മന്ത്രി വാസവൻ നേരിട്ട് നയിച്ചിട്ടും വന്‍തോല്‍വി; പുതുപ്പള്ളി ഫലം സി.പി.എം ജില്ലാ നേതൃത്വത്തിനു തലവേദനയാകും
ക്രൈസ്തവവോട്ടുകളുടെ ഏകീകരണവും ഉമ്മൻ ചാണ്ടി അനുകൂല സഹതാപതരംഗത്തിന്‍റെ തീവ്രതയും തിരിച്ചറിയാൻ വൈകിയെന്നും പാർട്ടി വിലയിരുത്തുന്നു
വി.എന്‍ വാസവന്‍
കോട്ടയം: പുതുപ്പള്ളിയിലേറ്റ കനത്ത തോൽവി ജില്ലയിലെ സി.പി.എം ജില്ലാ നേതൃത്വത്തെ സാരമായി ബാധിക്കും. മന്ത്രി വി.എൻ വാസവൻ നേതൃത്വം നൽകിയ തെരഞ്ഞെടുപ്പ് പ്രചാരണം ഫലപ്രദമായില്ലെന്നും പാർട്ടി വിലയിരുത്തുന്നു. സഹതാപതരംഗത്തിനൊപ്പം ഭരണവിരുദ്ധ വികാരവും തിരിച്ചടിയായെന്ന് സി.പി.എം വിലയിരുത്തുന്നു.
ഇത്രയും കനത്ത തോൽവി സി.പി.എം പ്രതീക്ഷിച്ചിരുന്നില്ല. പഴുതടച്ച പ്രചാരണം നടത്തിയിട്ടും തോൽവി ഒഴിവാക്കാനായില്ല. ജില്ലയുടെ ചുമതലയുള്ള വാസവനായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിനു നേതൃത്വം നൽകിയത്. പാർട്ടി വോട്ടുകളിൽ വിള്ളൽ വീണിട്ടില്ലെന്ന സി.പി.എം അവകാശവാദം നിലനിൽക്കുമ്പോഴും കോട്ടയത്തെ പാർട്ടി നേതാക്കൾ കടുത്ത നിരാശയിലാണ്.
തെരഞ്ഞെടുപ്പ് രംഗത്തെ തിരിച്ചടികൾ സി.പി.എം ചർച്ച ചെയ്യും. ക്രൈസ്തവവോട്ടുകളുടെ ഏകീകരണവും ഉമ്മൻ ചാണ്ടി അനുകൂല സഹതാപതരംഗത്തിന്‍റെ തീവ്രതയും തിരിച്ചറിയാൻ വൈകിയെന്നും പാർട്ടി വിലയിരുത്തുന്നു. കേരള കോൺഗ്രസ് വോട്ടുകൾ കൃത്യമായി ലഭിക്കാത്തതും കോട്ടയത്തെ സി.പി.എമ്മിന് തലവേദനയാണ്.
ചില നേതാക്കൾ ചികിത്സാവിവാദം ഉയർത്തി പ്രസ്താവന നടത്തിയതും തിരിച്ചടിയായി. അവസാന റൗണ്ടിൽ എല്‍.ഡി.എഫ് പ്രചാരണം പിന്നിലായെന്ന സി.പി.ഐ റിപ്പോർട്ട് പുറത്തുവന്നതും പ്രതിരോധത്തിലായി. ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ 'കർട്ടൻ റെയ്സര്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന തെരഞ്ഞെടുപ്പു ഫലം സി.പി.എം നേതൃത്വം ആഴത്തില്‍ ചർച്ച ചെയ്യും.
Summary: The big defeat in Puthuppally will severely affect the CPM leadership in the district
Adjust Story Font
16