Quantcast

'ജോലിത്തിരക്കുള്ള ആളാകും; അവൻ അവിടെ ഇരിക്കട്ടെ എന്ന ഭാവം വേണ്ട'; മലപ്പുറം എസ്.പിയെ വേദിയിലിരുത്തി വിമർശിച്ച് പി.വി അൻവർ

''കഞ്ചാവ് കച്ചവടക്കാരുമായി ചേർന്നു ചില പൊലീസ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതായി ഉന്നത ഉദ്യോഗസ്ഥൻ എന്നോട് പറഞ്ഞിട്ടുണ്ട്.''

MediaOne Logo

Web Desk

  • Updated:

    2024-08-20 07:49:45.0

Published:

20 Aug 2024 7:47 AM GMT

PV Anvar MLA criticizes Malappuram SP Sasidharan IPS on stage
X

മലപ്പുറം: ജില്ലാ പൊലീസ് മേധാവി ശശിധരൻ ഐ.പി.എസിനെ രൂക്ഷമായി വിമർശിച്ച് പി.വി അൻവർ എം.എൽ.എ. പരിപാടിയിൽ എത്താൻ വൈകിയതിലായിരുന്നു വിമർശനം. തന്റെ പാർക്കിലെ 2,000ത്തിലധികം ഭാരമുള്ള റോപ് മോഷണം പോയതിൽ പ്രതിയെ പിടികൂടാത്തതും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ജനങ്ങളുടെ മനോവികാരമുണ്ടാക്കാൻ പൊലീസിൽ ചിലർ ശ്രമിക്കുന്നുണ്ടെന്നും എം.എൽ.എ ആരോപിച്ചു.

മലപ്പുറത്ത് നടന്ന പൊലീസ് അസോസിയേഷൻ സമ്മേളനത്തിലായിരുന്നു എസ്.പിക്കും ഉദ്യോഗസ്ഥർക്കുമെതിരെ പി.വി അൻവറിന്റെ രൂക്ഷവിമർശനം. മലപ്പുറത്ത് പൊലീസിൽ ചില പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തെ, മന്ത്രി വി. അബ്ദുറഹ്മാനും മലപ്പുറത്തെ പൊലീസിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

കഞ്ചാവ് കച്ചവടക്കാരുമായി ചേർന്നു ചില പൊലീസ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥൻ തന്നോട് പറഞ്ഞതായും അൻവർ വെളിപ്പെടുത്തി. ചില പുഴുക്കുത്തുക്കൾ ഈ സർക്കാരിനെയും മുഖ്യമന്ത്രിയെയും പലഘട്ടത്തിലും പ്രതിസന്ധിയിലാക്കുന്നുണ്ട്. സർക്കാരിനെതിരെ ജനങ്ങളുടെ മനോവികാരമുണ്ടാക്കാൻ ചിലയാളുകൾ ശ്രമിക്കുന്നുണ്ട്. അതിന്റെ ഫലം കാണുന്നുമുണ്ട്. ദുരുദ്ദേശ്യപൂർവം താനെന്തോ വലിയയാളെന്ന നിലയിൽ പ്രവർത്തിക്കുകയാണ്.

എസ്.പി കുറേ സിം കാർഡ് പിടിച്ചത് ഞാൻ കണ്ടു. ഞങ്ങളുടെ 10 ലക്ഷത്തിന്റെ മുതലിന് യാതൊരു വിവരവുമില്ല. ഞാനൊരു പൊതുപ്രവർത്തകനാണ്. എന്റെ വീട്ടിൽ നടന്ന സംഭവത്തിൽ എന്നെ വിളിച്ചുസംസാരിക്കാനുള്ള ഉത്തരവാദിത്തം എസ്.പിക്കില്ലേയെന്നും അൻവർ ജില്ലാ പൊലീസ് മേധാവിയെ വേദിയിലിരുത്തി ചോദിച്ചു.

എസ്.പി ബോധപൂർവം പരിപാടിയിൽ വൈകിയെത്തിയെന്നും പി.വി അൻവർ ആരോപിച്ചു. രാവിലെ പത്തു മണിക്കു പറഞ്ഞ സമ്മേളനത്തിന് 9.50ന് മലപ്പുറത്ത് എത്തിയിട്ടുണ്ട്. എന്നാൽ, കുറച്ചുകൂടി കാത്തിരിക്കാനാണ് എന്നോട് വിളിച്ചുപറഞ്ഞത്. 27 മിനിറ്റ് ഞാൻ കാത്തിരുന്നു. എസ്.പി തിരക്ക് പിടിച്ച ഓഫിസറാണ്. അതിന്റെ ഭാഗമായാണു വൈകിയതെങ്കിൽ ഒരു പ്രശ്‌നവുമില്ല. എന്നാൽ, അവനവിടെ ഇരിക്കട്ടെ എന്ന ഭാവത്തിലാണെങ്കിൽ അദ്ദേഹം തന്നെ തീരുമാനിക്കേണ്ട കാര്യമാണെന്നും അൻവർ എം.എൽ.എ വിമർശിച്ചു.

എം.എൽ.എയ്ക്കു പിന്നാലെ സംസാരിക്കാനായി എണീറ്റ എസ്.പി ശശിധരൻ ഐ.പി.എസ് അൽപം തിരക്കിലാണെന്നു പറഞ്ഞ് പാതിവഴിയിൽ നിർത്തി. സംസാരിക്കാൻ ഇപ്പോൾ താൽപര്യമില്ലെന്നു പറഞ്ഞ് പ്രസംഗം ചുരുക്കുകയായിരുന്നു അദ്ദേഹം.

Summary: PV Anvar MLA criticizes Malappuram SP Sasidharan IPS on stage

TAGS :

Next Story