'പി.ടി ഉഷയ്ക്ക് ഒരു രാഷ്ട്രീയപാർട്ടിയോടും കൂറില്ല, രാജ്യസഭാ നോമിനേഷനെ എതിർക്കേണ്ട കാര്യമില്ല'- എളമരം കരീമിനെതിരെ കെ. മുരളീധരൻ എം.പി
''വി.എസ് അച്യുതാനന്ദൻ പോലും സഖാവേ എന്നു വിളിച്ച ടി.പിയെ കുലംകുത്തിയാക്കിയത് പിണറായിയാണ്. അതു കഴിഞ്ഞപ്പോൾ അദ്ദേഹത്തെ പാർട്ടിയിൽനിന്ന് പുറത്താക്കി. അതുകൊണ്ടും അരിശം തീരാഞ്ഞിട്ട് അദ്ദേഹത്തെ കൊന്നു.''
കോഴിക്കോട്: സി.പി.എം നേതാവ് എളമരം കരീമിന്റെ പ്രസ്താവന പിണറായിസത്തിന്റെ വികൃതമുഖത്തിന് ഉദാഹരണമാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. പി.ടി ഉഷയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത് എതിർക്കേണ്ട കാര്യമില്ല. ടി.പിയുടെ വധത്തിന്റെ ചോരക്കറ ഇപ്പോഴും സി.പി.എമ്മിന്റെ കൈയിലുണ്ടെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
എളമരം കരീം മൈക്കിൽ കൂടി വീരവാദം മുഴക്കേണ്ട. എന്തെങ്കിലും പരാതിയുണ്ടെങ്കിൽ കരീമിന്റെ പാർട്ടിയുടെ സർക്കാരാണ് കേരളം ഭരിക്കുന്നത്. കേസെടുക്കാൻ ധൈര്യമുണ്ടോ? അല്ലാതെ പറഞ്ഞുകഴിഞ്ഞാൽ ഇപ്പോൾ ബോംബ് പൊട്ടുമെന്നു ഭീഷണിപ്പെടുത്തേണ്ട. നിങ്ങളുടെ കൈയിൽ ഒരു ബോംബുമില്ല. അതുകൊണ്ടാണ് ബോംബ് പൊട്ടാത്തത്. അങ്ങനെ ഞങ്ങളോട് സൗജന്യം ചെയ്യുന്നവരല്ല സി.പി.എമ്മെന്ന് ഞങ്ങൾക്ക് അറിയാം-മുരളീധരൻ പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ രാജ്യസഭയിലേക്കുള്ള നാമനിർദേശത്തെക്കുറിച്ച് ഞങ്ങൾക്കും പലകാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പ്രത്യേകിച്ച്, മുൻ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ളവരെ നാമനിർദേശം ചെയ്തത് തെറ്റാണെന്ന് പരസ്യമായിത്തന്നെ ഞങ്ങൾ പറഞ്ഞിട്ടുണ്ട്. പി.ടി ഉഷ അങ്ങനെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോട് കൂറുപുലർത്തുന്നവരല്ല. ഏഷ്യാഡിലൊക്കെ നമ്മുടെ രാജ്യത്തിനുവേണ്ടി ഒരുപാട് മെഡലുകൾ നേടിയിട്ടുണ്ട് അവർ. ഒളിംപിക്‌സിൽ കപ്പിനും ചുണ്ടിനും ഇടയിലാണ് അവർക്ക് വെങ്കല മെഡൽ നഷ്ടപ്പെട്ടത്. കായികതാരങ്ങളെ പരിശീലിപ്പിക്കുന്നതിന് ഇടതുപക്ഷ സർക്കാരാണ് അവർക്ക് സൗകര്യമൊരുക്കിക്കൊടുത്തത്. അവർക്ക് ഒരു പാർട്ടിയോടും ആഭിമുഖ്യമില്ല. അതുകൊണ്ട് ആ നാമനിർദേശത്തെക്കുറിച്ച് അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കേണ്ട ആവശ്യമില്ല. സർക്കാർ നൂറു തെറ്റ് ചെയ്യുമ്പോൾ ഒരു ശരി ചെയ്താൽ, ആ ശരി ശരി തന്നെയാണല്ലോ. പലപ്പോഴും നാമനിർദേശങ്ങൾ രാഷ്ട്രീയമായി അധഃപതിക്കുമ്പോൾ ഈ നോമിനേഷനെ ഒരിക്കലും എതിർക്കേണ്ട കാര്യമില്ല. മുഖ്യമന്ത്രി പോലും പി.ടി ഉഷയുടെ സേവനങ്ങളെക്കുറിച്ച് മതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്-അദ്ദേഹം ചൂണ്ടിക്കാട്ടി.
