Quantcast

ആർ നാസർ വീണ്ടും ജില്ലാ സെക്രട്ടറി; നാല് പുതുമുഖങ്ങൾ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിലേക്ക്

കമ്മറ്റി രൂപീകരണത്തിൽ വിയോജിപ്പു പ്രകടിപ്പിക്കുന്ന രീതിയിലുള്ള ഫേസ് ബുക്ക് പോസ്റ്റുമായി കായംകുളം ഏരിയ സെക്രട്ടറി

MediaOne Logo

Web Desk

  • Updated:

    2025-01-12 13:21:07.0

Published:

12 Jan 2025 1:19 PM GMT

ആർ നാസർ വീണ്ടും ജില്ലാ സെക്രട്ടറി; നാല് പുതുമുഖങ്ങൾ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിലേക്ക്
X

ആർ നാസർ 

ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആർ നാസർ തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി മൂന്നാം തവണയാണ് നാസർ ജില്ലയിലെ പാർട്ടി നേതൃത്വത്തിലേക്ക് എത്തുന്നത്. കായംകുളം എംഎൽഎ യു പ്രതിഭ ഉൾപ്പടെ 4 പുതുമുഖങ്ങളെ കൂടി ഉൾപ്പെടുത്തി 46 അംഗ ജില്ലാകമ്മറ്റി രൂപീകരിച്ചു. അതേ സമയം, കമ്മറ്റി രൂപീകരണത്തിൽ വിയോജിപ്പു പ്രകടിപ്പിക്കുന്ന രീതിയിലുള്ള ഫേസ് ബുക്ക് പോസ്റ്റുമായി കായംകുളം ഏരിയ സെക്രട്ടറി രംഗത്തെത്തി.

യു പ്രതിഭ, മാവേലിക്കര എംഎൽഎ എംഎസ് അരുൺ കുമാർ, മാരാരിക്കുളം ഏരിയ സെക്രട്ടറി പി രഘുനാഥ്, ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രൻ എന്നിവരാണ് കമ്മറ്റിയിലെത്തിയ പുതുമുഖങ്ങൾ. കായംകുളത്തുനിന്നുള്ള എൻ ശിവദാസൻ, എം സുരേന്ദ്രൻ ,ജി വേണുഗോപാൽ, ജലജ ചന്ദ്രൻ ,വി അരവിന്ദാക്ഷൻ അടക്കം 5 പേരെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. എം സുരേന്ദ്രനെയും ജി വേണുഗോപാലനെയും പ്രായപരിധി കണക്കിലെടുത്താണ് ഒഴിവാക്കിയത്.

ഒഴിവാക്കപ്പെട്ട മറ്റു മൂന്നുപേർ ജില്ലാ സെക്രട്ടറി ആർ നാസറിന്റെ അടുത്ത അനുയായികളാണ്. ശിവദാസൻ, അരവിന്ദാക്ഷൻ എന്നിവർക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചായിരുന്നു സജി ചെറിയാൻ വിഭാഗത്തിന്റെ ഒഴിവാക്കൽ നീക്കം. അവസാന നിമിഷം വരെയും ജില്ലാ കമ്മറ്റിയിൽ ഉൾപ്പെടുമെന്ന് കരുതിയ മുൻ ഡിവൈഎഫ്ഐ ജില്ലാ നേതാവും കായംകുളം ഏരിയ സെക്രട്ടറിയുമായ അബിൻഷാ, ചേർത്തല ഏരിയ സെക്രട്ടറി വിനോദ് എന്നിവർ ഒഴിവാക്കപ്പെട്ടു. അബിൻ ഷായ്ക്ക് പകരം സജി ചെറിയാനുമായി അടുത്ത ബന്ധമുള്ള യു പ്രതിഭയാണ് കായംകുളത്ത് പരിഗണിക്കപ്പെട്ടത്. പാനൽ അവതരിപ്പിക്കപ്പെട്ട ഉടൻതന്നെ പ്രതിഷേധത്തിന്റെ സ്വരങ്ങളും ഉയർന്നു. കായംകുളം ഏരിയ സെക്രട്ടറി അബിൻഷാ മണിയടിക്കുന്നവർക്കും വഴങ്ങിനിൽക്കുന്നവർക്കും മാത്രമേ ഭാവിയുള്ളൂ എന്ന സന്ദേശം വ്യക്തമാക്കുന്ന ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചു. പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്തു. മൂന്നുദിവസമായി നടന്ന സമ്മേളനത്തിൽ മുഴുവൻ സമയവും മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. പ്രവർത്തന റിപ്പോർട്ടിംഗ് മേലുള്ള സംഘടന ചർച്ചയിൽ വിഭാഗീയ വിഷയങ്ങളോ കൊഴിഞ്ഞു പോക്കോ ചർച്ച ആയിരുന്നില്ല.


TAGS :

Next Story