Quantcast

പുഷ്പന്റെ മടക്കം മൂന്ന് പതിറ്റാണ്ടിനിടെ സിപിഎമ്മിലുണ്ടായ നയം മാറ്റങ്ങളുടെ മൂകസാക്ഷിയായി

എം.വി രാഘവന്റെ മകൻ എം.വി നികേഷ് കുമാർ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്ക് പോവുമ്പോഴാണ് സഖാക്കളുടെ കൈവലയത്തിൽ നിന്ന് ജീവിതംവിട്ട് പുഷ്പൻ മടങ്ങുന്നത്.

MediaOne Logo

Web Desk

  • Published:

    28 Sep 2024 11:38 AM GMT

Pushpans Death as a mute witness to the policy changes of CPM in three decades
X

കണ്ണൂർ: മൂന്ന് പതിറ്റാണ്ടിനിടെ കേരളത്തിലെ സിപിഎമ്മിലുണ്ടായ നയം മാറ്റങ്ങൾക്കെല്ലാം മൂകസാക്ഷിയായാണ് പുഷ്പന്റെ മടക്കം. സമരകാലങ്ങളിലെ മുദ്രാവാക്യങ്ങൾ നേതൃത്വം മറന്നപ്പോഴും വർഗശത്രുവെന്ന് മുദ്രകുത്തിയവരെ ചേർത്തുപിടിച്ചപ്പോഴും പുഷ്പൻ പുറമേയ്ക്ക് നിശബ്ദത പാലിച്ചു. സഹനങ്ങളുടെ കരുത്തായിരുന്നു പുഷ്പനെന്ന ജീവിക്കുന്ന രക്തസാക്ഷിയുടെ എക്കാലത്തെയും സമരായുധം.

മേനപ്രത്തെ കർഷക തൊഴിലാളി കുടുംബത്തിലായിരുന്നു പുഷ്പന്റെ ജനനം. എട്ടാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസം. സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കാലത്താണ് കുടുംബം പോറ്റാൻ ബെം​ഗളൂരുവിലേക്ക് വണ്ടി കയറിയത്. പലചരക്ക് കടയിലായിരുന്നു ജോലി. അപ്പോഴും നെഞ്ചിലെരിഞ്ഞത് പാർട്ടിയുടെ പ്രത്യയ ശാസ്ത്രം. 1994ലെ ഒരു നവംബർ മാസത്തിൽ അവധിക്കെത്തുമ്പോൾ നാട്ടിൽ പാർട്ടിയുടെ സ്വാശ്രയ വിരുദ്ധസമരം കത്തിപ്പടരുന്നു. ആ സമരമുഖത്തുനിന്ന് പുഷ്പൻ വെടിയേറ്റുവീണത് ജീവിതത്തിന്റെ മറ്റൊരു ദിശയിലേക്കാണ്.

വെടിയുണ്ട തളർത്തിയ ശരീരവുമായി കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലം മേനപ്രത്തെ വീടിന്റെ നാല് ചുവരുകൾക്കുളളിലായി പുഷ്പന്റെ ലോകം. അതിനിടെ പലവട്ടം പാർട്ടി കോൺഗ്രസുകൾ നടന്നു. നയവും നിലപാടുകളും മാറി. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ സമരം നടത്തിയ സിപിഎം അധികാരത്തിലെത്തിയപ്പോൾ സ്വാശ്രയ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരായി മാറി. പരിയാരം മെഡിക്കൽ കോള‌ജിന്റെ ഭരണം പിടിച്ചു.

പുഷ്പൻ വെടിയേറ്റുവീണ അന്നത്തെ സമരം നയിച്ച ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം.വി ജയരാജനെ മെഡിക്കൽ കോളജിന്റെ ചെയർമാനുമാക്കി. സിപിഎം നേതൃത്വത്തിൽ നാട്ടിലെങ്ങും സ്വാശ്രയസ്ഥാപനങ്ങൾ ഉയർന്നു. കൂത്തുപറമ്പ് വെടിവെപ്പിൽ സിപിഎം പ്രതിസ്ഥാനത്ത് നിർത്തിയ എം.വി രാഘവനെ രണ്ട് പതിറ്റാണ്ടിന് ശേഷം സിപിഎം ഏറ്റെടുത്തു.

മരണക്കിടക്കിയിൽ അർധബോധാവസ്ഥയിലായിരുന്ന രാഘവനെ അക്കാലത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ വീട്ടിൽ സന്ദർശിച്ചു. രാഘവനെ പാർട്ടി സഹയാത്രികനായി പ്രഖ്യാപിച്ചു. പിന്നീട് രാഘവന്റെ മകൻ അഴീക്കോട് നിയമസഭാ മണ്ഡലത്തിൽ പാർട്ടി ചിഹ്നത്തിൽ സിപിഎം സ്ഥാനാർഥിയായി.

പോരാട്ട കാലത്തെ മുദ്രാവാക്യങ്ങൾ ഓരോന്നും പാർട്ടി മറികടക്കുന്നത് നിസ്സഹായനായി നോക്കിക്കിടന്നപ്പോഴും ഒരെതിർ ശബ്ദവുമുയർത്തിയില്ല പുഷ്പൻ. കൂത്തുപറമ്പ് സംഭവത്തെ സിപിഎം രാഷട്രീയമായി കൈവിട്ടെങ്കിലും പാർട്ടി വേദികളിൽ പുഷ്പൻ ആഘോഷിക്കപ്പെട്ടു. എം.വി രാഘവന്റെ മകൻ എം.വി നികേഷ് കുമാർ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്ക് പോവുമ്പോഴാണ് സഖാക്കളുടെ കൈവലയത്തിൽ നിന്ന് ജീവിതംവിട്ട് പുഷ്പൻ മടങ്ങുന്നത്.



TAGS :

Next Story