വഖഫ് നിയമനം: മുസ്‍ലിം സംഘടനകളുടെ വികാരം മാനിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി- സമസ്ത
വഖഫ് നിയമനം പി.എസ്.സിക്ക് വിടുന്നതിൽ എല്ലാവരും എതിർപ്പ് അറിയിച്ചു. യോഗത്തിന്റെ പൊതുവികാരം അനുഭാവപൂർവം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂർ
തിരുവനന്തപുരം: വഖഫ് നിയമനം പി.എസ്.സിക്ക് വിടരുതെന്ന മുസ്‍ലിം മതസംഘടനകളുടെ പൊതുവികാരത്തെ മാനിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂർ. വഖഫ് ബോർഡിലെ ജീവനക്കാരുടെ നിയമനം പി.എസ്.സിക്ക് വിടുന്നതിനുള്ള നിയമഭേദഗതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇന്നു വിളിച്ചുചേർത്ത മതസംഘടനാ പ്രതിനിധികളുടെ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ 11 സംഘടനകളുടെ പ്രതിനിധികളാണ് പങ്കെടുത്തത്. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടണമെന്ന് യോഗത്തിൽ ആരും ആവശ്യപ്പെട്ടിട്ടില്ല. മുഴുവൻ സംഘടനാ പ്രതിനിധികളും ഒറ്റക്കെട്ടായിരുന്നു. വഖഫ് നിയമനം പി.എസ്.സിക്ക് വിടുന്നതിൽ എല്ലാവരും എതിർപ്പ് അറിയിച്ചു. അതിന്റെ അപ്രായോഗികത വെളിപ്പെടുത്തുകയും ചെയ്തതായി അബ്ദുസ്സമദ് പൂക്കോട്ടൂർ വെളിപ്പെടുത്തി.
രാജ്യത്ത് എവിടെയും ഇത്തരത്തിൽ വഖഫ് ബോർഡ് നിയമനം ഇങ്ങനെയൊരു ബോർഡിന് വിട്ടിട്ടില്ല. ഇതിനാൽ, കേരളം ഇങ്ങനെയൊരു മാതൃക കാണിച്ചാൽ മറ്റു സംസ്ഥാനങ്ങളും അത് പിന്തുടരും. അത് മുസ്‍ലിം സമൂഹത്തിന്റെയും വഖഫ് സ്വത്തുക്കളുടെയും കാര്യത്തിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും പ്രതിനിധികൾ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.
കുറ്റമറ്റ രീതിയിൽ നിയമനത്തിന് സംവിധാനമൊരുക്കുമ്പോൾ മതസംഘടനാ പ്രതിനിധികളെയും വഖഫ് ബോർഡ് പ്രതിനിധികളെയും കൂട്ടിച്ചേർത്ത് പുതിയൊരു സമിതി രൂപീകരിക്കണം. അല്ലെങ്കിൽ പഴയ സംവിധാനം പുനഃസ്ഥാപിക്കണം. ഇപ്പോൾ നിയമസഭയിൽ കൊണ്ടുവന്ന നിയമം റദ്ദു ചെയ്യണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് സദസിന്റെ വികാരം ഒന്നാണെന്ന് ബോധ്യപ്പെട്ടതായും സമസ്ത നേതാവ് വ്യക്തമാക്കി.
വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്ന കാര്യത്തിൽ മുസ്‌ലിം സംഘടനകളുമായി കൂടിയാലോചിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതിനു പിന്നാലെ, നിയമഭേദഗതിയുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ നിയമസഭയെ അറിയിച്ചിരുന്നു. ഇതിനെതിരെ സമസ്തയടക്കമുള്ള മുസ്‌ലിം സംഘടനകൾ പ്രതിഷേധം അറിയിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. മുസ്‌ലിം ലീഗിന്റെയും സമസ്ത ഇ.കെ, എ.പി വിഭാഗങ്ങൾ, മുജാഹിദ് ഇരുവിഭാഗങ്ങൾ തുടങ്ങിയ സംഘടനകളുടെയും പ്രതിനിധികളാണ് ഇന്നത്തെ യോഗത്തിൽ പങ്കെടുത്തത്.
Summary: CM assures that he will consider the sentiments fo Muslim orgs on Waqf appointment, says Samastha leader
Adjust Story Font
16