Quantcast

ഒടുവിൽ പാർട്ടിക്ക് വഴങ്ങി; പരസ്യപ്രസ്താവന തത്കാലം നിര്‍ത്തുകയാണെന്ന് പി.വി അൻവർ

പാർട്ടിയിൽ പൂർണ വിശ്വാസമുണ്ടെന്നും നീതി ലഭിക്കും എന്ന് ഉറപ്പുണ്ടെന്നും അൻവർ എംഎൽഎ

MediaOne Logo

Web Desk

  • Updated:

    2024-09-22 16:12:24.0

Published:

22 Sep 2024 3:23 PM GMT

Finally gave in to the party; PV Anwar said that the advertisement is being stopped for the time being, latest news malayalam, ഒടുവിൽ പാർട്ടിക്ക് വഴങ്ങി; പരസ്യപ്രസ്താവന തത്കാലം നിര്‍ത്തുന്നകയാണെന്ന് പി.വി അൻവർ
X

മലപ്പുറം: തുടർച്ചയായി നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സിപിഎമ്മും തള്ളിപ്പറഞ്ഞതോടെ പാർട്ടി തീരുമാനത്തിന് വഴങ്ങാൻ തയാറായി പി.വി അൻവർ എംഎൽഎ. പരസ്യ പ്രസ്താവന തൽകാലം നിർത്തുകയാണെന്നും തന്റെ പാർട്ടിയിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും, നീതി ലഭിക്കും എന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. പാർട്ടിയാണ് എല്ലാത്തിനും മുകളിലെന്നും, സാധാരണക്കാരായ ജനങ്ങളാണ് പാർട്ടിയുടെ അടിത്തറയെന്നും അൻവർ തന്റെ കുറിപ്പിൽ പറയുന്നുണ്ട്.

അൻവറിന്റെ നിലപാടിൽ പാർട്ടിക്ക് യോജിക്കാൻ കഴിയില്ലെന്നും പാർട്ടിയെ ദുർബലപ്പെടുത്താനുള്ള സമീപനത്തിൽ നിന്നും പിന്തിരിയണമെന്ന് അഭ്യർഥിക്കുന്നതായും പാർട്ടി ഇന്ന് പ്രസ്താവനയിലൂടെ എംഎൽഎക്ക് നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് താൽകാലികമായി പരസ്യപ്രസ്താവന നിർത്തുകയാണെന്ന തീരുമാനവുമായി അൻവർ രം​ഗത്തുവന്നത്.

പൊലീസിലെ പുഴുക്കുത്തുകൾക്ക് എതിരെയാണ് പ്രവർത്തിച്ചതെന്നും സാധാരണക്കാരായ പാർട്ടി അണികളുടെയും പൊതു സമൂഹത്തിൻ്റെയും നന്മക്കായാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി. താൻ ചെയ്ത കാര്യങ്ങളിൽ കുറ്റബോധമില്ല, പിറകോട്ടുമില്ലെന്നും അൻവർ കൂട്ടിച്ചേർത്തു. എന്നാൽ കുറ്റാരോപിതർ തൽസ്ഥാനത്ത് തുടരുന്നതിനോട് വിയോജിപ്പുണ്ടെന്ന് പറഞ്ഞ അൻവർ അജിത് കുമാറിനെ വീണ്ടും ലക്ഷ്യം വച്ചു‌.

'ആരും നടക്കാത്ത വഴികളിലൂടെ നടക്കേണ്ടിവന്നു. അത് എൻ്റെ പ്രിയപ്പെട്ട സഖാക്കളെ വേദനിപ്പിച്ചിട്ടുണ്ട്. മറ്റ് വഴികൾ എനിക്ക് മുമ്പിൽ ഉണ്ടായിരുന്നില്ല. അക്കാര്യത്തിൽ നിങ്ങൾ ഒരോരുത്തരോടും ക്ഷമ ചോദിക്കുന്നു. പരാതി എഴുതി നൽകാൻ പാർട്ടി സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ ആവശ്യപ്പെട്ടിരുന്നു. അത് എഴുതി നൽകിയിട്ടുണ്ട്. സമയബന്ധിതമായ പരിശോധനകൾ ഉണ്ടാകുമെന്ന് ഇന്നും ഗോവിന്ദൻ മാഷ് വ്യക്തമാക്കിയിട്ടുണ്ട്. ഞാൻ നൽകിയ പരാതിയിൽ പരഹാരം ഉണ്ടാകും. അതിനാൽ പാർട്ടി നൽകിയ നിർദേശം ശിരസ്സാൽ വഹിക്കുന്നു'- അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.

