മന്ത്രി ആന്റണി രാജുവിനെ തടഞ്ഞ് കോട്ടൺഹിൽ സ്‌കൂളിലെ രക്ഷിതാക്കളുടെ പ്രതിഷേധം
റാഗിങ് പരാതിയിൽ അടിയന്തര നടപടി വേണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം
തിരുവനന്തപുരം: റാഗിങ് പരാതിയെ തുടർന്ന് കോട്ടൺഹിൽ സ്‌കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം. സ്‌കൂളിൽ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയ മന്ത്രി ആന്റണി രാജുവിനെ തടഞ്ഞായിരുന്നു പ്രതിഷേധം. അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ റാഗ് ചെയ്തു എന്നാണ് പരാതി. വിഷയം സ്‌കൂൾ അധികൃതരെ അറിയിച്ചപ്പോൾ പരാതി വ്യാജമാണെന്നും സ്‌കൂളിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നുമാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണമെന്ന് രക്ഷിതാക്കൾ പറഞ്ഞു.
കുട്ടികൾ വീട്ടിൽ പറഞ്ഞ കാര്യങ്ങളാണ് പരാതിയിൽ ഉന്നയിച്ചതെന്നാണ് രക്ഷിതാക്കൾ പറയുന്നത്. രക്ഷിതാക്കൾ സ്‌കൂളിന് മുന്നിൽ പ്രതിഷേധിക്കുകയായിരുന്നു. ഈ സമയത്താണ് മന്ത്രി ഒരു ചടങ്ങിൽ പങ്കെടുക്കാൻ ഇവിടെ എത്തിയത്. രക്ഷിതാക്കളുടെ പരാതി മന്ത്രി നേരിട്ട് കേൾക്കുകയും ചെയ്തു. റാഗിങ് പരാതിയിൽ അടിയന്തര നടപടി വേണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
ഈ വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം നടക്കുന്നുണ്ട്. അതിന് ശേഷം മാത്രം നടപടി എന്നതാണ് വകുപ്പിന്റെ തീരുമാനം. എന്നാൽ കുട്ടികൾക്കുണ്ടായ ദുരനുഭവത്തിൽ നടപടി അടിയന്തരമായി സ്വീകരിക്കണമെന്നാണ് രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്. പരാതിക്ക് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് സ്‌കൂൾ അധികൃതരും പറയുന്നു. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും അതിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും രക്ഷിതാക്കളുടെ പരാതി കേട്ട ശേഷം മന്ത്രി ഉറപ്പ് നൽകി.
Adjust Story Font
16