Quantcast

യുവാക്കളുടെ ആശങ്ക പരിഗണിച്ച് അഗ്നിപഥ് പദ്ധതി നിർത്തിവെക്കണം- മുഖ്യമന്ത്രി

രാജ്യതാത്പര്യം മുൻനിർത്തി പ്രധാനമന്ത്രിയോട് അഭ്യർഥിക്കുന്നതായി മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു

MediaOne Logo

Web Desk

  • Published:

    18 Jun 2022 2:55 PM GMT

യുവാക്കളുടെ ആശങ്ക പരിഗണിച്ച് അഗ്നിപഥ് പദ്ധതി നിർത്തിവെക്കണം- മുഖ്യമന്ത്രി
X

തിരുവനന്തപുരം: യുവാക്കളുടെ ആശങ്കകൾ പരിഗണിച്ച് അഗ്നിപഥ് പദ്ധതി നിർത്തിവെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യതാത്പര്യം മുന്‍നിര്‍ത്തി പ്രധാനമന്ത്രിയോട് അഭ്യർഥിക്കുന്നതായി മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. അഗ്നിപഥ് പദ്ധതിക്കെതിരെ കേരളത്തിലും പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

അഗ്നിപഥ് പദ്ധതിക്കെതിരെ ഉയർന്നുവരുന്ന പ്രതിഷേധങ്ങൾ ഇന്ത്യയിലെ യുവാക്കളുടെ വികാരത്തിന്റെ വ്യക്തമായ സൂചനയാണ്. രാജ്യതാൽപ്പര്യം കണക്കിലെടുത്ത് സ്കീം നിർത്തിവെക്കാനും വിമർശനങ്ങളെ അഭിസംബോധന ചെയ്യാനും നമ്മുടെ യുവാക്കളുടെ ആശങ്കകൾ ശരിയായി പരിഗണിക്കാനും പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കുന്നു- ഇങ്ങനെയാണ് മുഖ്യമന്ത്രിയുടെ ട്വീറ്റ്.

അഗ്നിപഥ് പദ്ധതിക്കെതിരെ കേരളത്തില്‍ വിദ്യാർഥി- യുവജന സംഘടനകളുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എൻട്രൻസ് പരീക്ഷ വൈകുന്നതിനെതിരെ തിരുവനന്തപുരത്തും കോഴിക്കോടും ഉദ്യോഗാർഥികൾ മാർച്ച് നടത്തി. ഒന്നര വർഷം മുൻപ് ഫിറ്റ്നസ് ടെസ്റ്റും മെഡിക്കലും കഴിഞ്ഞിട്ടും പ്രവേശന പരീക്ഷ നടത്തുന്നില്ലെന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്.

തിരുവനന്തപുരത്ത് തമ്പാനൂരിൽ നിന്നും രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ അഞ്ഞൂറിലധികം പേർ പങ്കെടുത്തു. ആറ് തവണ തീയതി തീരുമാനിച്ചെങ്കിലും ഓരോ കാരണങ്ങൾ പറഞ്ഞ് പരീക്ഷ മാറ്റിവെച്ചു. അഗ്നിപഥിലൂടെ പ്രവേശനം വേണ്ടെന്നും എൻട്രൻസ് പരീക്ഷയിലൂടെ റിക്രൂട്ട്മെന്റ് നടത്തിയാൽ മതിയെന്നുമാണ് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നത്.

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്കായിരുന്നു ഉദ്യോഗാർഥികളുടെ മാർച്ച്. അഞ്ഞൂറിലധികം പേർ പ്രതിഷേധത്തിൽ പങ്കെടുത്തു. അഗ്നിപഥ് പദ്ധതിക്കെതിരെ മലപ്പുറം സിവിൽ സ്റ്റേഷനിലെ ദൂരദർശൻ ഓഫീസിലേക്ക് എസ്.എഫ്.ഐ മാർച്ച് നടത്തി. പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി സാനു പറഞ്ഞു.

പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കോഴിക്കോട് റെയിൽവെ സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. പത്തനംതിട്ട ഹെഡ് ഓഫീസിലേക്ക് എ.ഐ.വൈ.എഫ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. രണ്ട് പൊലീസുകാർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

TAGS :

Next Story