മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ ഡാം തുറന്നതില്‍ പ്രതിഷേധം ശക്തം; വണ്ടിപ്പെരിയാറില്‍ ദേശീയ പാത ഉപരോധിച്ചു
അർധരാത്രി ഡാം തുറന്നതോടെ പെരിയാർ തീരത്തെ വീടുകള്‍ വെള്ളത്തിലായതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്
മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ ഡാം അർധ രാത്രിയില്‍ തുറന്നുവിട്ടതിനെതിരെ പ്രതിഷേധം ശക്തം. പെരിയാർ തീരവാസികള്‍ വണ്ടിപ്പെരിയാറില്‍ ദേശീയ പാത ഉപരോധിച്ചു. അർധരാത്രി ഡാം തുറന്നതോടെ പെരിയാർ തീരത്തെ വീടുകള്‍ വെള്ളത്തിലായതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
ഉറങ്ങിക്കിടക്കുകയായിരുന്ന പെരിയാർ തീരവാസികള്‍ ഞെട്ടിയുണർന്നത് ഇരച്ചെത്തിയ വെള്ളത്തിലേക്കാണ്.. പെരിയാറിനോട് ഇഴ ചേർന്നുകിടക്കുന്ന കടശ്ശിക്കാട്, മഞ്ചുമല മേഖലകളിലാണ് വെള്ളംകയറിയത്.. സുരക്ഷിത സ്ഥാനത്തേക്ക് മാറുന്നത് പോയിട്ട്, വീടിനുള്ളിലെ സാധനങ്ങള്‍ മാറ്റിവെക്കാന്‍ പോലും കഴിഞ്ഞില്ല. മുന്നറിയിപ്പ് നല്‍കാന്‍ അനൗണ്‍സ്മെന്‍റ് വാഹനമെത്തിയത് പുലർച്ചെ അഞ്ചരയോടെ.. അപ്പോഴേയ്ക്കും വീടുകള്‍ മുങ്ങിക്കഴിഞ്ഞിരുന്നു.. പിന്നെ വാഹനം തടഞ്ഞ് പ്രതിഷേധം.
യാതൊരു മുന്നറിയിപ്പുമില്ലാതെ ഡാം തുറന്നതില്‍ തമിഴ്നാട് സർക്കാരിനെയും തീരവാസികള്‍ കുറ്റപ്പെടുത്തി. വണ്ടിപ്പെരിയാറില്‍ കൊട്ടാരക്കര-ദിണ്ഡിഗല്‍ ദേശീയപാത ഉപരോധിച്ചു. സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ പോലും സമയം തരാതെ ഡാം തുറന്നാല്‍ സമരത്തിന്‍റെ മട്ടുമാറുമെന്നാണ് തീരവാസികളുടെ താക്കീത്. അർധരാത്രി തുറന്ന എട്ട് ഷട്ടറുകളില്‍ ഏഴെണ്ണം രാവിലെ അടച്ചെങ്കിലും പിന്നീട് മൂന്നെണ്ണം വീണ്ടും തുറന്നു.
Adjust Story Font
16