മുഖ്യമന്ത്രിയെയും ഇടതു പക്ഷത്തെയും അധിക്ഷേപിച്ചതുകൊണ്ടാണ് ഹരീഷ് പേരടിയെ ഒഴിവാക്കിയതെന്ന് പു.ക.സ
അവസാന നിമിഷം ഒഴിവാക്കിയതില്‍ പിഴവു പറ്റിയെന്നും അതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പു.ക.സ കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു
കോഴിക്കോട്: മുഖ്യമന്ത്രിയെയും ഇടതു പക്ഷത്തെയും അധിക്ഷേപിച്ചതുകൊണ്ടാണ് നടൻ ഹരീഷ് പേരടിയെ പരിപാടിയിൽ നിന്ന് ഒഴിവാക്കിയതെന്ന് പുരോഗമന കലാ സാഹിത്യ സംഘം. വലതുപക്ഷ ഗൂഢാലോചനക്ക് ഒപ്പം നിൽക്കുന്ന തരത്തിൽ ഹരീഷ് പേരടി പ്രതികരിച്ചു. അവസാന നിമിഷം ഒഴിവാക്കിയതില്‍ പിഴവു പറ്റിയെന്നും അതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പു.ക.സ കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു.
കോഴിക്കോട്ടേക്ക് പുറപ്പെട്ട ശേഷം വരേണ്ടെന്ന് സംഘാടകർ അറിയിച്ചുവെന്ന് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചിരുന്നു. പ്രത്യേക രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് വരേണ്ടെന്ന് പറയുകയായിരുന്നു. നാടക സംവിധായകൻ എ. ശാന്തന്‍റെ അനുസ്മരണ പരിപാടിയിൽ നിന്നാണ് ഒഴിവാക്കിയത്. പരിപാടിയുടെ ഉദ്ഘാടകൻ ആയി നിശ്ചയിച്ചത് ഹരീഷ് പേരടിയെ ആയിരുന്നു. നടൻ സുധീഷ് ആയിരുന്നു പരിപാടിയുടെ മുഖ്യാതിഥി. സമീപകാലത്ത് സർക്കാരിനെതിരെയും താരസംഘടന അമ്മയ്ക്കെതിരെയും കടുത്ത വിമർശനവുമായി ഹരീഷ് പേരടി ഫേസ്ബുക്കിലൂടെ രംഗത്തുവന്നിരുന്നു.
ഹരീഷിന്‍റെ കുറിപ്പ്
ശാന്താ ഞാൻ ഇന്നലെ കോയമ്പത്തൂരിലെ ലോക്കേഷനിൽ നിന്ന് അനുവാദം ചോദിച്ച് പു.കാ.സ യുടെ സംഘാടനത്തിലുള്ള നിന്റെ ഓർമ്മയിൽ പങ്കെടുക്കാൻ എറണാകുളത്തെ വീട്ടിലെത്തി..ഇന്നലെ രാത്രിയും സംഘാടകർ എന്നെ വിളിച്ച് സമയം ഉറപ്പിച്ചു...ഇന്ന് രാവിലെ ഞാൻ ബിന്ദുവിനേയും കൂട്ടി കോഴിക്കോട്ടേക്ക് പുറപ്പെട്ടു. പാതി വഴിയിൽവെച്ച് സംഘാടകരുടെ ഫോൺ വന്നു. പ്രത്യേക രാഷ്ട്രിയ സാഹചര്യത്തിൽ ഹരീഷ് ഈ പരിപാടിയിൽ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത് എന്ന സ്നേഹം പൊതിഞ്ഞ വാക്കുകളിൽ ...നിന്‍റെ ഓർമ്മകളുടെ സംഗമത്തിൽ ഞാൻ ഒരു തടസമാണെങ്കിൽ അതിൽ നിന്ന് മാറി നിൽക്കുകയെന്നതാണ് എനിക്ക് നിനക്ക് തരാനുള്ള ഏറ്റവും വലിയ സ്നേഹവും..അതുകൊണ്ട് ഞാൻ മാറി നിന്നു ...ഇത് ആരെയും കുറ്റപ്പെടുത്തുന്നതല്ല... ഇതാണ് സത്യം...പിന്നെ നിന്നെയോർക്കാൻ എനിക്ക് ഒരു സംഘടനയുടെയും സൗജന്യം ആവിശ്യമില്ലല്ലോ..."ദാമേട്ടാ സത്യങ്ങൾ വിളിച്ചു പറയാൻ എനിക്കെന്‍റെ ചൂണ്ടുവിരൽ വേണം"നാടകം-പെരുംകൊല്ലൻ
Adjust Story Font
16