ആർ എസ് എസ് ക്യാമ്പ് നടത്തിയതിനെതിരെ വർക്കല ശ്രീ നാരായണ കോളജിൽ പ്രതിഷേധം ശക്തമാകുന്നു
നിയമനടപടി സ്വീകരിക്കുന്നത് വരെ സന്ധിയില്ലാ സമരം തുടരുമെന്ന് ഡി.വൈ.എഫ്.ഐ
തിരുവനന്തപുരം: വർക്കല ശ്രീ നാരായണ കോളജിൽ ആർ.എസ്.എസ് ക്യാമ്പ് നടത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ശ്രീനാരായണ ഗുരു ഉയർത്തിപ്പിടിച്ച മൂല്യങ്ങളോടുള്ള വെല്ലുവിളിയാണിതെന്ന് ആരോപിച്ച് ഡി വൈ എഫ് ഐ കോളേജിലേക്ക് മാർച്ച് നടത്തി.
എയ്ഡഡ് സ്ഥാപനങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടേയോ, സംഘടനകളുടെയോ പരിപാടികൾക്ക് വിലക്കുള്ളപ്പോൾ നടത്തിയ ക്യാമ്പ് നിയമലംഘനമാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. ജാതി മത ചിന്തകൾക്കതീതമായി ജനങ്ങളെ ഒന്നിപ്പിച്ചു നിർത്തുകയാണ് ശ്രീ നാരായണ ഗുരു ചെയ്തത്. അദ്ദേഹത്തിന്റെ പേരിലുള്ള കലാലയത്തിൽ ഇത്തരം പ്രവർത്തനങ്ങൾ അംഗീകരിക്കാൻ സാധിക്കില്ല. നിയമനടപടി സ്വീകരിക്കുന്നത് വരെ സന്ധിയില്ലാ സമരം തുടരുമെന്നും ഡി.വൈ.എഫ്.ഐ പ്രഖ്യാപിച്ചു
വർക്കല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് വട്ടപ്ലാമൂട്ടിൽ നിന്നാണ് ആരംഭിച്ചത്. ശേഷം കോളേജിന് മുന്നിൽ പ്രതിഷേധയോഗവും സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ ശനി , ഞായർ ദിവസങ്ങളിലാണ് എസ്.എൻ കോളജിൽ ആർ.എസ്.എസ് ആറ്റിങ്ങൽ സംഘ ജില്ലയുടെ വർഷ പ്രതിപദ ഉത്സവം സംഘടിപ്പിച്ചത്. ആറ്റിങ്ങൽ ഗവ. കോളജിൽ നടത്താനിരുന്ന പരിപാടി കടുത്ത പ്രതിഷേധങ്ങൾക്കൊടുവിലാണ് എസ്.എൻ കോളജിലേക്ക് മാറ്റിയത്. ഒരു വർഷത്തെ സംഘടനാപ്രവർത്തനത്തെ കുറിച്ച് അവലോകനം ചെയ്യുന്നതിനായി നടത്തുന്ന പരിപാടിയാണ് വർഷപ്രതിപദ ഉത്സവം.
Adjust Story Font
16