'സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി മോഹൻദാസ് പക്കാ ആർഎസ്എസ്'; ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് തടഞ്ഞെന്ന് പി.വി അന്‍വര്‍ | 'CPM Malappuram District Secretary EN Mohandas is RSS'; alleges PV Anvar|Kerala News

'സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി മോഹൻദാസ് പക്കാ ആർഎസ്എസ്'; ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് തടഞ്ഞെന്ന് പി.വി അന്‍വര്‍

'ആർഎസ്എസ് സ്വഭാവം വീട്ടിൽ വച്ചാൽ മതി, പാർട്ടി ഓഫിസിൽ വേണ്ടെന്നു പറഞ്ഞ് ഒരു ജില്ലാ സെക്രട്ടറിയേറ്റ് അംഗം അടുത്തിടെ മോഹൻദാസിന്റെ കോളറിനു പിടിച്ചിരുന്നു'

MediaOne Logo

Web Desk

  • Updated:

    28 Sep 2024 7:18 AM

Published:

28 Sep 2024 4:51 AM

CPM Malappuram District Secretary EN Mohandas is pure RSS; alleges PV Anvar MLA
X

മലപ്പുറം: സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പി.വി അൻവർ എം.എൽ.എ. മോഹൻദാൻ പക്കാ ആർഎസ്എസ്സുകാരനാണെന്നും താൻ അഞ്ചു നേരം നമസ്‌കരിക്കുന്നതാണ് അദ്ദേഹത്തിനു പ്രശ്‌നമെന്നും അൻവർ ആരോപിച്ചു. നിലമ്പൂരിലെ വികസനം തടഞ്ഞെന്നും തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ ശ്രമിച്ചെന്നും എംഎൽഎ പറഞ്ഞു. അടുത്ത ദിവസം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും അറിയിച്ചു.

'ഞാൻ ഒരു സിപിഎം നേതാവിനെതിരെയും ആർഎസ്എസ് ബന്ധം ആരോപിച്ചിട്ടില്ല. എന്നാൽ, മോഹൻദാസ് പക്കാ ആർഎസ്എസ് ആണ്. ഞാൻ അഞ്ചുനേരം നമസ്‌കരിക്കുന്നത് ജില്ലാ സെക്രട്ടറിക്ക് സഹിക്കുന്നില്ല. പാർട്ടി യോഗങ്ങളുടെ സമയത്ത് നമസ്‌കരിക്കാൻ പോകുന്നതാണ് മോഹൻദാസിന് എന്നോടുള്ള പ്രശ്‌നം'-അൻവർ ആരോപിച്ചു.

മലപ്പുറം ജില്ലയിലെ സുജിത് ദാസിന്റെ വിഷയവും സമുദായത്തെ ക്രിമിനൽവൽക്കരിക്കുന്നതും ശരിയല്ലെന്നും ഇടപെടണമെന്നും പലതവണ സെക്രട്ടറിയോട് ഉണർത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോഹൻദാസിന് മുസ്‌ലിം വിരോധം, മറ്റു ന്യൂനപക്ഷ സമുദായങ്ങളോടും വിരോധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

'നിലമ്പൂരിലെ മലയോര മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മഹാഭൂരിപക്ഷവും ക്രൈസ്തവസഭകൾക്കു കീഴിലുള്ളതാണ്. എന്റെ എംഎൽഎ ഫണ്ടിൽനിന്ന് ഈ സ്ഥാപനങ്ങൾക്കെല്ലാം സഹായം നൽകിയിരുന്നു. എന്നാൽ, മതന്യൂനപക്ഷങ്ങളുടെ സ്ഥാപനങ്ങൾക്ക് സർക്കാർ ഫണ്ട് നൽകൽ പാർട്ടി നയമല്ലെന്നു പറഞ്ഞ് മോഹൻദാസ് എന്നെ താക്കീത് ചെയ്തിട്ടുണ്ട്. ഫണ്ട് കൊടുക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ടു. തിരുവനന്തപുരത്തേക്ക് ഇവിടെനിന്നു കൊടുത്ത കത്തുകൾ നേരിട്ടു വിളിച്ച് ചവിട്ടിയിട്ടുണ്ട് ഇദ്ദേഹം.

പാവപ്പെട്ട മലയോര കർഷകർ പതിറ്റാണ്ടുകൾക്കുമുൻപ് ഇവിടെ വന്ന് സ്ഥാപിച്ചതാണ് ഈ സ്ഥാപനങ്ങളെല്ലാം. ഇത് കമ്യൂണിസ്റ്റ് പാർട്ടിയാണെന്നും മലയോര കർഷകരുടെ കാര്യത്തിൽ ജാതിയും മതവും കർത്തരുതെന്നും സെക്രട്ടറിയോട് പറഞ്ഞിരുന്നു. ഇക്കാര്യം സൂചിപ്പിച്ച് സംസ്ഥാന കമ്മിറ്റിക്ക് ഞാൻ കത്ത് കൊടുത്തിട്ടുണ്ട്.'

അടുത്തിടെ പാർട്ടി ഓഫിസിൽ മോഹൻദാസിനെ ഒരു ജില്ലാ സെക്രട്ടറിയേറ്റ് അംഗം ചവിട്ടാൻ ശ്രമിച്ചിരുന്നുവെന്നും അൻവർ വെളിപ്പെടുത്തി. ആർഎസ്എസ് സ്വഭാവം വീട്ടിൽ വച്ചാൽ മതി, പാർട്ടി ഓഫിസിൽ വേണ്ടെന്നു പറഞ്ഞ് കോളറിനു പിടിച്ചിട്ടുണ്ട്. ഇത്രയും ആർഎസ്എസ് വൽകൃത മനസുമായി നടക്കുകയാണ്. മലപ്പുറത്ത് മുസ്‌ലിം സമുദായത്തെ തകർക്കാൻ വേണ്ടി രാപ്പകൽ ആർഎസ്എസ്സിനു വേണ്ടി നടക്കുകയാണ് മോഹൻദാസെന്നും പി.വി അൻവർ ആരോപിച്ചു.

Summary: 'CPM Malappuram District Secretary EN Mohandas is pure RSS'; alleges PV Anvar MLA

TAGS :

Next Story