പി.വി അന്‍വറിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ രൂപം

സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റിനോട്‌,

ഈ നാട്ടിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവർത്തകരോട്‌,

പൊതുസമൂഹത്തിനോട്‌,

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി നടക്കുന്ന സംഭവവികാസങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിരിക്കുമല്ലോ.ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ഏറെ വിഷമത്തോടെയാണ് ഈ വിഷയങ്ങളിൽ ഇടപെട്ടിരുന്നത്‌.എന്നാൽ,ഇത്‌ സാധാരണക്കാരായ പാർട്ടി അണികളുടെയും, പൊതുസമൂഹത്തിന്റെയും നന്മയ്ക്കായി ഏറ്റെടുത്ത്‌ നടത്തേണ്ടി വന്ന പ്രവർത്തനമാണ്.പൊലീസിലെ ചില പുഴുക്കുത്തുകൾക്കെതിരെയാണ് ശബ്ദമുയർത്തിയത്‌.അക്കാര്യത്തിൽ ലവലേശം കുറ്റബോധമില്ല,പിന്നോട്ടുമില്ല.

വിഷയങ്ങൾ സംബന്ധിച്ച്‌ സർക്കാരിന് നൽകിയ പരാതിയിന്മേൽ സർക്കാർ പല അടിയന്തര നടപടികളും സ്വീകരിച്ചതിൽ നിന്ന് തന്നെ വിഷയത്തിന്റെ ഗ്രാവിറ്റി വ്യക്തമാണ്.എന്നാൽ കുറ്റാരോപിതർ തൽസ്ഥാനത്ത്‌ തുടരുന്നതിനോട്‌ അന്നും,ഇന്നും വിയോജിപ്പുണ്ട്‌.അത്‌ പലതവണ വ്യക്തമാക്കിയിട്ടുമുണ്ട്‌.

ഈ നാട്ടിലെ സഖാക്കളെയും,പൊതുജനങ്ങളെയും ബാധിക്കുന്ന ഒരു ഗൗരവതരമായ വിഷയം എന്ന നിലയിലാണ് ഈ വിഷയത്തെ സമീപിച്ചത്‌.ഇക്കാര്യത്തിനായി ആരും നടക്കാത്ത വഴികളിലൂടെയൊക്കെ നടക്കേണ്ടി വന്നിട്ടുണ്ട്‌.അത്‌ എന്റെ പ്രിയപ്പെട്ട പാർട്ടി സഖാക്കളെ വേദനിപ്പിച്ചിട്ടുണ്ട്‌ എന്ന ബോധ്യമെനിക്കുണ്ട്‌.മറ്റ്‌ വഴികൾ എനിക്ക്‌ മുൻപിൽ ഉണ്ടായിരുന്നില്ല.അക്കാര്യത്തിൽ നിങ്ങൾ ഓരോരുത്തവരോടും ക്ഷമ ചോദിക്കുന്നു.

"വിഷയങ്ങൾ സംബന്ധിച്ച്‌ വിശദമായി എഴുതി നൽകിയാൽ അവ പരിശോധിക്കും" എന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി സഖാവ്‌ എം.വി.ഗോവിന്ദൻ മാസ്റ്റർ അറിയിച്ചിരുന്നു.വിശദമായ പരാതി അദ്ദേഹത്തിന് എഴുതി നൽകിയിട്ടുണ്ട്‌.ഇക്കാര്യത്തിൽ സമയബന്ധിതമായി വേണ്ട പരിശോധനകൾ ഉണ്ടാകുമെന്ന് അദ്ദേഹം "ഇന്നും" വ്യക്തമാക്കിയിട്ടുണ്ട്‌. ഇന്ന് ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌.

