സഹനസൂര്യന് വിട; പുഷ്പൻ്റെ മൃതദേഹം സംസ്കരിച്ചു
പാർട്ടി വാങ്ങിയ ഭൂമിയിലാണ് മൃതദേഹം സംസ്കരിച്ചത്
കോഴിക്കോട്: ഇന്നലെ അന്തരിച്ച സിപിഎം നേതാവ് പുഷ്പൻ്റെ മൃതദേഹം സംസ്കരിച്ചു. പാർട്ടി വാങ്ങിയ ഭൂമിയിലാണ് മൃതദേഹം സംസ്കരിച്ചത്. കോഴിക്കോടുള്ള മൃതദേഹം വിലാപയാത്രയായാണ് ചൊക്ലിയിലെ വീട്ടിലെത്തിച്ചത്. അന്ത്യയാത്രയിൽ ആയിരക്കണക്കിനാളുകളാണ് പുഷ്പന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ വഴികളിൽ കാത്തുനിന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനടക്കം മുതിർന്ന സിപിഎം നേതാക്കളെല്ലാം മൃതദേഹത്തെ അനുഗമിച്ചു പുഷ്പൻ്റെ വീട്ടിലെത്തി.
കോഴിക്കോടു നിന്ന് 11 മണിയോടുകൂടി മൃതദേഹം വിലാപയാത്രയായി തലശ്ശേരി ടൗൺ ഹാളിൽ എത്തിച്ചു. ഇവിടെ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് ഇവിടെ ഒരു മണിക്കൂർ പൊതുദർശനത്തിനുവെച്ചു. പുഷ്പനെ അവസാനമായി കാണാൻ ജനസാഗരമാണ് അവിടെ ഉണ്ടായിരുന്നത്. എം.വി രാഘവൻ്റെ മകനും സിപിഎം നേതാവുമായ എം.വി നികേഷ് കുമാറും പുഷ്പന് അന്ത്യാഭിവാദ്യം അർപ്പിച്ചു.
കൂത്തുപറമ്പ് വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പന്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്. ആഗസ്റ്റ് രണ്ടിന് വൈകിട്ടാണ് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയാഘാതമുണ്ടായതിനെതുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൂന്ന് പതിറ്റാണ്ടു നീണ്ട കിടപ്പുജീവിതത്തിനൊടുവിലാണ് അന്ത്യം. 1994 നവംബർ 25ന് കേരളത്തെ നടുക്കിയ കൂത്തുപറമ്പ് പൊലീസ് വെടിവയ്പ്പിൽ അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ വെടിയേറ്റ് ശരീരം തളർന്ന് ജീവിതകാലം മുഴുവൻ ശയ്യയിൽ ആയ വ്യക്തിയാണ് പുഷ്പൻ.
വെടിവെപ്പില്‍ സുഷുമ്നാനാഡി തകര്‍ന്ന് കഴുത്തിന് താഴെ ചലനശേഷി നഷ്ടമായി 24ാം വയസ്സിലാണ് അദ്ദേഹം കിടപ്പിലാവുന്നത്. അന്ന് മന്ത്രിയായിരുന്ന എം.വി രാഘവനെ തടയാനെത്തിയതായിരുന്നു പുഷ്പനടക്കമുള്ള സമരക്കാർ. കെ.കെ രാജീവൻ, കെ. ബാബു, മധു, കെ.വി റോഷൻ, ഷിബുലാൽ എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. ഡിവൈഎഫ്ഐ നിര്‍മിച്ചുനല്‍കിയ വീട്ടിലായിരുന്നു പുഷ്പന്റെ താമസം.
Adjust Story Font
16