പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ; ചേലക്കരയിലെ സ്ഥാനാർഥിയെ പിൻവലിക്കില്ല- നിലപാട് അറിയിച്ച് പി.വി അൻവർ
ഫാസിസം കടന്നുവരാതിരിക്കനാണ് രാഹുലിനെ പിന്തുണക്കുന്നതെന്നും അൻവർ വ്യക്തമാക്കി.
പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ നിലപാട് മയപ്പെടുത്തിയും പാലക്കാട്ടെ സ്ഥാനാർഥിയെ പിൻവലിച്ചും പി.വി അൻവർ എംഎൽഎ. പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് ഡിഎംകെ നിരുപാധിക പിന്തുണ നൽകുമെന്ന് പി.വി അൻവർ അറിയിച്ചു. ഫാസിസം കടന്നുവരാതിരിക്കനാണ് രാഹുലിനെ പിന്തുണക്കുന്നതെന്നും അൻവർ വ്യക്തമാക്കി. പാലക്കാട് നടന്ന ഡിഎംകെ സ്ഥാനാർഥി മിൻഹാജിന്റെ റോഡ്ഷോയ്ക്കു ശേഷം നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അൻവർ.
രാഹുൽ മാങ്കൂട്ടത്തിലിനെ വിജയിപ്പിക്കാനുള്ള പ്രവർത്തനത്തിന് എല്ലാവിധ പിന്തുണയും നൽകാൻ ഇന്നു ചേർന്ന ഡിഎംകെ യോഗത്തിൽ തീരുമാനിച്ചു. അത് നേതാക്കളുടെ വലിപ്പം കണ്ടിട്ടല്ല. ഇവിടെ ഇപ്പോഴും കോൺഗ്രസിനെ വളഞ്ഞ വഴിയിലൂടെ വളർത്താൻ ശ്രമിക്കുന്ന സ്വാർഥ സ്വഭാവം കാണാതിരുന്നിട്ടല്ല. രണ്ട് ദിവസം മുമ്പ് അപമാനിച്ചിട്ടും അതെല്ലാം സഹിക്കുകയാണ്.
കാരണം ഇവിടെ ഫാസിസത്തിന് കടന്നുവരാൻ ഒരു വഴിയും തുറക്കരുത് എന്നാണ് ഡിഎംകെ ആഗ്രഹിക്കുന്നത്. അതിനു വേണ്ടിയുള്ള പോരാട്ടം അതിശക്തമായി തുടരും. തന്നെ വ്യക്തിപരമായി അപമാനിച്ചതിന് കണക്കുതീർക്കാനുള്ള സമയമായി താനും ഡിഎംകെ പ്രവർത്തകരും ഈയവസരത്തെ കാണുന്നില്ല. ആത്മാർഥമായി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രവർത്തനത്തിനൊപ്പം തങ്ങളുമുണ്ടാവും. മിൻഹാജിനെ സ്നേഹിക്കുന്നവരാണ് പരിപാടിക്ക് എത്തിയതെന്നും അൻവർ പറഞ്ഞു.
'കോൺഗ്രസ് നേതൃത്വത്തോട് കാലു പിടിച്ച് അപേക്ഷിക്കുകയാണ്. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിക്ക് സ്വതന്ത്ര ചിഹ്നം നൽകണം. രാഹുൽ മാങ്കൂട്ടത്തിലിനെ സ്വതന്ത്രനായി മത്സരിപ്പിക്കണം. ചേലക്കരയിൽ പിണറായിസത്തിന് എതിരെയാണ് പോരാട്ടം. എഐസിസി അംഗമാണ് അവിടെ മത്സരിക്കുന്നത്. കോൺഗ്രസ് നേതൃത്വത്തിലുള്ള നെക്സസിൻ്റെ ഭാഗമായാണ് എൻ.കെ സുധീർ തഴയപ്പെട്ടത്. ചേലക്കരയിൽ കോൺഗ്രസ് സുധീറിനെ പിന്തുണയ്ക്കണം. രമ്യാ ഹരിദാസിനെ പിൻവലിക്കണം. അമേരിക്കൻ പ്രസിഡൻ്റ് വന്നാലും ചേലക്കരയിലെ ഡിഎംകെ സ്ഥാനാർഥിയെ പിൻവലിക്കില്ല. ഇനി ഈ വിഷയത്തിൽ ചർച്ചയുമില്ല'- പി.വി അൻവർ കൂട്ടിച്ചേർത്തു.
Adjust Story Font
16