'ഉന്തിയ പല്ല് അയോഗ്യതയാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു'; വിശദീകരണവുമായി കേന്ദ്ര സർക്കാർ
കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്ര ഗോത്രവർഗ-ആദിവാസി മന്ത്രാലയത്തിന്റെ വിശദീകരണം
ന്യൂഡൽഹി: ആദിവാസി യുവാവിന് ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജോലി നിഷേധിച്ച സംഭവത്തിൽ വിശദീകരണവുമായി കേന്ദ്രം. പല്ല് ഉന്തിയത് അയോഗ്യതയാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചതായി കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര ഗോത്രവർഗ-ആദിവാസി മന്ത്രാലയം ആണ് പാർലമെന്റിൽ ഇക്കാര്യം അറിയിച്ചത്.
കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ചോദ്യത്തിനു മറുപടി നൽകുമ്പോഴായിരുന്നു മന്ത്രാലയത്തിന്റെ വിശദീകരണം. പി.എസ്.സി സ്വതന്ത്ര ഭരണഘടനാസ്ഥാപനമാണെന്നാണ് സംസ്ഥാനം വിശദീകരിച്ചത്. ഇതിനാൽ ഇടപെടാനാകില്ലെന്നായിരുന്നു വ്യക്തമാക്കിയത്. ഒറ്റത്തവണത്തേയ്ക്ക് ഇളവ് നൽകാൻ പി.എസ്.സിയോട് അഭ്യർഥിച്ചതായും സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
അട്ടപ്പാടിയിൽ പുതൂർ പഞ്ചായത്തിലെ ആനവായ് ഊരിലുള്ള വെള്ളിയുടെ മകൻ മുത്തുവിനാണ് പല്ല് ഉന്തിയെന്ന് ചൂണ്ടിക്കാട്ടി പി.എസ്.സി ജോലി നിഷേധിച്ചത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് എഴുത്തുപരീക്ഷയും കായികക്ഷമതാ പരീക്ഷയും വിജയിച്ചിട്ടും പല്ലിന്റെ പേരിൽ ജോലിയിൽനിന്ന് തഴയുകയായിരുന്നു. ചെറുപ്പത്തിലുണ്ടായ വീഴചയിലാണ് മുത്തുവിന്റെ പല്ലിന് തകരാർ വന്നത്. പണമില്ലാത്തത് കൊണ്ടായിരുന്നു പല്ല് ചികിത്സിച്ചു നേരെയാക്കാതിരുന്നതെന്നാണ് മുത്തു പറഞ്ഞത്.
Summary: The Center stated that the state government has informed that protruding teeth is disqualification
Adjust Story Font
16