ഹോട്ടലിൽ അതിക്രമം; പൾസർ സുനി അറസ്റ്റിൽ
നടിയെ ആക്രമിച്ച കേസിൽ കർശന ജാമ്യവ്യവസ്ഥകൾ നിലനിൽക്കെയാണ് വീണ്ടും കേസെടുത്തത്

ഹോട്ടലിൽ കയറി നാശനഷ്ടം വരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പൾസർ സുനി അറസ്റ്റിൽ. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. നടിയെ ആക്രമിച്ച കേസിൽ കർശന ജാമ്യവ്യവസ്ഥകൾ നിലനിൽക്കെയാണ് വീണ്ടും കേസെടുത്തത്.
നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങി നിൽക്കുവെയാണ് മറ്റൊരു കേസിൽ കൂടി സുനി അറസ്റ്റിലാകുന്നത്. രായമംഗലത്ത് സുഹൃത്തുക്കൾക്കൊപ്പം ഹോട്ടലിൽ എത്തിയ സുനി ഭക്ഷണം വൈകി എന്ന പേരിൽ ജീവനക്കാരെ അസഭ്യം പറഞ്ഞു. ഹോട്ടലിൽ നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. രായമംഗലം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നടി ആക്രമിച്ച കേസിൽ അറസ്റ്റിലായ സുനിക്ക് കർശന വ്യവസ്ഥകളോടെയായിരുന്നു കോടതി ജാമ്യം അനുവദിച്ചിരുന്നത്.
ജില്ല വിട്ടു പോകാൻ പാടില്ല, സുനിയെ നിരീക്ഷിച്ച് പോലീസ് എല്ലാ മാസവും റിപ്പോർട്ട് നൽകണം തുടങ്ങിയ കാര്യങ്ങളാണ് ജാമ്യ വ്യവസ്ഥയിൽ ഉണ്ടായിരുന്നത്. പുതിയ കേസിൽ കൂടി രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ ജാമ്യം റദ്ദാക്കാമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ. അസഭ്യം പറഞ്ഞതിനും ഹോട്ടൽ നാശനഷ്ടം ഉണ്ടാക്കിയതിനും ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതിനാൽ പോലീസ് കോടതിയെ സമീപിച്ചാലും ജാമ്യം റദ്ദാകില്ല എന്നാണ് സുനിയുടെ അഭിഭാഷകർ വ്യക്തമാക്കുന്നത്.
Adjust Story Font
16