Quantcast

'വയനാട്ടിൽ ഒരു പ്രശ്നവുമില്ല, സഞ്ചാരികൾ വരണം'; സിപ് ലൈനിൽ കയറി രാഹുൽ, ഒപ്പം പ്രിയങ്കയും

ഉരുള്‍പൊട്ടല്‍ ചെറിയ ഭാഗത്തെ മാത്രമാണ് ബാധിച്ചത്. അതിന്റെ പേരില്‍ ടൂറിസം മേഖല തകരാന്‍ പാടില്ലെന്നാണ് രാഹുൽ വീഡിയോയിൽ പറയുന്നത്

MediaOne Logo

Web Desk

  • Updated:

    2024-11-12 17:10:48.0

Published:

12 Nov 2024 5:09 PM GMT

രാഹുൽ ഗാന്ധി
X

വയനാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോൾ വയനാട്ടില്‍ സിപ് ലൈനില്‍ കയറിയ വീഡിയോ പങ്കുവെച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കാരാപുഴയിലെ അഡ്വഞ്ചര്‍ പാര്‍ക്കിലെ സിപ് ലൈനിലാണ് രാഹുല്‍ കയറിയത്. വയനാട്ടില്‍ ഒരു പ്രശ്‌നവുമില്ല. ഉരുള്‍പൊട്ടല്‍ ചെറിയ ഭാഗത്തെ മാത്രമാണ് ബാധിച്ചത്. അതിന്റെ പേരില്‍ ടൂറിസം മേഖല തകരാന്‍ പാടില്ലെന്നാണ് രാഹുൽ വീഡിയോയിൽ പറയുന്നത്.

രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധി, പ്രിയങ്കയുടെ മകന്‍ റെയ്ഹാന്‍ വാദ്ര, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കൽപറ്റ എംഎല്‍എ ടി.സിദ്ധിഖ് എന്നിവരുമുണ്ട്. പാർക്കിലെത്തിയ രാഹുൽ ഉരുൾപൊട്ടൽ ടൂറിസത്തേയും അതുമായി ബന്ധപ്പെട്ട ജോലികളേയും ബാധിച്ചോയെന്ന് ജീവനക്കാരോട് ചോദിച്ചറിയുന്നുണ്ട്. വയനാട്ടിലേക്ക് വരുന്നത് സുരക്ഷിതമല്ലെന്ന് സഞ്ചാരികള്‍ കരുതുന്നതായും ദുരന്തത്തിന് ശേഷം ദുരിതത്തിലായെന്നുമാണ് രാഹുലിന് അവരിൽ നിന്ന് കിട്ടുന്ന മറുപടി.

രാഹുല്‍ സിപ് ലൈനില്‍ കയറുന്നത് വലിയ സഹായവും പ്രമോഷനുമാവുമെന്നും ജീവനക്കാര്‍ പറയുന്നുണ്ട്. ഇതിനുപിന്നാലെയാണ് രാഹുൽ സിപ് ലൈനിൽ കയറാൻ തയ്യാറാകുന്നത്. അതിനിടെ, തെരുവ് കച്ചവടക്കാരനില്‍നിന്ന് കപ്പലണ്ടി വാങ്ങുന്നതും വീഡിയോയിൽ കാണാം. ജീപ്പ് യാത്രക്കിടെ താൻ ഋഷികേശില്‍ ഗംഗയ്ക്ക് കുറുകേയുള്ള സിപ് ലൈനില്‍ കയറിയ അനുഭവം പ്രിയങ്ക പങ്കുവെക്കുന്നുണ്ട്. മകള്‍ മിറായയ്‌ക്കൊപ്പമാണ് അന്ന് സിപ് ലൈനിൽ കയറിയതെന്നും അത് നന്നായി ആസ്വദിച്ചെന്നും പ്രിയങ്ക വ്യക്തമാക്കുന്നുമുണ്ട്.

ടൂറിസത്തെ ഉരുള്‍പൊട്ടല്‍ മോശമായി ബാധിച്ചു. മൂന്നു മാസമായി ഹോം സ്‌റ്റേ ഉടമകള്‍ അടക്കം ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും ബുദ്ധിമുട്ടുന്നു. വയനാട് സുരക്ഷിതമാണ്. വളരേ മനേഹരമാണ്, ആളുകൾ വരണമെന്നുമാണ് പ്രിയങ്ക വീഡിയോയിലൂടെ ആഹ്വാനം ചെയ്യുന്നത്.

വയനാട്ടിൽ ജനം നാളെയാണ് വിധിയെഴുതുന്നത്. മണ്ഡലത്തിന്റെ ചരിത്രവും അണികളുടെ ആവേശവും സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ വ്യക്തിപ്രഭാവവുമാണ് യുഡിഎഫിന്റെ ആത്മവിശ്വാസം. പ്രതീക്ഷിക്കുന്നത് അഞ്ചുലക്ഷം ഭൂരിപക്ഷമാണ്. കഴിഞ്ഞ ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിൽ 3,64000 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു രാഹുൽ ഗാന്ധിയുടെ ജയം.

TAGS :

Next Story