പാർട്ടിയിൽ പ്രതീക്ഷയില്ലാതായി; എന്നെ പ്രതിയാക്കാൻ നീക്കം നടക്കുന്നു: പി.വി അൻവർ
അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ എന്താണ് കുഴപ്പമെന്ന് സ്പീക്കർ തന്നെ ചോദിച്ചതാണ്. പിന്നെ എന്തിനാണ് അന്വേഷണം നടത്തുന്നതെന്നും അൻവർ ചോദിച്ചു.
കോഴിക്കോട്: എഡിജിപി അജിത്കുമാറിനെതിരായ അന്വേഷണം പ്രഹസനമെന്ന് ആവർത്തിച്ച് പി.വി അൻവർ എംഎൽഎ. പൂരം കലക്കിയത് ആരാണെന്നും ആർക്ക് വേണ്ടിയാണെന്നും കേരളത്തിലെ ജനങ്ങൾക്കറിയാം. അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ എന്താണ് കുഴപ്പമെന്ന് സ്പീക്കർ തന്നെ ചോദിച്ചതാണ്. പിന്നെ എന്തിനാണ് അന്വേഷണം നടത്തുന്നതെന്നും അൻവർ ചോദിച്ചു.
വൈകിട്ട് 4.30 വാർത്താസമ്മേളനം പ്രഖ്യാപിച്ചെങ്കിലും അത് നടത്താനാവുമെന്ന് ഉറപ്പില്ല. അതിന് മുമ്പ് താൻ അഴിക്കുള്ളിലായേക്കാം. അല്ലെങ്കിൽ ഭൂമിയിൽനിന്ന് തന്നെ നിഷ്‌കാസിതനായേക്കാം. താൻ ഉന്നയിച്ച ആരോപണങ്ങളിൽ തന്നെ പ്രതിയാക്കാൻ ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. തന്റെ വീട്ടിലും ഓഫീസിലും പൊലീസ് രഹസ്യനിരീക്ഷണം നടത്തുന്നുണ്ട്. എന്തും ചെയ്യാൻ ശേഷിയുള്ള പൊലീസ് സംവിധാനമാണ് കേരളത്തിലുള്ളതെന്നും അൻവർ പറഞ്ഞു.
തന്റെ ആരോപണങ്ങളിൽ അന്വേഷണം നടക്കുമെന്ന പാർട്ടിയുടെ വാക്കുകൾ വിശ്വസിച്ചാണ് താൻ പിൻമാറിയിരുന്നത്. എന്നാൽ നിഷ്പക്ഷമായ അന്വേഷണം നടക്കുന്നില്ല. ആയിരം ശതമാനവും പാർട്ടിയിലുള്ള പ്രതീക്ഷ ഇല്ലാതായി. ശശിയെ സംരക്ഷിച്ചുകൊണ്ടാണ് എം.വി ഗോവിന്ദൻ സംസാരിച്ചത്. തനിക്ക് പറയാനുള്ളതെല്ലാം വൈകിട്ട് വാർത്താസമ്മേളനത്തിൽ വിശദീകരിക്കുമെന്നും അൻവർ വ്യക്തമാക്കി.
Adjust Story Font
16