Quantcast

'സാഹിബേ, ആ വെള്ളം ഇറക്കിവെക്കുന്നതാണ് നല്ലത്'; എം.എം ഹസനോട് പി.വി അൻവർ

''ഞാനെന്റെ പിതൃസ്ഥാനീയനായാണ് മുഖ്യമന്ത്രിയെ കാണുന്നത്. മരണം വരെ ചെങ്കൊടിത്തണലിൽ ഞാനുണ്ടാകും''

MediaOne Logo

Web Desk

  • Updated:

    2024-09-05 15:50:41.0

Published:

5 Sep 2024 3:48 PM GMT

PV Anvar MLA rejects UDF convener MM Hassans invitation in allegations against police officers, PV Anvar allegations
X

കോഴിക്കോട്: യുഡിഎഫ് കൺവീനർ എം.എം ഹസന്റെ ക്ഷണം തള്ളി പി.വി അൻവർ എംഎൽഎ. ഇടതു മുന്നണിയിൽ തന്നെ ഉപയോഗിച്ചു വിള്ളലുണ്ടാക്കാമെന്ന വ്യാമോഹം കമ്യൂണിസ്റ്റ് വരുദ്ധർ കൈയിൽവെച്ചാൽ മതിയെന്ന് അൻവർ പ്രതികരിച്ചു. അൻവർ ആരോപണങ്ങളിൽ ഉറച്ചുനിന്നു നട്ടെല്ലോടെ മുന്നോട്ടുവന്നാൽ യുഡിഎഫ് രാഷ്ട്രീയമായി പിന്തുണ നൽകുമെന്നായിരുന്നു എം.എം ഹസൻ പറഞ്ഞത്.

പൊലീസിലെ ദുഷ്പ്രവണത പിണറായി വിജയന്റെ കാലത്ത് അവസാനിപ്പിക്കണമെന്ന സദുദ്ദേശ്യത്തോടെയാണ് മൂന്ന് പൊലീസ് ഓഫീസർമാരെ കുറിച്ച് തെളിവുകൾ നിരത്തി ചില കാര്യങ്ങൾ വെളിപ്പെടുത്തിയത്. അത് സിപിഎമ്മിനെ ദുർബലമാക്കാനും മുഖ്യമന്ത്രിയെ ക്ഷീണിപ്പിക്കാനുമാണ് എന്ന തരത്തിൽ പ്രതിപക്ഷവും ചില ഇടതുവിരുദ്ധ ശക്തികളും ആഘോഷിക്കുന്നത് കഥയറിയാതെ ആട്ടം കാണുന്നതിന് തുല്യമാണ്. എഡിജിപി അജിത്കുമാറും മലപ്പുറം മുൻ എസ്പി സുജിത്ദാസും ഇപ്പോഴത്തെ മലപ്പുറം എസ്പി ശശിധരനും, എൽഡിഎഫ് സർക്കാരിനെ ജനമധ്യത്തിൽ ഇകഴ്ത്തിക്കാണിക്കാനും മുഖ്യമന്ത്രിയുടെ സൽപ്പേര് ഇടിച്ചുതാഴ്ത്താനുമാണ് ശ്രമിച്ചത്. അക്കാര്യങ്ങളാണ് തെളിവുകൾ സഹിതം താൻ ചൂണ്ടിക്കാണിച്ചതെന്നും അൻവർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഐപിഎസ് ഉദ്യോഗസ്ഥരിലെ അഴിമതിക്കാരെയും 'മൊണാലിസ' കളിക്കുന്നവരെയും പുറത്തുകൊണ്ടുവരാനുള്ള എളിയ ശ്രമം മാത്രമാണ് ഞാൻ നടത്തിയത്. ഞാനെന്റെ പിതൃസ്ഥാനീയനായാണ് മുഖ്യമന്ത്രിയെ കാണുന്നത്. അദ്ദേഹത്തിനെതിരാണ് എന്റെ പോരാട്ടം എന്ന രീതിയിൽ നടത്തപ്പെടുന്ന പ്രചാരണങ്ങൾ സിപിഎമ്മിനെ ക്ഷീണിപ്പിക്കാൻ ലാക്കാക്കിയാണ്. മരണം വരെ ചെങ്കൊടിത്തണലിൽ ഞാനുണ്ടാകും. സിപിഎമ്മിൽനിന്നും മുഖ്യമന്ത്രിയിൽനിന്നും എന്നെ അകറ്റാമെന്ന് ആരും കിനാവ് കാണേണ്ട. അതിനായി വെച്ച വെള്ളം ബന്ധപ്പെട്ടവർ ഇറക്കി വെക്കുന്നതാണ് നല്ലത്.

