ക്വാറി ഖനനം: താമരശ്ശേരി ബിഷപ്പിനും പള്ളി വികാരിക്കും പിഴ
23,48,013 രൂപ പിഴയും 5000 രൂപ കോമ്പൗണ്ടിങ് ഫീസും ഉൾപ്പെടെ 23,53,013 രൂപയാണ് ജില്ലാ ജിയോളജിസ്റ്റ് പിഴയിട്ടത്. ഈ മാസം 30നകം പിഴയൊടുക്കാനാണ് നിർദേശം.
കോഴിക്കോട്: പള്ളിയുടെ പേരിലുള്ള ഭൂമിയിലെ ക്വാറിയിൽ അനധികൃത ഖനനം നടത്തിയതിന് കൂടരഞ്ഞി പുഷ്പഗിരി ലിറ്റിൽ ഫ്ളവർ ചർച്ച് വികാരിക്കും താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയലിനും പിഴ. 23,48,013 രൂപ പിഴയും 5000 രൂപ കോമ്പൗണ്ടിങ് ഫീസും ഉൾപ്പെടെ 23,53,013 രൂപയാണ് ജില്ലാ ജിയോളജിസ്റ്റ് പിഴയിട്ടത്. ഈ മാസം 30നകം പിഴയൊടുക്കാനാണ് നിർദേശം. കാത്തലിക് ലേമെൻ അസോസിയേഷൻ നൽകിയ ഹരജിയിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ജിയോളജി വകുപ്പിന്റെ നടപടി. ഈ മാസം 30നകം പിഴയൊടുക്കണം. പിഴ ചുമത്തിയ നടപടിയോട് പ്രതികരിക്കാനില്ലെന്ന് തമരശ്ശേരി രൂപതാ അധികൃതർ അറിയിച്ചു.
പുഷ്പഗിരി ലിറ്റിൽ ഫ്ളവർ ചർച്ചിന്റെ പേരിലുള്ള സ്ഥലത്തെ ക്വാറിയിലായിരുന്നു ഖനനം. 2002 മുതൽ 2010 വരെ രണ്ട് ക്വാറികളിലായി 61.900.33 ഘനമീറ്റർ കരിങ്കല്ല് ഖനനം നടത്തിയിരുന്നു. ക്വാറിക്ക് അനുമതിയുണ്ടായിരുന്നെങ്കിലും 3200 ഘനമീറ്റർ കല്ലിന് മാത്രമാണ് സർക്കാരിലേക്ക് റോയൽറ്റിയായി പണമടച്ചത്. 58,700.33 ഘനമീറ്റർ കരിങ്കല്ല് അധികം പൊട്ടിച്ചെടുത്തതായി അന്വേഷണത്തിൽ തെളിഞ്ഞു.
കാത്തലിക് ലേമെൻ അസോസിയേഷൻ സെക്രട്ടറി എം.എൽ ജോർജ്, വിൻസന്റ് മാത്യു എന്നിവർ നൽകിയ ഹരജിയിലാണ് ആവശ്യമായ നടപടി സ്വീകരിക്കാൻ ജനുവരി 25ന് ഹൈക്കോടതി ഉത്തരവിട്ടത്. തുടർന്നാണ് കഴിഞ്ഞ മാസം 31ന് ജില്ലാ ജിയോളജിസ്റ്റിന്റെ ചുമതലയുള്ള പി.സി രശ്മി പിഴയടക്കാൻ ഉത്തരവിട്ടത്. പള്ളികളുടെ മൊത്തം ചുമതലക്കാരൻ എന്ന നിലക്കാണ് ബിഷപ്പിനും പിഴയിട്ടത്.
അതേസമയം, ഈ പള്ളിയുടെ പ്രവർത്തനങ്ങളിൽ ബിഷപ്പിന് നേരിട്ട് ബന്ധമില്ലെന്നാണ് എതിർകക്ഷികൾ ജിയോളജി വകുപ്പിന്റെ ഹിയറിങ്ങിൽ അവകാശപ്പെട്ടത്. ലിറ്റിൽ ഫ്ളവർ പള്ളി, കോൺവന്റ്, എൽ.പി, യു.പി സ്കൂളുകൾ, അനാഥാലയം എന്നിവയുടെ നിർമാണത്തിനാണ് ക്വാറിയിൽ ഖനനം നടത്തിയതെന്നായിരുന്നു എതിർ കക്ഷികളുടെ നിലപാട്. 60 വർഷം മുമ്പ് പള്ളി നിർമാണത്തിനും മറ്റ് കെട്ടിട നിർമാണത്തിനും കാർഷികാവശ്യങ്ങൾക്കുമായി ഇവിടെ ഖനനം നടത്തിയെന്ന ബിഷപ്പിന്റെയും പള്ളി വികാരിയുടെയും വാദം വകുപ്പ് തള്ളിയിരുന്നു.
ക്വാറിക്ക് പിഴ ചുമത്തിയതിനെതിരെ അപ്പീൽ നൽകിയതാണെന്നും ബിഷപ്പിനെയും ഇടവകയെയും ഇകഴ്ത്താനുള്ള പ്രചാരണങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും ഇടവക ജാഗ്രതാ സമിതി പറഞ്ഞു.
Adjust Story Font
16