മോദി ഇന്ത്യയിലെ ഒരാൾ മാത്രമാണ്, പ്രധാനമന്ത്രിയല്ല ഇന്ത്യ: രാഹുൽ ഗാന്ധി
''ജനാധിപത്യ സംവിധാനത്തെയും രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെയും ആക്രമിക്കുന്ന ബി.ജെ.പിയും ആർ.എസ്.എസുമാണ് ഇന്ത്യയെ ആക്രമിക്കുന്നത്. ഒരു കാരണവശാലും ഇത് തുറന്നുപറയുന്നത് ഞാൻ നിർത്തില്ല''
രാഹുൽ ഗാന്ധി
കോഴിക്കോട്: പ്രധാനമന്ത്രിക്കും ബി.ജെ.പിക്കുമെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. മോദിയും ബി.ജെ.പിയും വിചാരിക്കുന്നത് അവരാണ് ഇന്ത്യയെന്നാണ്. എന്നാൽ, പ്രധാനമന്ത്രി ഇന്ത്യയിലെ ഒരു പൗരൻ മാത്രമാണ്. ഇന്ത്യയിലെ 140 കോടി ജനങ്ങളാണ് രാജ്യമെന്ന് ബി.ജെ.പിയും ആർ.എസ്.എസും മറന്നുപോയിരിക്കുന്നു. സംഘ്പരിവാറിനെയോ പ്രധാനമന്ത്രിയെയോ രാഷ്ട്രീയമായി വിമർശിച്ചാൽ അതിനെ ഇന്ത്യയെ വിമർശിക്കലായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മുക്കത്ത് കോൺഗ്രസ് ബഹുജന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ സംവിധാനത്തെയും രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെയും ആക്രമിക്കുന്ന ബി.ജെ.പിയും ആർ.എസ്.എസുമാണ് ഇന്ത്യയെ ആക്രമിക്കുന്നത്. ഒരു കാരണവശാലും ഇത് തുറന്നുപറയുന്നത് താൻ നിർത്തില്ല. പലരും ബി.ജെ.പി, ആർ.എസ്.എസ്, പൊലീസ് എന്നൊക്കെ കേൾക്കുമ്പോൾ ഭയപ്പെടുന്നവരാണ്. എന്നാൽ തനിക്ക് അൽപ്പം പോലും ഭയമില്ലെന്നും രാഹുൽ പറഞ്ഞു.
തനിക്ക് സത്യത്തിൽ പൂർണമായ വിശ്വാസമുണ്ട്. എത്ര തവണ പൊലീസിനെ തന്റെ വീട്ടിലേക്ക് അയക്കുന്നുവെന്നത് എനിക്ക് പ്രശ്‌നമല്ല, എത്ര കേസുകൾ ചുമത്തുന്നു എന്നത് പ്രശ്‌നമല്ല. എത്ര ആക്ഷേപിച്ചാലും സത്യം പറയുന്നത് തുടരുക തന്നെ ചെയ്യുമെന്ന് രാഹുൽ വ്യക്തമാക്കി.
Adjust Story Font
16