'മുഖ്യമന്ത്രി മരംമുറി കേസ് പ്രതികളെ കണ്ടു': ചിത്രം പുറത്തുവിട്ട് പി.ടി തോമസ്
പി.ടി തോമസ് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി മരംമുറി കേസ് പ്രതികളുമായി കൂടിക്കാഴ്ച നടത്തിയെന്ന് പി.ടി തോമസ് എം.എൽ.എ. പ്രതി മുഖ്യമന്ത്രിയെ ഹസ്തദാനം ചെയ്യുന്ന ചിത്രവും പിടി തോമസ് പുറത്തുവിട്ടു. ഇന്‍റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് എറണാകുളത്ത് മാംഗോ മൊബൈൽ വെബ്സൈറ്റ് ഉദ്ഘാടനച്ചടങ്ങിൽ നിന്ന് വിട്ടു നിന്ന മുഖ്യമന്ത്രിയാണ് ഒന്നര മാസത്തിനു ശേഷം കോഴിക്കോട്ട് ഹസ്തദാനം നടത്തിയതെന്ന് പി.ടി തോമസ് ആരോപിച്ചു.
മാംഗോ മൊബൈൽ വെബ്സൈറ്റ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാമെന്നേറ്റ മുഖ്യമന്ത്രി താനല്ലെന്നും 2016 ഫെബ്രുവരിയിൽ മറ്റൊരാളാണ് മുഖ്യമന്ത്രിയെന്നും പി.ടി തോമസിന്‍റെ ആരോപണത്തോട് പ്രതികരിച്ച് പിണറായി വിജയൻ കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞിരുന്നു. ഈ വാദം തള്ളിയാണ് പി.ടി തോമസ് രംഗത്തെത്തിയത്.
2017 ജനുവരി 22നാണ് പിണറായി വിജയൻ എറണാകുളം ഗസ്റ്റ് ഹൗസിലെ ബാങ്ക്വറ്റ് ഹാളിൽ മാംഗോ മൊബൈൽ ഓൺലൈൻ ഉദ്ഘാടനം ചെയ്യാമെന്നേറ്റത്. ചടങ്ങിനായി എറണാകുളത്ത് തലേന്ന് എത്തിയ മുഖ്യമന്ത്രി മുകേഷ് എം.എൽ.എയ്ക്കൊപ്പം ഉടമകളെ കണ്ടു. എന്നാൽ, നിരവധി തട്ടിപ്പു കേസുകളിലെ പ്രതികളാണ് സംഘാടകർ എന്നറിഞ്ഞ രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തെ തുടർന്നാണ് മുഖ്യമന്ത്രി അവസാന നിമിഷം ഒഴിഞ്ഞു മാറിയത്. ഇതിനും ഒന്നര മാസത്തിനു ശേഷമാണ് മുഖ്യമന്ത്രി മാംഗോ മൊബൈൽ ഉടമയുമായി കോഴിക്കോട്ട് ഹസ്തദാനം ചെയ്തത്.
മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ വ്യക്തിപരമായ വിശദീകരണത്തിന് പി.ടി തോമസ് എഴുതിക്കൊടുത്തെങ്കിലും സ്പീക്കർ അനുവദിച്ചില്ല. ധനവിനിയോഗ ബിൽ ചർച്ചക്കിടെ എൽദോസ് കുന്നപ്പള്ളിയുടെ പ്രസംഗത്തിലിടപെട്ടാണ് പി.ടി തോമസ് തന്‍റെ വാദമുഖങ്ങൾ നിരത്തിയത്.
Adjust Story Font
16