വിവാദ പൊലീസ്‌ ഉദ്യോഗസ്ഥന്റെ ആർഎസ്‌എസ്‌ സന്ദർശ്ശനത്തിൽ തുടങ്ങി,തൃശ്ശൂർപൂരം മുതൽ വർഗ്ഗീയത പ്രചരിപ്പിക്കുന്ന യൂട്യൂബേഴ്സിനെ സഹായിച്ചത്‌ വരെയും,സ്വർണ്ണക്കള്ളക്കടത്ത്‌ അടക്കമുള്ള മറ്റനേകം ഗുരുതരമായ വിഷയങ്ങളുമാണ് ഞാൻ ഉയർത്തിയത്‌.ഇക്കാര്യത്തിൽ "ചാപ്പയടിക്കും,മുൻ വിധികൾക്കും"(എങ്ങനെ വേണമെങ്കില്ലും വ്യാഖ്യാനിക്കാം)അതീതമായി നീതിപൂർവ്വമായ പരിശോധനയും നടപടിയും ഈ പാർട്ടി സ്വീകരിക്കും എന്ന് എനിക്ക്‌ ഉറപ്പുണ്ട്‌.

ഈ നാട്ടിലെ മതേതരത്വം നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു സമൂഹത്തിന്റെ എക്കാലത്തേയും വലിയ ആശ്രയമാണ് ഇടതുപക്ഷം.ഈ ചേരിക്ക്‌ മുന്നിൽ നിന്ന് നേതൃത്വം നൽകുന്ന പ്രസ്ഥാനമാണ് സിപിഐഎം.ഈ പാർട്ടിയോട്‌ അങ്ങേയറ്റത്തെ വിശ്വാസമുണ്ട്‌.നൽകിയ പരാതി, പാർട്ടി വേണ്ട രീതിയിൽ പരിഗണിക്കുമെന്നും,ചില പുഴുക്കുത്തുകൾക്കെതിരെ വേണ്ട നടപടികൾ സ്വീകരിക്കും എന്നും എനിക്ക്‌ ഉറപ്പുണ്ട്‌.ഇക്കാര്യങ്ങൾ എല്ലാം പാർട്ടിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്‌.

പി.വി.അൻവർ ഇടതുപാളയത്തിൽ നിന്ന് പുറത്തിറങ്ങുന്നതും നോക്കി നിൽക്കുന്ന മറ്റുള്ളവരും ചില മാധ്യമങ്ങളും ഇക്കാര്യത്തിൽ നിരാശരായേ മതിയാവൂ.ഈ പാർട്ടിയും വേറെയാണ്,ആളും വേറേയാണ്.ഞാൻ നൽകിയ പരാതികൾക്ക്‌ പരിഹാരമുണ്ടാവുമെന്ന ബോധ്യം ഇന്നെനിക്കുണ്ട്‌.ആ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ,ഒരു എളിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവർത്തകൻ എന്ന നിലയിൽ എന്റെ പാർട്ടി നൽകിയ നിർദ്ദേശം ശിരസാൽ-വഹിക്കാൻ ഞാൻ ബാധ്യസ്ഥനാണ്.

"ഈ വിഷയത്തിൽ പരസ്യ പ്രസ്താവന ഈ നിമിഷം മുതൽ ഞാൻ താത്ക്കാലികമായിഅവസാനിപ്പിക്കുകയാണ്".എന്റെ പാർട്ടിയിൽ എനിക്ക്‌ പൂർണ വിശ്വാസമുണ്ട്‌.നീതി ലഭിക്കും എന്ന ഉറപ്പെനിക്കുണ്ട്‌.

പാർട്ടിയാണ് എല്ലാത്തിനും മുകളിൽ.

സാധാരണക്കാരായ ജനങ്ങളാണ് ഈ പാർട്ടിയുടെ അടിത്തറ.

സഖാക്കളേ നാം മുന്നോട്ട്‌..

TAGS :

Next Story