനപാലകരുടെ കൈവെട്ടുമെന്ന സി.പി.എം നേതാവിന്റെ പരസ്യ ഭീഷണിയിൽ പ്രതിഷേധം. പത്തനംതിട്ടയിലെ അടവി ഉൾപ്പടെയുള്ള എല്ലാ എക്കോ ടൂറിസം കേന്ദ്രങ്ങളും അടച്ചു. സിപിഎമ്മിന്റെ ഭീഷണിയെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥ സംഘടന ആവശ്യപ്പെട്ടതനുസരിച്ചാണ് അടച്ചത്. ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കയ്യേറ്റം ചെയ്തതിലും, കൈവെട്ടുമെന്ന് നേതാവ് ഭീഷണിപ്പെടുത്തിയ സംഭവങ്ങളിലാണ് പ്രതിഷേധം. സംഘടന ആവശ്യപ്പെട്ട് ഡി.എഫ്.ഒയ്ക്ക് കത്ത് നൽകിയിട്ടുണ്ട്.
കോന്നി ഞള്ളൂർ ഫോറസ്റ്റ് സ്റ്റേഷനു സമീപത്ത് സ്ഥാപിച്ച സി.ഐ.ടി.യുവിന്റെ കൊടികൾ നീക്കം ചെയ്ത വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെയാണ് സി.പി.എം ലോക്കൽ സെക്രട്ടറി പ്രവീൺ പ്രസാദ് ഭീഷണി മുഴക്കിയത്. വനപാലകരുടെ കൈ വെട്ടിയെടുക്കുമെന്നായിരുന്നു ഭീഷണി. ഫോറസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരത്തിനിടെയാണ് ഭീഷണി പ്രസംഗം.
സി.ഐ.ടി.യു ഉൾപ്പെടെയുള്ള വിവിധ യൂനിയനുകളുടെ കൊടികൾ കഴിഞ്ഞ ദിവസമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ നീക്കം ചെയ്തത്. ഇവിടെ ഇത്തരം കൊടിതോരണങ്ങൾ സ്ഥാപിക്കുന്നതിന് വിലക്കുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതിൽ പ്രതിഷേധിച്ച് ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ ചേർന്ന യോഗത്തിലാണ് പരസ്യ ഭീഷണി.
"ഇന്നലെ കൊടി ഊരിയ നിന്റെ കൈയ്യുണ്ടല്ലോ അത് ഞങ്ങൾ വെട്ടിയെടുക്കും. ഞങ്ങൾക്കെതിരെ വേണമെങ്കിൽ കേസെടുത്തോളൂ. നിങ്ങൾ കാടിന്റെ സേവകരാണെങ്കിൽ കാട് സേവിച്ചോണം. നാട്ടിലിറങ്ങി സേവിക്കാൻ വന്നാൽ വിവരമറിയും. യൂണിഫോമിൽ കയറി തല്ലാത്തത് ഇടതുപക്ഷ പ്രസ്ഥാനം കേരളം ഭരിക്കുന്നത് കൊണ്ടാണ്. ഞങ്ങൾ സമാധാനപരമായി പോരാട്ടങ്ങളും സമരങ്ങളും സംഘടനയും രൂപീകരിക്കും അതിനെതിരെ വന്നാൽ യൂണിഫോമിടാത്ത സമയമുണ്ടാവുമല്ലോ കൈകാര്യം ചെയ്യും നിന്നെ" പ്രവീൺ പ്രസാദ് പറഞ്ഞു.
Adjust Story Font
16