നട്ടെല്ലോടെ മുന്നോട്ടുവന്നാൽ എന്നെ പിന്തുണക്കാമെന്ന എം.എം ഹസ്സൻ സാഹിബ് പറഞ്ഞതായി കേട്ടു. നട്ടെല്ലിന്റെ സ്ഥാനത്ത് ഒരു വാഴനാര് പോലുമില്ലാത്ത ഹസ്സൻ സാഹിബിന്റെ പിന്തുണ ഇക്കാര്യത്തിൽ എനിക്കുവേണ്ടെന്നും അൻവർ വ്യക്തമാക്കി.

പി.വി അൻവറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഇടതുപക്ഷ ജനാധിപത്യമുന്നണിയിൽ വിള്ളലുണ്ടാക്കാനും സിപിഎമ്മിനെ താറടിക്കാനും എന്നെ ഉപയോഗിക്കാമെന്ന വ്യാമോഹം കമ്യൂണിസ്റ്റ് വിരുദ്ധർ കയ്യിൽ വെച്ചാൽ മതി. ഉന്നത പൊലീസ് മേധാവികളിൽ പലരും സ്വന്തം നേട്ടത്തിനും സാമ്പത്തിക ലാഭത്തിനും സർക്കാരുകളെയും ഭരണകർത്താക്കളെയും തെറ്റിദ്ധരിപ്പിക്കുകയും ഒറ്റുകയും ചെയ്യുന്ന പ്രവണത കാലങ്ങളായി നിലനിൽക്കുന്നതാണ്. യുഡിഎഫ് കാലത്ത് ഇത്തരം ദുഷ്‌കൃത്യങ്ങൾക്ക് കയ്യുംകണക്കുമുണ്ടായിരുന്നില്ല. അത്തരം ദുഷ്പ്രവണത പിണറായി വിജയന്റെ കാലത്ത് അവസാനിപ്പിക്കണമെന്ന സദുദ്ദേശ്യത്തോടെയാണ് മൂന്ന് പൊലീസ് ഓഫീസർമാരെ കുറിച്ച് തെളിവുകൾ നിരത്തി ഞാൻ ചില കാര്യങ്ങൾ വെളിപ്പെടുത്തിയത്.

അത് സിപിഎമ്മിനെ ദുർബലമാക്കാനും മുഖ്യമന്ത്രിയെ ക്ഷീണിപ്പിക്കാനുമാണ് എന്ന തരത്തിൽ പ്രതിപക്ഷവും ചില ഇടതുവിരുദ്ധ ശക്തികളും ആഘോഷിക്കുന്നത് കഥയറിയാതെ ആട്ടം കാണുന്നതിന് തുല്യമാണ്. എഡിജിപി അജിത്കുമാറും മലപ്പുറം മുൻ എസ്പി സുജിത്ദാസും ഇപ്പോഴത്തെ മലപ്പുറം എസ്പി ശശിധരനും, എൽഡിഎഫ് സർക്കാരിനെ ജനമധ്യത്തിൽ ഇകഴ്ത്തിക്കാണിക്കാനും മുഖ്യമന്ത്രിയുടെ സൽപ്പേര് ഇടിച്ചുതാഴ്ത്താനുമാണ് ശ്രമിച്ചത്. അക്കാര്യങ്ങളാണ് തെളിവുകൾ സഹിതം ഞാൻ ചൂണ്ടിക്കാണിച്ചത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ ഇക്കാര്യങ്ങൾ ധരിപ്പിച്ചപ്പോൾ അദ്ദേഹത്തിൽനിന്ന് വളരെ നല്ല പ്രതികരണമാണ് ഉണ്ടായത്. ശരിയായ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകുകയും ചെയ്തു. അത് കഴിഞ്ഞ് പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററെ കണ്ട് വസ്തുതകൾ ധരിപ്പിച്ചു. അദ്ദേഹവും മുഖ്യമന്ത്രിയുമായി ആലോചിച്ച് വേണ്ടത് ചെയ്യാമെന്ന് സമ്മതിച്ചു.

