Quantcast

മരിച്ച ആദിവാസി യുവാവിന്റെ കുടുംബത്തെ കണ്ട് രാഹുൽ ​ഗാന്ധി; എം.പിയുടെ വയനാട്ടിലെ സന്ദർശനം തുടരുന്നു

കുടുംബാംഗങ്ങളുടെ കൈപിടിച്ച് ആശ്വാസവാക്കുകൾ ചൊരിഞ്ഞ രാഹുൽ, കേസുമായി ബന്ധപ്പെട്ട് എല്ലാവിധ പിന്തുണയും ഉറപ്പുനൽകി.

MediaOne Logo

Web Desk

  • Updated:

    2023-02-13 07:12:51.0

Published:

13 Feb 2023 5:51 AM GMT

മരിച്ച ആദിവാസി യുവാവിന്റെ കുടുംബത്തെ കണ്ട് രാഹുൽ ​ഗാന്ധി; എം.പിയുടെ വയനാട്ടിലെ സന്ദർശനം തുടരുന്നു
X

കൽപറ്റ: ഭാരത് ജോഡോ യാത്രക്ക് ശേഷം ആദ്യമായി കേരളത്തിലെത്തിയ രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനം തുടരുന്നു. മോഷണക്കുറ്റം ആരോപിച്ച് ചോദ്യം ചെയ്തതിന് പിന്നാലെ കോഴിക്കോട് ആത്മഹത്യ ചെയ്ത ആദിവാസി യുവാവ് വിശ്വനാഥന്റെ മേപ്പാടിയിലുള്ള വീട് രാഹുൽ സന്ദർശിച്ചു.

മണിയൻകോട് അഞ്ച് വർഷം മുമ്പ് ഭർത്താവ് മരിച്ച ജിജി എന്ന യുവതിക്ക് ഡി.സി.സി നിർമിച്ചുനൽകുന്ന വീട്ടിലാണ് ആദ്യമായി രാഹുലെത്തിയത്. ആറ് അംഗങ്ങളാണ് ജിജിയുടെ വീട്ടിലുള്ളത്. ഇവരുടെ ഭർത്താവ് അജ്ഞാത വാഹനമിടിച്ചാണ് മരണപ്പെട്ടത്. 50 വയസിൽ താഴെയുള്ള വിധവകൾക്കു വേണ്ടിയാണ് ഭവനനിർമാണ പദ്ധതി നടപ്പാക്കുന്നത്. വൈകീട്ടാണ് വീടുകളുടെ താക്കോൽദാനം.

ഇവിടെ നിന്നാണ്, കോഴിക്കോട് മെഡിക്കൽ കോളജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ വീട്ടിൽ രാഹുലെത്തിയത്. ഇവിടെ ഭാര്യയേയും കുടുംബാംഗങ്ങളേയും രാഹുൽ സന്ദർശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. എന്നാൽ വിശ്വനാഥന്റേത് തൂങ്ങിമരണമല്ല, മർദിച്ചു കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇക്കാര്യം രാഹുൽ ഗാന്ധിയോടും അവർ ആവർത്തിച്ചു.

ശരീരമാകെ മുറിവുകൾ ഉണ്ടായിരുന്നെന്നും പോസ്റ്റ്‌മോർട്ടത്തിനു മുമ്പ് അനുമതി വാങ്ങിയില്ലെന്നും കുടുംബം പറഞ്ഞു. എട്ടു വർഷത്തോളം കാത്തിരുന്ന ശേഷമാണ് കുഞ്ഞുണ്ടായതെന്നും കുഞ്ഞിനെ കണ്ട് സന്തോഷത്തിലിരിക്കെ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കുടുംബം പറയുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി കമ്മീഷനും കേസെടുത്തിരുന്നു.

24 മണിക്കൂറിനകം റിപ്പോർട്ട് നൽകാൻ മെഡിക്കൽ കോളജ് സൂപ്രണ്ടിനോടും പൊലീസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. വലിയ തിരക്കാണ് രാഹുലിന്റെ സന്ദർശനത്തോടനുബന്ധിച്ച് പ്രദേശമാകെയുണ്ടായത്. കുടുംബാംഗങ്ങളുടെ കൈപിടിച്ച് ആശ്വാസവാക്കുകൾ ചൊരിഞ്ഞ രാഹുൽ, കേസുമായി ബന്ധപ്പെട്ട് എല്ലാവിധ പിന്തുണയും ഉറപ്പുനൽകി.

ഭാര്യയുടെ പ്രസവത്തിനു വേണ്ടിയാണ് യുവാവ് മെഡിക്കൽ കോളജിലെത്തിയത്. എന്നാൽ ഇവിടെ വച്ച് മോഷണം ആരോപിച്ച് ചിലർ തടഞ്ഞുവയ്ക്കുകയും മർദിക്കുകയുമായിരുന്നു എന്നാണ് പരാതി. തുടർന്നാണ് പിറ്റേന്ന് മരിച്ച നിലയിൽ കാണുന്നത്. മരത്തിൽ 15 മീറ്റർ ഉയരത്തിലായിരുന്നു തൂങ്ങിയ നിലയിൽ‍ മൃതദേഹം.

ഇനി കലക്ടറേറ്റിലെ യോഗത്തിൽ പങ്കെടുക്കുന്ന രാഹുൽ, കടുവയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായ തോമസിന്റെ വീട് ഉച്ചകഴിഞ്ഞ് സന്ദർശിക്കും. തുടർന്ന് മീനങ്ങാടിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും. ഇന്നല കരിപ്പൂരിൽ ഇറങ്ങിയ രാഹുൽ ഗാന്ധിക്ക് വൻ സ്വീകരണമാണ് പ്രവർത്തകർ നൽകിയത്.





TAGS :

Next Story