വെള്ളറടയിൽ ആദിവാസികളെ തുരത്തിയോടിച്ച് ക്വാറി മാഫിയ; അനധികൃത ഖനനം തുടരുന്നു
തിരുവനന്തപുരം കൊണ്ടകെട്ടി, കൂനിച്ചി മലകളുടെ ചെരുവുകളില്‍നിന്ന് പണം കൊടുത്തും ഭീഷണിപ്പെടുത്തിയുമാണു ക്വാറി മാഫിയകൾ ആദിവാസികളെ ഒഴിപ്പിക്കുകയും അവരുടെ ഭൂമി കൈവശപ്പെടുത്തുകയും ചെയ്തത്
തിരുവനന്തപുരം: വെള്ളറടയിൽ ക്വാറി മാഫിയകൾ സൃഷ്ടിക്കുന്നത് വലിയ മാനുഷിക ദുരന്തം. ക്വാറി മാഫിയകളുടെ ഇടപെടലിനെ തുടർന്ന് പ്രദേശത്തെ ആദിവാസികൾ ഒഴിഞ്ഞുപോയി. ക്വാറികളുടെ പ്രവർത്തനം പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുകയാണ്.
വെള്ളറടയിലെ കല്പകോണം പ്രദേശം കാണി വിഭാഗത്തിൽപ്പെട്ട ആദിവാസികളുടെ ആവാസ മേഖലയായിരുന്നു. കൊണ്ടകെട്ടി, കൂനിച്ചി മലകളുടെ ചെരുവുകളിൽ ആദിവാസി താമസകേന്ദ്രങ്ങളുണ്ടായിരുന്നു. എന്നാൽ, കൊള്ളലാഭം ലക്ഷ്യമിട്ട ക്വാറിമാഫിയകൾ പ്രദേശത്ത് എത്തിയതോടെ സ്ഥിതിഗതികൾ മാറിമറിഞ്ഞു. പണം കൊടുത്തും ഭീഷണിപ്പെടുത്തിയും ആദിവാസികളെ ഒഴിപ്പിച്ചു. അവരുടെ ഭൂമി കൈവശപ്പെടുത്തി. ഇന്ന് ഒറ്റ ആദിവാസി കുടുംബം പോലും വെള്ളറടയിലില്ല.
ആദിവാസി ഭൂമിയിൽ പ്രവർത്തനമാരംഭിച്ച ക്വാറികൾ പ്രദേശവാസികളുടെ ജീവിതം ദുസ്സഹമാക്കി. പാറ പൊട്ടുന്നതിന്റെ കുലുക്കത്തിൽ വീടുകൾ വീണ്ടും കയറുകയും കിണറുകൾ കലങ്ങിമറിയുകയും ചെയ്തു. കാൽനടയാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ കഴിയാത്ത മട്ടിൽ റോഡുകൾ തകർന്നുപോയി. ലാഭം മാത്രം ലക്ഷ്യംവച്ച് ഓടിയ ലോഡ് വണ്ടികൾക്ക് മനുഷ്യരെ കുറിച്ച് യാതൊരു ആശങ്കയും ഇല്ലായിരുന്നു.
തീർത്തും അശാസ്ത്രീയമായാണ് വെള്ളറടയിൽ ഖനനം നടക്കുന്നത്. പതിനഞ്ചോടിയോളം ആഴത്തിൽ പാറ കുഴിച്ചെടുക്കുകയാണ്. പരിസ്ഥിതിലോലമായ പ്രദേശത്ത് ഇതുണ്ടാക്കാൻ പോകുന്ന ദുരന്തങ്ങളെക്കുറിച്ച് നാട്ടുകാർ ആശങ്കയുണ്ട്.
വെള്ളറടയിൽ പട്ടയഭൂമിലെ ക്വാറി അനുമതി നേടിയത് വ്യാജ രേഖകൾ ഉപയോഗിച്ചാണെന്നു കഴിഞ്ഞ ദിവസം 'മീഡിയവണ്‍' പുറത്തുവിട്ടിരുന്നു. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ക്വാറി ഉടമകൾ റവന്യൂ രേഖകൾ മറച്ചുവച്ചു. നാലര വർഷത്തേക്ക് നിരപേക്ഷ പത്രം നൽകാൻ വെള്ളറട പഞ്ചായത്തിലെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഒന്നിച്ചുനില്‍ക്കുകയായിരുന്നു.
2015ലാണ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ക്വാറി ഉടമകൾ വ്യാജ രേഖകൾ തയാറാക്കുന്നത്. ആദിവാസി ഭൂമിയാണ് എന്ന വിവരം മറച്ചുവച്ച് തഹസിൽദാറും വില്ലേജ് ഓഫീസറും ക്വാറി പ്രവർത്തിക്കുന്നതിന് എതിർപ്പില്ലെന്ന് എഴുതി നൽകി. ഈ രേഖയുടെ പിൻബലത്തിൽ ജിയോളജി അടക്കമുള്ള മറ്റു വകുപ്പുകളിൽ നിന്നും അനുമതി നേടിയെടുത്തു. ഇതെല്ലാം എൽ.എ പട്ടയഭൂമിയിൽ ക്വാറിക്ക് അനുമതി നൽകരുതെന്ന 2015ലെ ചട്ടം ലംഘിച്ചുകൊണ്ടായിരുന്നു.
ക്വാറിക്ക് അനുമതി നൽകുന്ന വിഷയം പഞ്ചായത്ത് ഭരണസമിതി പരിഗണിച്ചപ്പോൾ ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഒരുപോലെ അനുകൂലിച്ചു. 23 അംഗങ്ങളിൽ ഒരാൾ മാത്രമാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്. ഭൂമിയിലെ പട്ടയമാണെന്ന് വിഷയം അന്ന് പഞ്ചായത്ത് പരിഗണിച്ചതേയില്ലെന്ന് വിയോജിപ്പ് രേഖപ്പെടുത്തിയ വാർഡ് മെമ്പർ ലീല പറയുന്നു.
വ്യാജ രേഖകളുടെ പിൻബലത്തിൽ ലഭിച്ച അനുമതി ഉപയോഗിച്ച് പരമാവധി ഖനനം നടത്താനാണ് ക്വാറി മാഫിയ ശ്രമിച്ചത്. ദിനേന നൂറുകണക്കിന് ലോഡ് പാറ ഉത്പന്നങ്ങൾ വെള്ളറടയിൽനിന്ന് പുറത്തേക്കു പോകുന്നുണ്ട്. ക്വാറിക്കെതിരെ ഹൈക്കോടതിയിൽ നൽകിയ കേസ് റവന്യൂ അധികൃതർ കൃത്യമായി ഹാജരാക്കാത്തതിനാൽ അനന്തമായി നീളുകയാണെന്നും നാട്ടുകാർ പറയുന്നു.
Summary: Quarry mafia forced out tribals in Thiruvananthapuram's Vellarada; Illegal mining continues to threaten the lives and property of local people
Adjust Story Font
16