നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിക്ക് ജാമ്യമില്ല
കേസിലെ വിചാരണ നടപടികൾ ഇനിയും വൈകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പൾസർ സുനി ജാമ്യാപേക്ഷ നല്‍കിയത്
ഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കേസിലെ വിചാരണ നടപടികൾ ഇനിയും വൈകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പൾസർ സുനി ജാമ്യാപേക്ഷ നല്‍കിയത്. കേസിൽ ജയിലിൽ കഴിയുന്ന ഏക പ്രതിയാണ് താനെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്‍റണിക്ക് ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.സുനിയുടെ ജാമ്യ വിഷയത്തിൽ സംസ്ഥാന സർക്കാരിന്‍റെ നിലപാട് കോടതി ആരാഞ്ഞിരുന്നു. എന്നാല്‍ കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തൊരു പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
അതേസമയം നടിയെ ആക്രമിച്ച കേസിൽ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് നടി നൽകിയ ഹരജി ഹൈക്കോടതി അടുത്ത വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. നടിയുടെ ആവശ്യപ്രകാരമാണ് ഹരജി മാറ്റിയത്. ഗൗരവമുള്ള ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ഉത്തരവാദിത്തം വേണമെന്ന് കോടതി നടിയുടെ അഭിഭാഷകയെ ഓർമ്മപ്പെടുത്തി . മെമ്മറി കാർഡ് ഫോറൻസിക് പരിശോധനക്ക് അയച്ചതിന്‍റെ ഫലം വന്നതായി മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞെന്നും എന്നാൽ ഇതിന്‍റെ പകർപ്പ് ലഭിച്ചിട്ടില്ലെന്നും നടി കോടതിയെ അറിയിച്ചു.
Adjust Story Font
16