' നിങ്ങൾ ദുഃഖിക്കും; നന്ദിഗ്രാമും സിംഗൂരും മറക്കരുത്'- കെ റെയിലിലെ പൊലീസ് അതിക്രമത്തിനെതിരെ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ പ്രതിഷേധം
ഭൂമി ഓരോ മനുഷ്യ ജീവനുകളിൽ എത്ര സ്വാധീനം ചെലുത്തുന്നു എന്നറിയണമെങ്കിൽ സ്വന്തം പറമ്പിൽ കല്ല് വീഴണം .... ആരോട് പറയാൻ .. ആര് കേൾക്കാൻ ...'
കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയിൽ കെ റെയിൽ പ്രതിഷേധത്തിനിടെ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്കിൽ പേജിൽ പ്രതിഷേധം. മലയോര ഹൈവേയുമായി ബന്ധപ്പെട്ട പോസ്റ്റിന്റെ കമന്റ് ബോക്‌സിലാണ് പ്രധാനമായും പ്രതിഷേധ കമന്റുകൾ വരുന്നത്.
' സമരം ചെയ്യുന്ന സ്ത്രീകളെ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ട് പോകുന്ന പൊലീസ്. നന്ദീഗ്രാമും സിoഗൂരും മറക്കരുത് സാർ, ഒരു വനിതാ മതിൽ കൂടി സംഘടിപ്പിക്കേണ്ടി വരും'- എന്നാണ് ഒരു കമന്റ്.
' നിങ്ങൾക്കു വോട്ടു ചെയ്ത അണികൾ പോലും വെറുത്തു പോകുന്ന ചെയ്തികളാണ് നിങ്ങൾ കാണിച്ചു കൊണ്ടിരിക്കുന്നത്.. നാടിനു വേണ്ടാത്ത വികസനത്തിന്റെ പേരിൽ വനിതാ മതിൽ പണിത അതേ നാട്ടിൽ സ്ത്രീകളെയും കുഞ്ഞുങ്ങളെയും വലിച്ചിഴയ്ക്കുന്ന ഈ ആഭാസത്തരമുണ്ടല്ലോ അതോർത്തു താങ്കൾ ദുഖിക്കുന്ന കാലം വിദൂരമല്ല..!' എന്ന് മറ്റൊരാൾ കുറിച്ചു.
കിടപ്പാടം നഷ്ടപ്പെടുന്ന വേദന ആരും മനസിലാക്കും എന്ന് നിരവധി പേർ കുറിച്ചിട്ടുണ്ട്.
' സർവേ കല്ലിട്ട ഒരു ഭൂമി ക്രയ വിക്രയം ചെയ്യാൻ ആകില്ല , ഒരു കെട്ടിടം പണിയാൻ ആകില്ല , വസ്തു പണയപ്പെടുത്തി ഒരു വായ്പ തരപ്പെടുത്താൻ ആകില്ല ,ഒരു ബ്ലേഡുകാരൻ പോലും ആ ഈടിൽ പണം നൽകില്ല .. സർവേ ഇട്ട കല്ല് ഇട്ടു പോയിട്ട്, പദ്ധതി നടക്കാതെ പതിറ്റാണ്ടുകളായി ഇങ്ങനെ കിടക്കുന്ന ഭൂമി എത്രയോ ഉണ്ട് ....ആ ഭൂമി ഓരോ മനുഷ്യ ജീവനുകളിൽ എത്ര സ്വാധീനം ചെലുത്തുന്നു എന്നറിയണമെങ്കിൽ സ്വന്തം പറമ്പിൽ കല്ല് വീഴണം .... ആരോട് പറയാൻ .. ആര് കേൾക്കാൻ ...' - എന്ന ആശങ്കയും ചിലർ പങ്കുവെക്കുന്നുണ്ട്.
