Quantcast

'ജയിലിലിട്ട് എന്നെ കൊല്ലുമായിരിക്കും; ജീവൻ ബാക്കിയുണ്ടെങ്കിൽ പുറത്തിറങ്ങിയാൽ ബാക്കി കാണിച്ചുകൊടുക്കാം'-അറസ്റ്റിനു മുൻപ് പി.വി അൻവർ

'പിണറായി വിജയന്റെ നിർദേശം പാലിക്കുകയാണ് പൊലീസ്. പിണറായിയും പി. ശശിയുമാണ് അറസ്റ്റിന് പിന്നിലുള്ളത്'

MediaOne Logo

Web Desk

  • Updated:

    2025-01-05 19:13:33.0

Published:

5 Jan 2025 5:01 PM GMT

ജയിലിലിട്ട് എന്നെ കൊല്ലുമായിരിക്കും; ജീവൻ ബാക്കിയുണ്ടെങ്കിൽ പുറത്തിറങ്ങിയാൽ ബാക്കി കാണിച്ചുകൊടുക്കാം-അറസ്റ്റിനു മുൻപ് പി.വി അൻവർ
X

മലപ്പുറം: ഭരണകൂട ഭീകരതയാണ് അറസ്റ്റ് എന്ന് പി.വി അൻവർ എംഎൽഎ. നിലമ്പൂർ വനം വകുപ്പ് ഓഫീസ് ആക്രമണത്തിൽ പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നതിനു തൊട്ടുമുൻപാണ് അൻവറിന്റെ പ്രതികരണം. ആഭ്യന്തര വകുപ്പ് ഭരിക്കുന്ന പിണറായി വിജയന്റെ നിർദേശം പാലിക്കുകയാണ് പൊലീസ്. ഇതിനു പിന്നിൽ പിണറായിയും പി. ശശിയുമാണ്. ജയിലിലിട്ട് തന്നെ കൊല്ലാനിടയുണ്ട്. ജീവൻ ബാക്കിയുണ്ടെങ്കിൽ പുറത്തിറങ്ങിയാൽ ബാക്കി കാണിച്ചുകൊടുക്കാമെന്നും അൻവർ പറഞ്ഞു.

എംഎൽഎയായതു കൊണ്ടാണ് അറസ്റ്റിനു വഴങ്ങിക്കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫോൺ ചെയ്ത് ആളെക്കൂട്ടി വേണമെങ്കിൽ അറസ്റ്റ് തടയാമായിരുന്നു. ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് പിണറായിയാണ്. ആ നിർദേശം പാലിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥർ ചെയ്യുന്നത്. നിയമസഭാ സാമാജികനായതുകൊണ്ടാണ് ഞാൻ വഴങ്ങുന്നത്. അല്ലെങ്കിൽ പിണറായിയുടെ അപ്പന്റെ അപ്പൻ വിചാരിച്ചാലും എന്നെ അറസ്റ്റ് ചെയ്യാൻ കഴിയുമായിരുന്നില്ല. നിയമത്തിനു കീഴടങ്ങുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും അൻവർ പറഞ്ഞു.

'ഒരുപക്ഷേ, എന്നെ ജയിലിലിട്ട് കൊല്ലുമായിരിക്കും. പലരെയും കൊന്നിട്ടുണ്ടല്ലോ.. പലർക്കും വിഷം കൊടുത്തിട്ടുമുണ്ട്. ജീവൻ ബാക്കിയുണ്ടെങ്കിൽ പുറത്തിറങ്ങിയാൽ ബാക്കി കാണിച്ചുകൊടുക്കാം. എന്റെ തലയിൽ ഒരു സാധനം എഴുതിയിട്ടുണ്ട്. അതിനനുസരിച്ചേ ജീവിതം പോകൂ. അതിന്റെ ബാക്കിയാണ് ഇന്നത്തെ അറസ്റ്റ്.'

പിണറായി മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരിക്കെ എന്തു നിയമമാണ് അദ്ദേഹത്തിനു ബാധകമായിട്ടുള്ളത്. സുപ്രിംകോടതി വരെ പോയിട്ട് ജാമ്യം തള്ളിയ എത്ര കൊലകൊമ്പന്മാരുണ്ട് ഇവിടെ. ആരെയും അറസ്റ്റ് ചെയ്യുന്നില്ല. ഇതൊരു പേരിനുള്ള അറസ്റ്റാണെന്നും അൻവർ കൂട്ടിച്ചേർത്തു.

കാട്ടാനയാക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചതിൽ പ്രതിഷേധിച്ചായിരുന്നു അൻവറിന്റെ പാർട്ടിയായ ഡിഎംകെ പ്രവർത്തകർ ഇന്ന് വനംവകുപ്പ് ഓഫീസിലേക്ക് അതിക്രമിച്ചു കയറിയത്. പിന്നാലെ പ്രതിഷേധക്കാർ ഓഫീസ് അടിച്ചുതകർക്കുകയായിരുന്നു. സംഭവത്തിൽ അൻവറിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്. പി.വി അൻവറടക്കം 11 പേർക്കെതിരെയാണ് കേസ്. പിഡിപിപി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.

Summary: PV Anvar reaction just before getting arrested in forest office vandalizing case

TAGS :

Next Story