പി.എസ്.സി കോഴ ആരോപണം: പാർട്ടിക്ക് പരാതി കിട്ടിയിട്ടില്ലെന്ന് എം.വി ഗോവിന്ദൻ
ജില്ലാ കമ്മിറ്റിക്ക് പരാതി കിട്ടിയോ എന്ന ചോദ്യത്തിന് ജില്ലാ സെക്രട്ടറിയോട് ചോദിക്കണമെന്നും ഗോവിന്ദൻ
തിരുവനന്തപുരം: പി.എസ്.സി കോഴ ആരോപണത്തിൽ പാർട്ടിക്ക് പരാതി കിട്ടിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാനാവില്ല. പാർട്ടിയുടെ ഏതെങ്കിലും ഘടകത്തിൽ പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ അവിടെ പരിശോധിക്കും. ജില്ലാ കമ്മിറ്റിക്ക് പരാതി കിട്ടിയോ എന്ന ചോദ്യത്തിന് ജില്ലാ സെക്രട്ടറിയോട് ചോദിക്കണമെന്നും ഗോവിന്ദൻ പറഞ്ഞു.
അതേസമയം, പി.എസ്.സി കോഴ വിവാദത്തിൽ ആരോപണവിധേയനായ പ്രമോദ് കോട്ടൂളിയെ സി.പി.എമ്മിൽ നിന്ന് പുറത്താക്കും . കർശന നടപടി എടുക്കാൻ സംസ്ഥാന നേതൃത്വം നിർദേശം നൽകിയതായാണ് വിവരം. എന്നാൽ പാർട്ടിക്ക് പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു സി.പി.എം സംസ്ഥാന, ജില്ല നേതൃത്വത്തിൻറെ പ്രതികരണം.
പി.എസ്.സി നിയമന കോഴ ആരോപണത്തിൽ ഇന്നലെ ചേർന്ന സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടേറിയേറ്റ് പ്രമോദ് കോട്ടൂളിയിൽ നിന്നും വിശദീകരണം തേടിയിരുന്നു. ഈ വിശദീകരണം ലഭിച്ചതിന് ശേഷം സംഘടന നടപടികൾ പൂർത്തിയാക്കി പ്രമോദിനെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കുമെന്നാണ് സൂചന. ഒത്തുതീർപ്പില്ലാതെ കർശന നടപടി വേണമെന്ന നിർദേശം സംസ്ഥാന നേതൃത്വം ജില്ല കമ്മിറ്റിക്ക് നൽകി.
പരാതി കിട്ടിയില്ലെന്ന് ജില്ല സെക്രട്ടറി പി മോഹനൻ ആവർത്തിച്ചിരുന്നു. എന്നാൽ ഇന്നലെ ചേർന്ന കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റിയിൽ പ്രമോദിനെതിരെ നടപടിയുണ്ടാകുമെന്നാണ് ജില്ല സെക്രട്ടറി അംഗങ്ങളെ അറിയിച്ചത്. പാർട്ടിക്ക് ഇക്കാര്യത്തിൽ കുറച്ചു കൂടെ വ്യക്തത വരാനുണ്ടന്നും ജില്ലാ സെക്രട്ടറി സെക്രട്ടറി വിശദീകരിച്ചു.
Adjust Story Font
16