പൊലീസിലെ ഉന്നതരുടെ കൊള്ളരുതായ്മകൾ എന്തുവിലകൊടുത്തും തടയണമെന്ന ദൃഢനിശ്ചയക്കാരനാണ് കേരളത്തിന്റെ മുഖ്യമന്ത്രി. പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിൽ കുറ്റം ചെയ്യുന്ന പൊലീസുകാർക്കെതിരെ, ശബ്ദമുയർത്തി നൽകിയ ശക്തമായ മുന്നറിയിപ്പ് കേട്ടവരെ മുഴുവൻ ആവേശം കൊള്ളിച്ചത് മറക്കാനാവില്ല. പൊലീസിന് കളങ്കമുണ്ടാക്കിയ 125 പൊലീസുകാരെ ചരിത്രത്തിൽ ആദ്യമായി സർവീസിൽ നിന്ന് പിരിച്ചുവിട്ട കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. പൊലീസ് സേനയിലെ മുടിചൂടാമന്നന്മാർക്കെതിരെ പരസ്യമായി രംഗത്തുവരാൻ എനിക്ക് ആത്മവിശ്വാസം നൽകിയത് അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത ഇത്തരം സമീപനങ്ങളാണ്.

അവിഹിതമായി സമ്പാദിക്കുന്നവർ സാധാരണ പറയാറുള്ള ന്യായമാണ് ഭാര്യവീട്ടിൽനിന്ന് സമ്മാനമായി കിട്ടിയതാണ്, വീടും സ്ഥലവും കാറുമെല്ലാമെന്നാണ്. എഡിജിപി അജിത്കുമാറും അതേ ന്യായമാണ് നിരത്തുന്നത്. ചെയ്ത തെറ്റുകൾ മറച്ചുവെക്കാനും തെളിവുകൾ നശിപ്പിക്കാനും സുജിത്ദാസും അജിത്കുമാറും അരയും തലയും മുറുക്കി രംഗത്തുണ്ട്. മലപ്പുറം എസ്പി ഓഫിസിൽ നിന്ന് തേക്ക് മുറിച്ച് കടത്തിയത് തേച്ചുമായ്ച്ചു കളയാൻ അയൽവാസിയായ സ്ത്രീയിൽനിന്ന് കള്ളപ്രസ്താവന എഴുതിവാങ്ങിയത് തന്നെ ഇതിന്റെ തെളിവാണ്. കരീം എസ്പി ആയിരിക്കെയാണ് മരം മുറിച്ചത് എന്നു പറയാൻ ക്യാമ്പ് ഓഫിസിലെ പൊലീസുകാർ പറഞ്ഞതായി ആ സ്ത്രീ വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്നതാണ്. സുജിത്ദാസ് എസ്പിയായിരിക്കെ കരിപ്പൂർ എയർപോർട്ടിന്റെ പുറത്തുവച്ച് പിടികൂടിയ സ്വർണത്തിന്റെ വാഹകരെ വിളിച്ച് അന്വേഷിച്ചാൽ സത്യം പുറത്തുവരും.

ഐപിഎസ് ഉദ്യോഗസ്ഥരിലെ അഴിമതിക്കാരെയും 'മൊണാലിസ' കളിക്കുന്നവരെയും പുറത്തുകൊണ്ടുവരാനുള്ള എളിയ ശ്രമം മാത്രമാണ് ഞാൻ നടത്തിയത്. ഞാനെന്റെ പിതൃസ്ഥാനീയനായാണ് മുഖ്യമന്ത്രിയെ കാണുന്നത്. അദ്ദേഹത്തിനെതിരാണ് എന്റെ പോരാട്ടം എന്ന രീതിയിൽ നടത്തപ്പെടുന്ന പ്രചാരണങ്ങൾ സിപിഎമ്മിനെ ക്ഷീണിപ്പിക്കാൻ ലാക്കാക്കിയാണ്. മരണം വരെ ചെങ്കൊടിത്തണലിൽ ഞാനുണ്ടാകും.

സിപിഎമ്മിൽനിന്നും മുഖ്യമന്ത്രിയിൽനിന്നും എന്നെ അകറ്റാമെന്ന് ആരും കിനാവ് കാണേണ്ട. അതിനായി വെച്ച വെള്ളം ബന്ധപ്പെട്ടവർ ഇറക്കി വെക്കുന്നതാണ് നല്ലത്. നട്ടെല്ലോടെ മുന്നോട്ടുവന്നാൽ എന്നെ പിന്തുണക്കാമെന്ന എം.എം ഹസ്സൻ സാഹിബ് പറഞ്ഞതായി കേട്ടു. നട്ടെല്ലിന്റെ സ്ഥാനത്ത് ഒരു വാഴനാര് പോലുമില്ലാത്ത ഹസ്സൻ സാഹിബിന്റെ പിന്തുണ ഇക്കാര്യത്തിൽ എനിക്കുവേണ്ട.

Summary: PV Anvar MLA rejects UDF convener MM Hassan's invitation in allegations against police officers

TAGS :

Next Story