Quantcast

പുതുപ്പള്ളിയില്‍ പ്രചാരണ വിഷയങ്ങൾ മാറിമറിയുന്നു; താത്കാലിക ജീവനക്കാരിയെ പുറത്താക്കിയ സംഭവം ആയുധമാക്കി യു.ഡി.എഫ്

നുണ പ്രചരണത്തിലൂടെ വികസന രാഷ്ട്രീയത്തിൽ നിന്ന് ഒളിച്ചോടാൻ യു.ഡി.എഫ് ശ്രമിക്കുന്നു എന്നാണ് എൽ.ഡി.എഫിന്‍റെ ആരോപണം

MediaOne Logo

Web Desk

  • Published:

    23 Aug 2023 1:49 AM GMT

chandy oommen
X

ചാണ്ടി ഉമ്മന്‍ പ്രചരണത്തിനിടെ

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പ്രചാരണ വിഷയങ്ങൾ മാറിമറിയുന്നു. കൈതേപ്പാലം മൃഗാശുപത്രിയിലെ താത്കാലിക ജീവനക്കാരിയെ പുറത്താക്കിയതിന് പിന്നാലെ സി.പി.എം പഞ്ചായത്ത് അംഗത്തിന്‍റെ ഭീഷണി സന്ദേശം പുറത്തുവന്നതും എൽ.ഡി.എഫിനെതിരെ ആയുധമാക്കാൻ ആണ് യു.ഡി.എഫിന്‍റെ തീരുമാനം. നുണ പ്രചരണത്തിലൂടെ വികസന രാഷ്ട്രീയത്തിൽ നിന്ന് ഒളിച്ചോടാൻ യു.ഡി.എഫ് ശ്രമിക്കുന്നു എന്നാണ് എൽ.ഡി.എഫിന്‍റെ ആരോപണം.

മൃഗാശുപത്രിയിലെ തൂപ്പു ജോലിയിൽ നിന്നും സതിയമ്മയെ പുറത്താക്കിയതിന് നിയമപരമായ കാരണങ്ങൾ എൽ.ഡി.എഫിനും സർക്കാരിനും എളുപ്പത്തിൽ വിശദീകരിക്കാനാവും. എന്നാൽ ഈ വിഷയത്തിലെ മാനുഷിക പ്രശ്നം ഉന്നയിച്ചാണ് യു.ഡി.എഫ് പ്രചാരണം നടത്തുന്നത്. 8000 രൂപ മാത്രം ശമ്പളമുള്ള സതിയമ്മയ്ക്ക് ജോലി നഷ്ടപ്പെട്ടതോടെ മറ്റു വരുമാന മാർഗ്ഗങ്ങൾ ഇല്ലാതായി. ഈ നിസ്സഹായതയാണ് യു.ഡി.എഫ് ഉയർത്തിക്കാട്ടുന്നത്. പ്രചാരണവേദികളിൽ ഈ വിഷയം സജീവമായി ഉന്നയിക്കാനാണ് ഐക്യ ജനാധിപത്യ മുന്നണിയുടെ തീരുമാനം. വികസന സംവാദം ആഗ്രഹിക്കുന്ന എൽ.ഡി.എഫ് വിവാദം ചർച്ചയായി നിലനിർത്താൻ ആഗ്രഹിക്കുന്നില്ല. പാമ്പാടിയിൽ സിപിഎം പഞ്ചായത്ത് അംഗം തൊഴിലുറപ്പ് തൊഴിലാളിയെ പ്രചാരണ പരിപാടിക്ക് ഭീഷണിപ്പെടുത്തി ക്ഷണിക്കുന്നതിന്‍റെ ശബ്ദ സന്ദേശം പുറത്തുവന്നതും എൽ.ഡി.എഫിന് തിരിച്ചടിയായി. ഈ വിഷയത്തിലുള്ള ചോദ്യങ്ങൾക്കും മറുപടി പറയാൻ എല്‍.ഡി.എഫ് തയ്യാറായേക്കില്ല. പകരം മലപ്പുറത്തെ യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ കൊലപാതകം എല്‍.ഡി.എഫ് സ്ഥാനാർഥി സജീവമായി ഉന്നയിക്കുന്നുണ്ട്. എല്‍.ഡി.എഫ് പ്രചാരണത്തിനായി കൂടുതൽ മന്ത്രിമാരെത്തുന്നു സാഹചര്യത്തിൽ നിലവിലെ വിവാദങ്ങൾ ഒഴിവായി പോകുമെന്നാണ് എല്‍.ഡി.എഫ് ക്യാമ്പ് കണക്കുകൂട്ടുന്നത്.

അതേസമയം പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ്റെ പര്യടനം ഇന്നും തുടരും .വെണ്ണിമല ക്ഷേത്രത്തിനു സമീപം രാവിലെ രമേശ് ചെന്നിത്തല പര്യടനം ഉദ്ഘാടനം ചെയ്യും. വൈകീട്ട് കുടുംബ സംഗമങ്ങളിലും സ്ഥാനാർഥി പങ്കെടുക്കും. എല്‍.ഡി.എഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസ് ഇന്ന് വാകത്താനം, കൂരോപ്പട എന്നിവിടങ്ങളിൽ ഭവന സന്ദർശനം നടത്തും. ഇന്നും നാളെയും നടക്കുന്ന വിവിധ വികസന സംവാദങ്ങളിൽ 13 മന്ത്രിമാർ പങ്കെടുക്കും. വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ജെയ്ക്കിൻ്റെ പ്രചാരണത്തിനായി മണ്ഡലത്തിലെത്തും. എന്‍.ഡി.എ സ്ഥാനാർഥി ലിജിൻ ലാൽ അയർ കുന്നം, മണർകാട് എന്നിവിടങ്ങളിൽ വീട് കയറി വോട്ടു തേടും. സംസ്ഥാന നേതാക്കളുടെ കീഴിൽ പഞ്ചായത്ത് തല യോഗങ്ങളും ചേരും.



TAGS :

Next Story