Quantcast

മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് എകെജി സെൻ്ററിന് മുന്നിൽ പ്രതിഷേധം; ഫെഫ്ക ഭാരവാഹികളുടെ യോഗം ഇന്ന്

കെ.അജിത അടക്കമുള്ള സ്ത്രീപക്ഷ പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    2 Sep 2024 12:55 AM GMT

Mukesh
X

തിരുവനന്തപുരം: ലൈംഗികാരോപണ കേസിൽ പ്രതിയായ മുകേഷ് എം.എൽ.എ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എകെജി സെൻ്ററിന് മുന്നിൽ ഇന്ന് പ്രതിഷേധം. കെ.അജിത അടക്കമുള്ള സ്ത്രീപക്ഷ പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. രാവിലെ 10 മുതലാണ് പ്രതിഷേധം' സർക്കാർ ചെയ്ത നല്ല പ്രവർത്തനങ്ങൾ മുഴുവൻ ഇല്ലാതാക്കുന്നതാണ് മുകേഷിനെ സംരക്ഷിക്കുന്ന നിലപാട് എന്ന പ്രവർത്തകർ പറയുന്നു. മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് 100 സ്ത്രീപക്ഷ പ്രവർത്തകർ നേരത്തെ സർക്കാരിന് കത്ത് നൽകിയിരുന്നു.

അതേസമയം നടൻ ജയസൂര്യക്കെതിരായ പീഡനക്കേസിൽ പരാതിക്കാരിയായ നടിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ വനിതാ മജിസ്ട്രേറ്റ് രവിത കെ.ജിക്ക് മുൻപിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുക. ജയസൂര്യക്കെതിരെ രജിസ്റ്റർ ചെയ്ത ആദ്യത്തെ പീഡനക്കേസിലാണിത്. എറണാകുളം സ്വദേശിനിയോട് മൊഴി നൽകാനായി ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സെക്രട്ടറിയേറ്റിലെ ഷൂട്ടിംഗ് സെറ്റിൽ വെച്ച് ജയസൂര്യ തന്നെ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി. സെക്രട്ടറിയേറ്റിലെ തെളിവെടുപ്പിന് പൊലീസ് സർക്കാരിനോട് അനുമതിയും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, സെക്രട്ടറിയേറ്റ് ഷൂട്ടിംഗ് സെറ്റായി വിട്ടുനൽകിയതിന്‍റെ വിവരങ്ങൾ നൽകാൻ പൊതു ഭരണ വകുപ്പിനോടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ ഫെഫ്ക സംഘടനകളുടെ ഭാരവാഹികളുടെ യോഗം ഇന്ന് കൊച്ചിയില്‍ ചേരും. 21 സംഘടനകളാണ് ഫെഫ്കയിലുളളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സംഘടനയില്‍ കൈക്കൊള്ളേണ്ട നിലപാടുകള്‍ രൂപീകരിക്കാനാണ് മൂന്ന് ദിവസം നീളുന്ന യോഗം ചേരുന്നത്. സംഘടനയിലെ വനിത അംഗങ്ങളുടെ യോഗം കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്നിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ഓരോ കാര്യങ്ങളിലും വിശദമായ ചര്‍ച്ചകള്‍ നടക്കും. പ്രമുഖരുള്‍പ്പെടെ സംഘടനയിലെ പലരും നേരിടുന്ന ലൈംഗികാരോപണങ്ങളിലടക്കം കഴിഞ്ഞ ദിവസം ഫെഫ്ക നിലപാട് വ്യക്തമാക്കിയിരുന്നു.

TAGS :

Next Story