മുണ്ടക്കൈ പുനരധിവാസ കരട് പട്ടികയിൽ ഇരട്ടിപ്പ്; പതിനൊന്നാം വാർഡിലെ 191 പേരിൽ 70 ഉം ആവർത്തനം
മേപ്പാടി പഞ്ചായത്ത് ഓഫീസിൽ ഉപരോധിച്ച് ദുരന്തബാധിതരുടെ പ്രതിഷേധം
വയനാട്: മുണ്ടക്കൈ പുനരധിവാസ കരട് പട്ടികയിൽ ഗുരുതരമായ അപാകത. പേരുകൾ ഇരട്ടിച്ചതായി ദുരന്തബാധിതർ ആരോപിച്ചു. മുണ്ടക്കൈ പതിനൊന്നാം വാർഡിലെ 191 പേരിൽ 70 ഉം ആവർത്തനമാണ്. കരട് പട്ടികയിലെ ഗുരുതര പിഴവുകളിൽ പ്രതിഷേധിച്ച് മേപ്പാടി പഞ്ചായത്ത് ഓഫിസ് ദുരിതബാധിതർ ഉപരോധിച്ചു.
മുണ്ടക്കൈ പുനരധിവാസ കരട് പട്ടിക പുറത്ത് വന്നതിന് പിന്നാലെ തന്നെ വ്യാപക പിശകെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഒന്നാംഘട്ടത്തിൽ അർഹരായ നിരവധി പേർ പുറത്തായെന്നാണ് ആരോപണം. 520 വീടുകളെയാണ് പഞ്ചായത്തിലെ കെട്ടിട നമ്പര്‍ പ്രകാരം ദുരന്തം ബാധിച്ചത്. എന്നാൽ, കരട് പട്ടികയില്‍ ഉള്‍പ്പെട്ടത് 388 കുടുംബങ്ങള്‍ മാത്രമാണ്. പ്രസിദ്ധീകരിച്ച ലിസ്റ്റിൽ പല പേരുകളും ആവർത്തനമെന്നും ആക്ഷേപമുണ്ട്.
പുനരധിവാസ കരട് പട്ടികക്കെതിരെ നേരത്തെ ആക്ഷൻ കൗൺസിൽ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ന് പഞ്ചായത്തിൽ എൽഎസ്‍ജിഡി ജോയിന്‍റ് ഡയറക്ടർ എത്തുന്ന സാഹചര്യത്തിലാണ് ദുരന്തബാധിതരുടെ പ്രതിഷേധം.
Adjust Story Font
16