വ്യാജ രേഖയുണ്ടാക്കി സർക്കാർ ജോലിക്ക് ശ്രമിച്ച ആർ. രാഖിക്ക് ജാമ്യം
കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
കൊല്ലം: വ്യാജ രേഖയുണ്ടാക്കി സർക്കാർ ജോലിക്ക് ശ്രമിച്ച കേസിലെ പ്രതി ആർ രാഖിക്ക് കോടതി ജാമ്യം അനുവദിച്ചു. കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ചൊവ്വാഴ്ച തുറന്ന കോടതിയിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.
കൈക്കുഞ്ഞുണ്ടെന്നും പരിചരിക്കാൻ താൻ അടുത്തുവേണമെന്നുമുള്ള രാഖിയുടെ ആവശ്യം പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ശനിയാഴ്ചയാണ് വ്യാജ നിയമന ഉത്തരവുമായി കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ എൽ.ഡി ക്ലർക്കായി ജോലിയിൽ പ്രവേശിക്കാനെത്തിയ രാഖിയെ അറസ്റ്റ് ചെയ്തത്. സർക്കാർ ജോലി ലഭിക്കാത്തതിന്റെ മാനസിക വിഷമത്തിലാണ് വ്യാജ രേഖകൾ സ്വയം തയ്യാറാക്കിയതെന്നാണ് യുവതിയുടെ വാദം.
എഴുകോൺ ബദാം ജങ്ഷനിൽ രാഖി നിവാസിൽ ആർ.രാഖി എൽ.ഡി ക്ലാർക്കായി ജോലിയിൽ പ്രവേശിക്കാൻ കുടുംബത്തോടൊപ്പമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പളളി താലൂക്ക് ഓഫീസിൽ എത്തിയത്. രേഖകളിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ രേഖകൾ സ്വീകരിക്കാതെ രാഖിയെ പറഞ്ഞയക്കുകയായിരുന്നു. റവന്യൂവകുപ്പിൽ ജോലി ലഭിക്കുന്നവരുടെ നിയമന ഉത്തരവിൽ ജില്ലാ കലക്ടറാണ് ഒപ്പിടുന്നത്. എന്നാൽ രാഖി നൽകിയ ഉത്തരവിൽ റവന്യൂ ഓഫീസർ എന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥൻറെ ഒപ്പായിരുന്നു ഉണ്ടായിരുന്നത്. ഇതോടെയാണ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്.
Adjust Story Font
16