ലീഡറോടെ ബഹുമാനമുള്ളൂ, അദ്ദേഹത്തിന്റെ തഴമ്പിന്റെ കഥ പറഞ്ഞ് ഇന്നും ജീവിക്കുന്ന ഇത്തിൾക്കണ്ണിയോടതില്ല- കെ. മുരളീധരനെതിരേ പി.വി. അൻവർ
''ഇവിടെ കിങ്ങിണികുട്ടന്മാരില്ല.. ജീവിക്കാനായി മണ്ണിൽ പണിയെടുക്കുന്ന കുറച്ച് ജീവിതങ്ങളാണിവിടെയുള്ളത്''
സഭാ സമ്മേളനം ഉപേക്ഷിച്ച് ബിസിനസ് ആവശ്യാർഥം ആഫ്രിക്കയിലെ സിയേറ ലിയോണിലേക്ക് പോയ പി.വി. അൻവർ എംഎൽഎയെ വിമർശിച്ച കെ. മുരളീധരൻ എംപിക്കെതിരേ രൂക്ഷ വിമർശനവുമായി പി.വി. അൻവർ.
''ലീഡറോടെ ബഹുമാനമുള്ളൂ. അദ്ദേഹത്തിന്റെ തഴമ്പിന്റെ കഥ പറഞ്ഞ് ഇന്നും ജീവിക്കുന്ന ഇത്തിൾക്കണ്ണിയോടതില്ല.
രാമനിലയത്തിലെ ഗീതോപദേശത്തിന്റെ കഥ പറയാൻ ഞാൻ ഉണ്ണിത്താനല്ല. പി.വി.അൻവറാണ്.'' -ഇതായിരുന്നു മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരേ അൻവറിന്റെ പ്രതീകരണം.
സഭാസമ്മേളനത്തിൽ പങ്കെടുക്കാതെ ആഫ്രിക്കയിൽ സ്വർണ ഖനനത്തിന് പോയത് ഗുരുതര ചട്ടലംഘനമെന്നായിരുന്നു കെ മുരളീധരൻ എംപിയുടെ പരാമർശം. അൻവറിന്റെ മോശം പ്രതികരണത്തിൽ മുഖ്യമന്ത്രി മറുപറയണമെന്നും ജനങ്ങളോട് എംഎൽഎയെകൊണ്ട് മാപ്പ് പറയിപ്പിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടിരുന്നു.
ഇതിന് മറുപടിയായി നിലമ്പൂരിന്റെ മാപ്പ് വേണോ സിയേറ ലിയോണിന്റെ മാപ്പ് വേണോ എന്ന പരിഹാസവുമായി പി.വി. അൻവർ രംഗത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് ഈ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇവിടെ കിങ്ങിണികുട്ടന്മാരില്ല..ജീവിക്കാനായി മണ്ണിൽ പണിയെടുക്കുന്ന കുറച്ച് ജീവിതങ്ങളാണിവിടെയുള്ളത്..
ഇനി അവിടുത്തെ കാര്യം..ലീഡറോടെ ബഹുമാനമുള്ളൂ. അദ്ദേഹത്തിന്റെ തഴമ്പിന്റെ കഥ പറഞ്ഞ് ഇന്നും ജീവിക്കുന്ന ഇത്തിൾക്കണ്ണിയോടതില്ല. രാമനിലയത്തിലെ ഗീതോപദേശത്തിന്റെ കഥ പറയാൻ ഞാൻ ഉണ്ണിത്താനല്ല.
പി.വി.അൻവറാണ്.. പറയാനുള്ളത് നേരിട്ട് തന്നെ പറയും..
കള്ളവാർത്തകൾ നൽകിയ മാധ്യമങ്ങളാണ് തന്നെ നാടുകടത്തിയതെന്ന് പി.വി. അൻവർ എം.എൽ.എ മീഡിയ വണിനോട് പറഞ്ഞു. ബിസിനസ് ആവശ്യാർത്ഥം ആഫ്രിക്കയിലെ സിയേറ ലിയോണിലാണെന്നും അവിടെ സ്വർണ ഖനനത്തിലാണെന്നും അൻവർ പറഞ്ഞു. സാമ്പത്തിക ബാധ്യത കാരണം നാട്ടിൽ നിൽക്കാൻ വയ്യാതെയാണ് ആഫ്രിക്കയിൽ സ്വർണ ഖനനത്തിന് പോയത്. പാർട്ടിയുടെ അനുമതിയോടെയാണ് പോയതെന്നും പാർട്ടി തനിക്ക് മൂന്നു മാസത്തെ അവധി അനുവദിച്ചിട്ടുണ്ടെന്നും എം.എൽ.എ വ്യക്തമാക്കി. നാട്ടിലില്ലെങ്കിലും ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹിക്കാൻ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കല്യാണങ്ങൾക്കു പോകലും വയറു കാണലുമല്ല തൻറെ പണിയെന്ന് കടുത്ത ഭാഷയിൽ വിമർശകർക്കെതിരെ പ്രതികരിച്ച അൻവർ യു.ഡി.എഫ് തന്നെ നിരന്തരം വേട്ടയാടുന്നതായും ആരോപിച്ചു.
നിലമ്പൂർ മണ്ഡലത്തിൽ നിന്നും അപ്രത്യക്ഷനായെന്ന പ്രതിപക്ഷ പ്രചാരണത്തിന് പിന്നാലെ കഴിഞ്ഞ ദിവസം അൻവർ രൂക്ഷ പ്രതികരണവുമായി ഫേസ്ബുക്കിൽ രംഗത്തെത്തിയിരുന്നു. പുതിയ വാർത്ത തനിക്ക് നല്ല വിസിബിലിറ്റിയും എൻട്രിയും ഉണ്ടാക്കിയെന്നതിനപ്പുറം രോമത്തിൽ തൊടാൻ പോലും കഴിഞ്ഞിട്ടില്ലെന്ന് പി.വി അൻവർ പറഞ്ഞു. ആര്യാടൻറെ വീടിൻറെ പിന്നാമ്പുറത്ത് നിന്ന് കിട്ടുന്ന എച്ചിലും വണ്ടിക്കാശും വാങ്ങി ആ വഴി പൊയ്‌ക്കോണമെന്നും അതിനപ്പുറം ഒരു ചുക്കും നിലമ്പൂരിൽ കാട്ടാൻ കഴിയില്ലെന്നും അൻവർ ആഞ്ഞടിച്ചു. മുങ്ങിയത് താനല്ല വാർത്ത എഴുതിയ റിപ്പാർട്ടറുടെ തന്തയാണെന്നും പി.വി അൻവർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇക്കഴിഞ്ഞ ജൂണിലാണ് പി.വി അൻവർ ആഫ്രിക്കയിലേക്ക് തിരികെ പോയത്. നിയമസഭാ സമ്മേളനത്തിലടക്കം പി.വി അൻവർ പങ്കെടുത്തിരുന്നില്ല. എം.എൽ.എയുടെ ഔദ്യോഗിക നമ്പറും മാധ്യമങ്ങൾക്കടക്കം ലഭ്യമല്ല, സ്വിച്ച്ഡ് ഓഫാണെന്നാണ് ലഭിക്കുന്ന മറുപടി. എം.എൽ.എയെ കാണാനില്ലെന്ന പരാതി പ്രതിപക്ഷ കക്ഷിക്കളടക്കം ഉയർത്തിക്കാട്ടിയിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് മണ്ഡലത്തിലെ എം.എൽ.എയുടെ അസാന്നിധ്യം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
Adjust Story Font
16