'കാസർകോടും മലപ്പുറവും ഏറ്റവും മോശം ഉദ്യോഗസ്ഥരെ വിടുന്ന സ്ഥലം'; മരിച്ച ഓട്ടോ ഡ്രൈവറുടെ കുടുംബത്തെ സന്ദര്‍ശിച്ച് പി.വി അന്‍വര്‍
മരിച്ച അബ്ദുൽ സത്താറിന്റെ ഓട്ടോ പൊലീസ് സ്റ്റേഷനിൽ കിടന്നപ്പോൾ ചോദ്യം ചെയ്യാൻ ആരാണുണ്ടായതെന്നും അൻവർ ചോദിച്ചു
കാസർകോട്: സംസ്ഥാനത്തെ ഏറ്റവും മോശം ഉദ്യോഗസ്ഥരെ പറഞ്ഞുവിടുന്ന സ്ഥലമാണ് കാസർകോടും മലപ്പുറവുമെന്ന് പി.വി അൻവർ എംഎൽഎ. സംസ്ഥാനത്ത് പൊലീസ് ഗുണ്ടായിസമാണു നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കാസർകോട്ട് ആത്മഹത്യചെയ്ത ഓട്ടോ ഡ്രൈവർ അബ്ദുൽ സത്താറിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ പൊലീസിനെ കണ്ടാൽ ജനങ്ങൾക്ക് പേടിയാണ്. പൊലീസ് സ്റ്റേഷനിലേക്ക് പൊതുപ്രവർത്തകർക്ക് കയറിച്ചെല്ലാൻ സാധിക്കുന്നില്ല. കേരള പൊലീസിന്റെ ഏറ്റവും വലിയ ഇരകൾ ഓട്ടോ തൊഴിലാളികളും ഇരുചക്ര വാഹനക്കാരുമാണ്. ടാർഗറ്റ് തികയ്ക്കാൻ പാവങ്ങളിൽനിന്ന് തട്ടിപ്പറിക്കുകയാണ്. തട്ടിപ്പുസംഘത്തിന്റെ തനി സ്വഭാവമാണ് പൊലീസ് കാണിക്കുന്നത്. കോടികൾ പിരിച്ചെടുക്കാൻ ഓട്ടോ തൊഴിലാളികളുടെ മെക്കിട്ടു കയറുകയാണെന്നും അദ്ദേഹം പറഞ്ഞു.
മരിച്ച അബ്ദുൽ സത്താറിന്റെ ഓട്ടോ പൊലീസ് സ്റ്റേഷനിൽ കിടന്നപ്പോൾ ചോദ്യം ചെയ്യാൻ ആരാണുണ്ടായതെന്നും അൻവർ ചോദിച്ചു. തൊഴിലാളി യൂനിയനുകൾ എവിടെയായിരുന്നു? പ്രതികരിക്കാൻ ജനങ്ങൾക്ക് പേടിയാണ്. എസ്‌ഐ അനൂപിനെ ഡിസ്മിസ് ചെയ്യണം. ആഭ്യന്തരമന്ത്രി അതാണ് ചെയ്യേണ്ടത്. എല്ലാം മറച്ചുവച്ച് മാന്യമായ ഭരണം നടത്തുന്നുവെന്ന് പറയുന്നതിൽ അർഥമില്ല. സർക്കാർ സത്താറിന്റെ കുടുംബത്തിന് വീടുവച്ചുകൊടുക്കണം. കുടുംബത്തിന്റെ പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ ജനങ്ങൾ 10 രൂപയെങ്കിലും കുടുംബത്തിന് നൽകണമെന്നും അൻവർ ആവശ്യപ്പെട്ടു.
Adjust Story Font
16