' അധികാരത്തിന്റെ അഹന്ത മുഖ്യമന്ത്രി കാണിക്കരുത്. അങ്ങ് ദാഷ്ട്യം അവസാനിപ്പിക്കണം. കെ റെയിൽ പദ്ധതിയുടെ പേരിൽ പോലീസിനെ ഉപയോഗിച്ച് കേരളത്തിലെ സാധാരണ ജനങ്ങളെ അടിച്ചമർത്തരുത്. സമരം ചെയ്യുന്നത് മുഴുവൻ കോൺഗ്രസുകാരും ബിജെപിക്കാരും അല്ല എന്ന തിരിച്ചറിവ് അങ്ങേക്ക് ഉണ്ടാകണം.' - ചിലർ എഴുതി
' ഒരു സൈഡിൽ കൂടെ... ആരുടെയൊക്കെയോ വാക്ക് കേട്ടു മണ്ണെണ്ണയും തീയും കല്ല് പിഴുതലും നാടകവും നടക്കട്ടെ. Cm ധൈര്യമായി മുന്നോട്ടു പോകുക സഖാവിന്റെ കൂടെ ഈ നാട്ടിലെ യുവ തലമുറയും വരും തലമുറയും കൂടെ കാണും. കാരണം നമ്മൾക്ക് ഈ വികസനം വന്നേ തീരു. ? കൂടെയുണ്ട് കട്ട സപ്പോർട്ട് ??
എന്റെ വീട് ആണെങ്കിൽ കൊടുക്കും.. പണ്ട് എന്റെ അച്ഛൻ അപ്പൂപ്പന്മാർ വിട്ട് കൊടുത്ത സ്ഥലം തന്നെ ഇന്ന് കന്യാകുമാരി മുതൽ കശ്മീർ വരെ പോകുന്ന ഹൈവേ യും തിരുവനന്തപുരം അന്താരാഷ്ട്ര എയർപോർട്ടും.' എന്ന രീതിയിലുള്ള ചില കെ റെയിൽ അനുകൂല കമന്റുകളും ഇടക്ക് വരുന്നുണ്ട്.
ചങ്ങനാശേരിക്ക് സമീപം മാടപ്പള്ളിയിൽ കെ-റെയിൽ കല്ലുകൾ സ്ഥാപിക്കുന്നതിനിടെ നാട്ടുകാരുടെ പ്രതിഷേധത്തിനിടെ സ്ത്രീകളെയും കുട്ടികളേയും പൊലീസ് റോഡിലൂടെ വലിച്ചിഴച്ചിരുന്നു. ഒരു മണിക്കൂർ നീണ്ട സംഘർഷാവസ്ഥക്ക് ശേഷം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കോട്ടയത്തെ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭവിട്ടിറങ്ങി. ചങ്ങനാശേരിയിൽ നാളെ ജനകീയ സമരസമിതി ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണു ഹർത്താൽ.ഹർത്താലിന് യു.ഡി.എഫും ബിജെപിയും എസ് യു സിഐയും പിന്തുണ പ്രഖ്യാപിച്ചു.
അറസ്റ്റ് ചെയ്ത കെ-റെയിൽ പ്രതിഷേധക്കാരെ വിട്ടയക്കണമെന്നാവശ്യപ്പട്ട് തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രവർത്തകരുടെ ഉപരോധം തുടരുകയാണ്. ഉപരോധത്തിനിടെ പോലീസ് സ്റ്റേഷനു മുന്നിൽ പൊലീസും സമരക്കാരും തമ്മിൽ സംഘർഷമുണ്ടായി.
പൊലീസുമായുള്ള ഏറ്റുമുട്ടലിൽ സമരസമിതി നേതാക്കളായ ബാബു കുട്ടഞ്ചിറ, വി. ജെ. ലാൽ, മാത്തുകുട്ടി പ്ലാത്താനം എന്നിവർ ഉൾപ്പെടെ ഒട്ടേറെ പേർക്കു പരുക്കേറ്റു. സർവേക്കെതിരെ പ്രതിഷേധിച്ച സ്ത്രീകൾ മണ്ണെണ്ണയോഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ഇവരെ ക്രൂരമായാണ് പൊലീസ് നേരിട്ടത്. സ്ത്രീകളേയും കുട്ടികളേയും വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിൽ കയറ്റിയത്.
Adjust Story Font
16