അവർക്കെതിരെ കരീം ഉപയോഗിച്ച ഭാഷ വളരെ മോശമായിപ്പോയെന്നും മുരളീധരൻ വിമർശിച്ചു. മറ്റുപല യോഗ്യതകളും എന്നാണ് അദ്ദേഹം പറഞ്ഞത്. അത് ദുഷ്ടലാക്കോടെയുള്ളതാണ്. അങ്ങനെയൊരു വാക്ക് ഞങ്ങളുടെ ഭാഗത്തുനിന്നാണ് വന്നിരുന്നതെങ്കിൽ ഞങ്ങൾക്കെതിരെ കേസെടുക്കില്ലേ? തിരുവനന്തപുരം മേയർക്കെതിരെ ഒരു വാക്ക് പറഞ്ഞതിനല്ലേ എനിക്കെതിരെ കേസെടുത്തത്. അതൊരു തരംതാണ പ്രസ്താവനയായി. അദ്ദേഹം രാജ്യസഭയിലെ സി.പി.എമ്മിന്റെ കക്ഷിനേതാവ് കൂടിയല്ലേ? ഇത്രയും തരംതാഴാൻ പാടുണ്ടോ?-അദ്ദേഹം ചോദിച്ചു.
''കെ.കെ രമയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ പാർട്ടിയിൽനിന്ന് പോയവരൊക്കെ അദ്ദേഹത്തിന്റെ പാർട്ടിയിൽ സുഖമായി കഴിയുന്നുണ്ടല്ലോ? ഞങ്ങളാരും അവരെ കല്ലെടുത്തെറിഞ്ഞില്ല. ആർക്കും രാഷ്ട്രീയമായി തീരുമാനമെടുക്കാനുള്ള അവകാശമുണ്ട്. ടി.പി ചന്ദ്രശേഖരൻ ചെയ്ത കുറ്റമെന്താണ്? മാർക്‌സിസ്റ്റ് പാർട്ടി അതിന്റെ പ്രഖ്യാപിതനയങ്ങളിൽനിന്ന് പുറകോട്ടുപോകുന്നു എന്നു പറഞ്ഞതിനല്ലേ അദ്ദേഹത്തെ കുലംകുത്തിയാക്കിയത്. വി.എസ് അച്യുതാനന്ദൻ പോലും സഖാവേ എന്നു വിളിച്ച ടി.പിയെ കുലംകുത്തിയാക്കിയത് പിണറായിയാണ്. അതു കഴിഞ്ഞപ്പോൾ അദ്ദേഹത്തെ പാർട്ടിയിൽനിന്ന് പുറത്താക്കി. അതുകൊണ്ടും അരിശം തീരാഞ്ഞിട്ട് അദ്ദേഹത്തെ കൊന്നു. ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊന്നത് മാർക്‌സിസ്റ്റ് പാർട്ടിയാണെന്നത് പകൽപോലെ വ്യക്തമാണ്. ആ ചോരക്കറ അവരുടെ കൈയിലുണ്ട്.''
അങ്ങനെ കൊന്ന ഒരു സഖാവിന്റെ ഭാര്യ മതേതരശക്തികളുടെ പിന്തുണയോടെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാമതായി ജയിച്ചുവന്നതിന്റെ അഹങ്കാരത്തിനിടയിലും രമയെക്കാണുമ്പോൾ പിണറായിക്ക് കുറ്റബോധമുണ്ട്. പലപ്പോഴും അവരുടെ വിമർശനങ്ങൾക്ക് നേരിട്ട് മറുപടി പറയാൻ അദ്ദേഹത്തിന് ചങ്കൂറ്റമില്ലെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.
Summary: 'PT Usha is not loyal to any political party, there is no need to oppose her Rajya Sabha nomination', says Congress senior leader K Muraleedharan MP
Adjust Story Font
16