പള്‍സര്‍ സുനിയെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു
ഇന്നലെ വൈകീട്ടാണ് സുനിയെ തൃശൂരിൽ എത്തിച്ചത്
തൃശൂര്‍: നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പൾസർ സുനിയെ തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ടാണ് സുനിയെ തൃശൂരിൽ എത്തിച്ചത്. ജാമ്യഹരജി സുപ്രീംകോടതി തള്ളിയതിന് ശേഷം സുനിയുടെ മാനസികാരോഗ്യം മോശമായെന്നാണ് വിവരം.
കഴിഞ്ഞ ആഴ്ചയാണ് സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയത്. കേസിലെ വിചാരണ നടപടികൾ ഇനിയും വൈകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പൾസർ സുനി ജാമ്യാപേക്ഷ നല്‍കിയത്. കേസിൽ ജയിലിൽ കഴിയുന്ന ഏക പ്രതിയാണ് താനെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്‍റണിക്ക് ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.സുനിയുടെ ജാമ്യ വിഷയത്തിൽ സംസ്ഥാന സർക്കാരിന്‍റെ നിലപാട് കോടതി ആരാഞ്ഞിരുന്നു. എന്നാല്‍ കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തൊരു പ്രതിക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്തുള്ള അനുബന്ധ കുറ്റപത്രം തയ്യാറായി. 1500 പേജുള്ള അനുബന്ധ കുറ്റപത്രത്തില്‍ ദിലീപിന്‍റെ സുഹൃത്തും വ്യവസായിയുമായ ശര്രത്താണ് ഏക പ്രതി. 125 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും എൺപതോളം പേരെയാണ് കുറ്റപത്രത്തിൽ പ്രോസിക്യൂഷൻ സാക്ഷികളാക്കിയിരിക്കുന്നത്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ 2017 നവംബർ മാസത്തിൽ ദിലീപിന്‍റെ പക്കൽ എത്തി എന്നുതന്നെയാണ് കുറ്റപത്രത്തിലുളളത്. സുഹൃത്തായ ശരത്താണ് ഇത് കൊണ്ടുവന്നത്. ഈ ദൃശ്യങ്ങൾ നശിപ്പിക്കുകയോ മനപൂർവം മറച്ചുപിടിക്കുകയോ ചെയ്യുന്നു എന്നാണ് കണ്ടെത്തൽ. ഇതിന്‍റെ പേരിലാണ് ശരത്തിനെ പ്രതി ചേർത്തിരിക്കുന്നത്.
ദിലീപിന്‍റെ വീട്ടിൽ ശരത് കൊണ്ടുവന്ന ദൃശ്യങ്ങൾ കണ്ടതിന് സംവിധായകന്‍ സംവിധായകൻ ബാല ചന്ദ്രകുമാര്‍ സാക്ഷിയാണ്. ദിലീപും സഹോദരൻ അനൂപും സുഹൃത്ത് ശരത്തുമടക്കമുളളവർ നടത്തുന്ന സംഭാഷണത്തിന്‍റെ ശബ്ദരേഖ, അനൂപിന്‍റെ ഫോണിന്‍റെ ഫൊറൻസിക് പരിശോധനയിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ സംബന്ധിച്ചുളള നാലുപേജ് വിവരണം...ഇത്തരം വിശദാംശങ്ങളാണ് ക്രൈബ്രാഞ്ച് തെളിവായി കണ്ടെത്തിയിട്ടുള്ളത്. ശരത്ത് പ്രതിയായ സാഹചര്യത്തില്‍ ദിലീപിതെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും. തെളിവുകൾ നശിപ്പിക്കുകയോ മറച്ചുപിടിക്കുകയോ ചെയ്യുന്നു എന്നതാണ് കുറ്റം.
Adjust Story Font
16